Sunday, December 8, 2024
Technology

ആൻഡ്രോയ്‌ഡ് 16 പണിപ്പുരയിൽ: അടുത്ത വർഷം പുറത്തിറക്കുമെന്ന് ഗൂഗിൾ

ആൻഡ്രോയ്‌ഡ് 16 ഒഎസ് അടുത്ത വർഷം പകുതിയാവുമ്പോഴേക്കും പുറത്തിറക്കുമെന്ന് ഗൂഗിൾ.

ഹൈദരാബാദ്: ആൻഡ്രോയ്‌ഡ് 16 ഓപ്പറേറ്റിങ് സിസ്റ്റം പുറത്തിറക്കാനൊരുങ്ങി ഗൂഗിൾ. അടുത്ത വർഷം പകുതിയാവുമ്പോഴേക്കും പുറത്തിറക്കുമെന്നാണ് വിവരം. നിലവിലുള്ള ആൻഡ്രോയ്‌ഡ് ഒഎസിൻ്റെ ഏറ്റവും പുതിയ പതിപ്പിൽ നിന്നും തികച്ചും വ്യത്യസ്‌തമായിരിക്കും ആൻഡ്രോയ്‌ഡ് 16 എന്നാണ് സൂചന. കഴിഞ്ഞ ഒക്‌ടോബറിലാണ് ആൻഡ്രോയ്‌ഡ് 15 ഓപ്പറേറ്റിങ് സിസ്റ്റം പുറത്തിറക്കിയത്. ഇതിന് പിന്നാലെ ആൻഡ്രോയ്‌ഡ് 16 പുറത്തിറക്കാനുള്ള പണി തുടങ്ങിയിരിക്കുകയാണ് ഗൂഗിൾ.

സുരക്ഷയ്‌ക്കും സ്വകാര്യതയ്‌ക്കും കൂടുതൽ ഊന്നൽ നൽകി കൊണ്ടാണ് അടുത്തിടെ ആൻഡ്രോയ്‌ഡ് 15 പുറത്തിറക്കിയിരിക്കുന്നത്. ഗൂഗിൾ പിക്‌സൽ ഫോണുകളിലാണ് ആദ്യമായി ആൻഡ്രോയ്‌ഡ് 15 അപ്‌ഡേറ്റ് അവതരിപ്പിച്ചത്. ഇത്തരത്തിൽ തെരഞ്ഞെടുത്ത മോഡലുകളിൽ മാത്രമല്ലാതെ എല്ലാ ഫോണുകളിലേക്കും പുതിയ ആൻഡ്രോയ്‌ഡ് 16 ഓപ്പറേറ്റിങ് സിസ്റ്റം എത്തിക്കാനുള്ള ഒരുക്കത്തിലാണ് ഗൂഗിൾ.

കമ്പനിയുടെ റിലീസ് ടൈംലൈനിൽ പറയുന്നത് 2025ന്‍റെ രണ്ടാം പാദത്തിൽ(Q2) ഒരു പ്രധാന റിലീസ് ഉണ്ടാകുമെന്നാണ്. 2025 അവസാനത്തോടെ ഒരു ചെറിയ റിലീസ് ഉണ്ടാകുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ടൈംലൈൻ അനുസരിച്ച് 2025ന്‍റെ ഒന്നാം പാദത്തിൽ നിലവിലുള്ള ഓപ്പറേറ്റിങ് സിസ്റ്റത്തിൽ അപ്‌ഡേഷൻ കൊണ്ടുവരും. രണ്ടാം പാദത്തിലായിരിക്കും പുതിയ ഓപ്പറേറ്റിങ് സിസ്റ്റം അവതരിപ്പിക്കുക.

പിന്നീട് 2025 അവസാനത്തേക്ക് ചെറിയ റിലീസുകൾ ഉണ്ടായിരിക്കുമെന്നും ടൈംലൈനിൽ പറയുന്നു. ഇതിൽ പുതിയ ആൻഡ്രോയ്‌ഡ് ഫീച്ചറുകളും ബഗ് ഫിക്‌സിങും ആയിരിക്കും ഉണ്ടാകുക. ആപ്പിൽ വലിയ മാറ്റങ്ങളൊന്നും വരുത്തുന്ന തരത്തിലുള്ള അപ്‌ഡേഷനുകൾ 2025 അവസാന പാദത്തിലെ റിലീസിൽ ഉണ്ടാവില്ലെന്നാണ് വിവരം.

ഈ വർഷമാദ്യമാണ് ആൻഡ്രോയിഡ് 14 ഒഎസിൽ പ്രവർത്തിക്കുന്ന പിക്‌സൽ 9 സീരീസ് ഫോണുകൾ ഗൂഗിൾ പുറത്തിറക്കിയത്. ഒക്ടോബറിൽ പിക്‌സൽ ഫോണുകൾ ആൻഡ്രോയിഡ് 15-ലേക്ക് അപ്‌ഡേറ്റ് ചെയ്യാനായി. 2025ൽ പിക്‌സൽ 10 സീരീസ് പുറത്തിറക്കുമ്പോൾ ആൻഡ്രോയ്‌ഡ് 16 ഒഎസ് ഉൾപ്പെടുത്തുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *