Sunday, December 8, 2024
Sports

ധോണിയെ പിന്നിലാക്കി പന്ത്; ടെസ്റ്റ് ക്രിക്കറ്റിൽ അതിവേഗം 2500 റൺസ് നേടുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പറെന്ന റെക്കോഡ് ഋഷഭ് പന്തിന് സ്വന്തം

ഒരു റൺസ് അകലെ സെഞ്ച്വറി നഷ്ടമായെങ്കിലും ന്യൂസിലൻഡിനെതിരെ ബെംഗളുരുവിൽ നടന്ന ടെസ്റ്റിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് തകർത്തത് ഒരു ഇന്ത്യൻ റെക്കോഡാണ്. 99 റൺസെടുത്ത് പുറത്തായെങ്കിലും ടെസ്റ്റ് ക്രിക്കറ്റിൽ അതിവേഗം 2500 റൺസ് നേടുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പറായിരിക്കുകയാണ് പന്ത്. 62 ഇന്നിംഗ്സുകളിൽ നിന്നാണ് പന്ത് 2500 റൺസ് നേടിയത്.

69 ഇന്നിംഗ്സുകളിൽ നിന്ന് 2500 റൺസ് നേടിയ ധോണിയെ പിന്നിലാക്കിയാണ് പന്ത് നേട്ടം കൈവരിച്ചത്. അതിവേഗം 2500 റൺസ് നേടിയ ഇന്ത്യൻ വിക്കറ്റ് കീപ്പർമാരുടെ നിരയിൽ മൂന്നാം സ്ഥാനത്തുള്ളത് ഫറൂഖ് എൻജിനിയറാണ്. 82 ഇന്നിംഗ്സുകളിൽ നിന്നാണ് ഫറൂഖ് എൻജിനിയർ 2500 റൺസ് നേടിയത്.

62 ഇന്നിംഗ്സുകളിൽ 2500 റൺസ് എന്ന നേട്ടം കൈവരിച്ചതോടെ 92 വർഷത്തെ ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിൽ ആദ്യമായി 65 ഇന്നിംഗ്സുകളിൽ താഴെ 2500 റൺസ് നേടുന്ന ആദ്യ താരമെന്ന ബഹുമതിയും പന്തിന്റെ പേരിലായി. സെഞ്ച്വറി നേടിയിരുന്നെങ്കിൽ ഇന്ത്യക്കു വേണ്ടി ടെസ്റ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന വിക്കറ്റ് കീപ്പറെന്ന റെക്കോഡും ഈ മത്സരത്തിൽ പന്തിന്റെ പേരിലായേനെ. ധോണിക്കും പന്തിനും ആറ് സെഞ്ച്വറികൾ വീതമാണുള്ളത്.

36 ടെസ്റ്റുകളിൽ നിന്നായി 2551 റൺസാണ് പന്തിന്റെ പേരിലുള്ളത്.ഇതിൽ 6 സെഞ്ച്വറികളും 12 അർദ്ധസെഞ്ച്വറികളും ഉൾപ്പെടുന്നു. ന്യൂസിലന്‍ഡ് ഇന്നിംഗ്സിനിടെ
ഋഷഭ് പന്തിന്റെ കാൽ മുട്ടിന് പരിക്കേറ്റിറുന്നു. അതുകൊണ്ടുതന്നെ മൂന്നാം ദിനം വിക്കറ്റ് കീപ്പിംഗിനായി പന്ത് ഇറങ്ങിയിരുന്നില്ല. പരിക്ക് വകവെയ്ക്കാതെയാണ് നാലാം ദിനം പന്ത് ബാറ്റിംഗിന് ഇറങ്ങിയത്.
231 ന് 3 എന്ന നിലയിയിൽ നാലാം ദിനം ബാറ്റിംഗിന് ഇറങ്ങിയ ടീം ഇന്ത്യ സർഫറാസ് ഖാന്റെ സെഞ്ചുറിയുടെയും ഋഷഭ് പന്തിന്റെ അർദ്ധ സെഞ്ചുറിയുടെയും കരുത്തിലാണ് ന്യൂസിലൻഡ് ഉയർത്തിയ 356 എന്ന കൂറ്റൻ ലീഡ് മറികടന്നത്. ഇരുവരും കൂടി നാലാം വിക്കററ്റിൽ 177 റൺസിന്റെ കൂട്ടുകെട്ടാണ് ഉയർത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *