‘ജോലിയില്‍ പ്രമോഷന്‍ കിട്ടാന്‍ കൊതിക്കുന്നുണ്ടോ? ഇതൊന്ന് പരീക്ഷിച്ചുനോക്കുവെന്ന് ഗൂഗിള്‍ വിദഗ്ധ
ടെക് ഭീമനായ ഗൂഗിളിന്റെ എക്‌സിക്യൂട്ടീവ് പ്രോഡക്ടിവിറ്റി ഉപദേശകയായ ലോറ മേ മാര്‍ട്ടിന്‍ ഈയടുത്ത് നടത്തിയ വെളിപ്പെടുത്തല്‍ ഏറെ ചര്‍ച്ചയായിരുന്നു. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്ക് തങ്ങളുടെ ജോലിയില്‍ പ്രമോഷന്‍ ലഭിക്കുന്നതിന് വികസിപ്പിച്ചെടുക്കേണ്ട കഴിവിനെപ്പറ്റിയാണ് അവര്‍ സംസാരിച്ചത്. സിഎന്‍ബിസിയോടായിരുന്നു ലോറയുടെ പ്രതികരണം.
പ്രോഡക്ടിവിറ്റി ഉപദേശക എന്ന നിലയില്‍ സമ്മര്‍ദ്ദമില്ലാതെ ജോലി ചെയ്യാന്‍ ഗൂഗിളിലെ ജീവനക്കാരെയും എക്‌സിക്യൂട്ടിവുകളെയും സഹായിക്കുകയെന്നതാണ് ലോറയുടെ പ്രധാന ഉത്തരവാദിത്തം. സ്മാര്‍ട്ട് വര്‍ക്കിലൂടെ എങ്ങനെ വിജയം സ്വന്തമാക്കാമെന്ന് ലോറ ജീവനക്കാരെ പഠിപ്പിക്കുന്നു. ഇതിനുപിന്നാലെയാണ് പ്രമോഷന്‍ ലഭിക്കാന്‍ ജീവനക്കാര്‍ വികസിപ്പിക്കേണ്ട നമ്പര്‍ വണ്‍ കഴിവിനെപ്പറ്റി ലോറ മനസുതുറന്നത്.
കഴിഞ്ഞ പതിനാല് വര്‍ഷമായി ഗൂഗിളില്‍ താന്‍ ജോലി ചെയ്തുവരികയാണെന്നും ലോറ സിഎന്‍ബിസിയോട് പറഞ്ഞു. ഉല്പാദനക്ഷമതയെപ്പറ്റി പരിശോധിക്കുമ്പോള്‍ ജീവനക്കാര്‍ കൂടുതല്‍ ജോലി ചെയ്യുന്നത് ശ്രദ്ധയില്‍പ്പെടുന്നുണ്ടെന്ന് ലോറ പറഞ്ഞു. കൃത്യമായ മുന്‍ഗണനകള്‍ (Priority) ഒരുക്കി പ്രവര്‍ത്തിക്കുന്നതാണ് വ്യക്തമല്ലാത്ത ലക്ഷ്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതിനെക്കാള്‍ നല്ലതെന്നും ലോറ പറഞ്ഞു.
ലക്ഷ്യത്തെക്കാള്‍ മുന്‍ഗണനകള്‍ക്ക് പ്രാധാന്യം നല്‍കണമെന്നും ലോറ പറഞ്ഞു. അതായത് അടുത്ത വര്‍ഷം മാനേജര്‍ പദവിയിലേക്ക് സ്ഥാനക്കയറ്റം കിട്ടുകയെന്നതാണ് ലക്ഷ്യമെങ്കില്‍ അതിനാവശ്യമായ നേതൃപരമായ കഴിവുകള്‍ വികസിപ്പിക്കുന്നതിനായി ടീം പ്രോജക്ടുകള്‍ ഏറ്റെടുക്കാന്‍ സന്നദ്ധത പ്രകടിപ്പിക്കുകയെന്നതിന് മുന്‍ഗണന നല്‍കണമെന്ന് ലോറ പറഞ്ഞു. പ്രമോഷന്‍ ലഭിക്കുകയെന്ന നിങ്ങളുടെ അതാര്യമായ ലക്ഷ്യം കൈവരിക്കുന്നതിന് ഉടനടി സ്വീകരിക്കേണ്ട തന്ത്രപ്രധാനമായ കാര്യമാണ് പ്രോജക്ട് ടീമിനെ നയിക്കുകയെന്നത്. അതിനായിരിക്കണം നിങ്ങള്‍ മുന്‍ഗണന നല്‍കേണ്ടതെന്നും ലോറ പറഞ്ഞു.
കൂടാതെ ‘നോ’ പറയുന്നത് കൂടുതല്‍ സാധാരണമാക്കുന്നതിന് പ്രാധാന്യം നല്‍കണമെന്നും ലോറ പറഞ്ഞു. ജോലിയുമായി ബന്ധപ്പെട്ട കാര്യത്തില്‍ പലര്‍ക്കും നോ പറയാന്‍ സാധിക്കുന്നില്ലെന്ന് താന്‍ കണ്ടെത്തിയതായി ലോറ പറഞ്ഞു. നോ പറയുന്നതിന് വ്യക്തമായ കാരണവും പറയാന്‍ കഴിയണമെന്ന് ലോറ വ്യക്തമാക്കി.
’’ നിങ്ങളുടെ സഹപ്രവര്‍ത്തകര്‍ക്ക് പിന്തുണ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനോടൊപ്പം നിങ്ങള്‍ മുന്‍ഗണന നല്‍കുന്ന വിഷയങ്ങളും സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. സമയം വളരെ പരിമിതമാണ്,’’ ലോറ പറഞ്ഞു.
നേരത്തെ ഗൂഗിളില്‍ ജോലി ലഭിക്കാന്‍ ഉദ്യോഗാര്‍ഥികള്‍ക്ക്, പ്രത്യേകിച്ച് എഞ്ചിനീയര്‍മാര്‍ക്ക് വേണ്ട യോഗ്യതകള്‍ എന്തൊക്കെയാണെന്ന് വിശദീകരിച്ച് ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റിന്റെ സിഇഒ സുന്ദര്‍ പിച്ചൈ (Sunder Pichai) രംഗത്തെത്തിയിരുന്നു. ‘ഡേവിഡ് റൂബെന്‍സ്റ്റെയിന്‍ ഷോ; പിയര്‍ ടു പിയര്‍ കോണ്‍വര്‍സേഷന്‍’ എന്ന അഭിമുഖ പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗൂഗിളില്‍ ജോലി ലഭിക്കാന്‍ സാങ്കേതികപരമായി മികവുണ്ടായാല്‍ മാത്രം പോരെന്നും ഏതൊരു സാഹചര്യവുമായി പെട്ടെന്ന് ഇണങ്ങിച്ചേരാനും പുതിയ കാര്യങ്ങള്‍ വേഗത്തില്‍ പഠിച്ചെടുക്കാന്‍ താത്പര്യമുണ്ടാകണമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന ഓഫീസ് പരിതസ്ഥിതിയില്‍ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുന്ന സൂപ്പര്‍ സ്റ്റാര്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാരെയാണ് കമ്പനി തിരയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഗൂഗിളിലെ ജോലി സ്ഥലത്തെ സംസ്‌കാരം സര്‍ഗാത്മകതയും പുതുമയും എങ്ങനെയാണ് വളര്‍ത്തുന്നത് എന്നതിനെക്കുറിച്ചും പിച്ചൈ സംസാരിച്ചു. ജീവനക്കാര്‍ക്ക് കമ്പനി സൗജന്യമായി ഭക്ഷണം നല്‍കുന്നുണ്ട്. ഇത്തരം ആനുകൂല്യങ്ങള്‍ സമൂഹത്തെ വളര്‍ത്താനും സര്‍ഗാത്മകത വര്‍ധിപ്പിക്കാനും സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഗൂഗിളില്‍ താന്‍ ജോലിക്ക് ചേര്‍ന്ന ആദ്യനാളുകളില്‍ കമ്പനിയുടെ കഫേയില്‍ കണ്ടുമുട്ടിയ ചിലയാളുകള്‍ തന്നെ ആവേശകരമായ പുതിയ ആശയങ്ങളിലേക്ക് നയിച്ചത് എങ്ങനെയാണെന്നും പിച്ചൈ വിവരിച്ചു. ഇത്തരം സംരംഭങ്ങളുടെ നേട്ടങ്ങള്‍ അവയുണ്ടാക്കുന്ന അനുബന്ധ ചെലവുകളേക്കാള്‍ വളരെ കൂടുതലാണെന്ന് പറഞ്ഞ അദ്ദേഹം ഇത് ഗൂഗിളില്‍ പരസ്പരം സഹകരിച്ചുകൊണ്ടുള്ള ഒരു സംസ്‌കാരം രൂപപ്പെടുത്തുന്നതില്‍ അവരുടെ പങ്ക് എടുത്തുകാണിക്കുന്നതായും പറഞ്ഞു.