Tuesday, January 28, 2025
Sports

റൊണാൾഡോയെ കാണാൻ ആരാധകൻ 13,000 കിലോമീറ്റർ സൈക്കിൾ ചവിട്ടി സൗദിയിലെത്തി

ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ലോകമെമ്പാടും ആരാധകരുണ്ട്. രാജ്യത്തിന്റെ അതിർവരമ്പുകളൊന്നും ആരാധകർക്ക് തങ്ങളുടെ പ്രിയതാരത്തോടുള്ള ഇഷ്ടത്തിന് വേലിക്കെട്ടുകൾ തീർക്കുന്നില്ല. ഇപ്പോൾ അദ്ദേഹത്തിന്റെ ഒരു ആരാധകൻ ഇതു അടവരയിട്ട് തെളിയിക്കുകയാണ്. ചൈനീസ് ആരാധകനായ 24 കാരൻ താരത്തെ കാണാൻ ചൈനയിൽ നിന്ന് ഏഴുമാസം സൈക്കിൾ ചവിട്ടിയാണ് സൗദിയിലെത്തിയത്. ഏകദേശം 13,000 കിലോ മീറ്റർ ദൂരമാണ് ഗോങ് ഇഷ്ടതാരത്തെ കാണാൻ സൈക്കിളിൽ യാത്ര ചെയ്തത്.മാർച്ച് 18ന് ആരംഭിച്ച യാത്ര ഒക്ടോബർ 20നാണ് സൗദിയിലെ അൽ നാസർ ഫുട്ബോൾ ക്ലബ്ബിന് മുന്നിലെത്തിയത്. സിൻചിയാങിൽ നിന്ന് കസാഖിസ്ഥാനിലെത്തി. പിന്നീട് ആറുരാജ്യങ്ങൾ കടന്നാണ് ഗോങ് സൗദിയിലെത്തിയത്.ജോര്‍ജിയ, ഇറാൻ, ഖത്തർ തുടങ്ങി ആറു രാജ്യങ്ങളിലൂടെ സൈക്കിൾ ചവിട്ടിയാണ് റൊണാൾഡോയുടെ നിലവിലെ താവളമായ സൗദി തലസ്ഥാനമായ റിയാദിൽ ഗോങ് എത്തിയത്. ഒട്ടേറെ തടസങ്ങൾ യാത്രക്കിടെ ഗോങ്ങിന് നേരിടേണ്ടിവന്നു.ഓരോ പ്രദേശത്തെയും ആളുകളോടുള്ള ആശയവിനിമയം, പണം കുറവായതിനാൽ ചെലവ് കുറഞ്ഞ ഭക്ഷണം കണ്ടെത്തുക, ഇത്രയേറെ ദൂരം സൈക്കിള്‍ ചവിട്ടിയതിന്റെ ക്ഷീണം എന്നിങ്ങനെയുള്ള പ്രതിബന്ധങ്ങളെയെല്ലാം അദ്ദേഹത്തിന് മറികടക്കേണ്ടിവന്നു.ഫെബ്രുവരിയിൽ പരിക്കേറ്റതിനെ തുടർന്ന് ചൈനയിലേക്കുള്ള യാത്ര റൊണാൾഡോ റദ്ദാക്കിയതിന് പിന്നാലെയാണ് റിയാദിലേക്ക് സൈക്കിൾ ചവിട്ടുക എന്ന ആശയം ഗോങ്ങിന്റെ തലയിലുദിച്ചത്.രണ്ട് 60,000 mAh പവർ ബാങ്കുകൾ, ഒരു കൂടാരം, പാചക പാത്രങ്ങൾ, വസ്ത്രങ്ങൾ എന്നിവയെല്ലാം വഹിച്ചുകൊണ്ടായിരുന്നു 13,000 കിലോ മീറ്റർ ഗോങ് താണ്ടിയത്.  ഭക്ഷണ വസ്തുക്കൾക്ക് വിലക്കൂടുതലുള്ള രാജ്യങ്ങളിൽ റൊട്ടി മാത്രം കഴിച്ചാണ് ഗോങ് ദിവസങ്ങൾ തള്ളിനീക്കിയത്.
വിവർത്തന സോഫ്റ്റ് വെയർ ഉപയോഗിച്ച് ആളുകളുമായി സംസാരിച്ചു. ഓഗസ്റ്റിൽ അർമേനിയയിലായിരിക്കെ കടുത്ത പനി ബാധിച്ച് റോഡരികിൽ കുഴഞ്ഞുവീണു. ആശുപത്രിയിൽ സൗജന്യ ചികിത്സ ലഭിച്ചതായി അദ്ദേഹം പറയുന്നു.ചൈനയിൽ നിന്ന് സൗദിയിലേക്കുള്ള ദുഷ്‌കരമായ യാത്ര ഗോങ്ങിനെ കൂടുതൽ പക്വതയും ക്ഷമയും ഉള്ളവനാക്കി, അതേസമയം തന്നെ പുതിയ സുഹൃത്തുക്കളെ ഉണ്ടാക്കാൻ സഹായിക്കുകയും ചെയ്തു. ഒക്ടോബർ 10 ന് റിയാദിലെത്തിയപ്പോൾ, റൊണാൾഡോ യൂറോപ്പിൽ ആയിരുന്നതിനാൽ തന്റെ ആരാധനാപാത്രത്തെ കാണാൻ കുറച്ച് ദിവസം കാത്തിരിക്കേണ്ടി വന്നു. അൽ നാസർ എഫ്‌സി സ്റ്റാഫ് സഹകരിച്ചു, ഒരു മിനിറ്റ് താരവുമായി മീറ്റിംഗിന് അവസരം ഒരുക്കാമെന്ന് വാഗ്ദാനം ചെയ്തു.ഒടുവിൽ റൊണാൾഡോയെ കാണാനെത്തിയപ്പോൾ, താരം തന്റെ പ്രിയ ആരാധകനെ ആലിംഗനം ചെയ്തു. അൽ നാസർ നമ്പർ 7 ജേഴ്‌സിയിൽ ഒപ്പുവച്ചുവെന്ന് അദ്ദേഹം പറയുന്നു. ഗോങ്ങിന്റെ സുഹൃത്തുക്കളുടെ പേരുകളുള്ള ഒരു ബാനറിലും താരം ഒപ്പുവച്ചു.


Leave a Reply

Your email address will not be published. Required fields are marked *