International NewsLatest

അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനം. 600 ൽ അധികം മരണം.

1500ലധികം പേർക്ക് പരിക്കേറ്റു. ആയിരത്തിലധികം വീടുകൾ തകർന്നു.

കാബൂൾ: അഫ്ഗാനിസ്താനിലെ കിഴക്കൻ ഭാഗങ്ങളിൽ ഞായറാഴ്ച രാത്രി ഉണ്ടായ ശക്തമായ ഭൂചലനത്തിൽ കുറഞ്ഞത് 622 പേർ മരണപ്പെട്ടു, 1500-ത്തിലധികം പേർക്ക് പരിക്കേറ്റു. കുനാർ, നംഗർഹാർ പ്രവിശ്യകളിലാണ് ഏറ്റവും വലിയ നാശനഷ്ടം റിപ്പോർട്ട് ചെയ്തത്.

കുനാറിൽ മാത്രം 610 പേർ മരിക്കുകയും 1300-ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ സ്ഥിരീകരിച്ചു. നംഗർഹാറിൽ ഏകദേശം 12 പേരുടെ മരണവും നൂറുകണക്കിന് പരിക്കുകളും റിപ്പോർട്ട് ചെയ്തു.

6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം 10 കിലോമീറ്റർ ആഴത്തിലാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഭൂചലനത്തിന്റെ ആഘാതത്തിൽ മണ്ണും കല്ലും കൊണ്ട് നിർമ്മിച്ചിരുന്ന ആയിരക്കണക്കിന് വീടുകൾ നിലംപൊത്തി. നിരവധി ഗ്രാമങ്ങൾ പൂർണമായും തകർന്നുവീണു.

രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്ന തരത്തിൽ മലഞ്ചരിവുകളിൽ മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്. പരിക്കേറ്റവരെ ഹെലികോപ്റ്ററുകൾ വഴി ആശുപത്രികളിലേക്ക് മാറ്റി. ആശുപത്രികൾ നിറഞ്ഞുകവിഞ്ഞ സാഹചര്യമാണ് നിലവിലുള്ളത്.

ദുരിതാശ്വാസത്തിനായി എല്ലാ വഴികളും തേടുകയാണ് എന്ന് താലിബാൻ ഭരണകൂടം വ്യക്തമാക്കി. ഐക്യരാഷ്ട്രസഭ അടിയന്തര സഹായം എത്തിക്കുന്നതിനായി നടപടികൾ തുടങ്ങിയിട്ടുണ്ട്.

അഫ്ഗാനിസ്താൻ ഹിന്ദുകുഷ് ഭൂചലന മേഖലയിൽ ഉൾപ്പെട്ടതാണ്. 2022-ൽ ഉണ്ടായ 6.1 തീവ്രതയുള്ള ഭൂചലനത്തിൽ ആയിരത്തിലധികം ആളുകൾ മരണപ്പെട്ടിരുന്നു. 2023-ൽ ഹെറാത്ത് പ്രവിശ്യയിലെ ഭൂചലനത്തിൽ 1400-ത്തിലധികം പേർ മരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *