മതം പറഞ്ഞതിൻ്റെ പേരിൽ ഒറ്റപ്പെടുത്തുന്നത് ഭയപ്പെടുന്നില്ല: ബഹാഉദ്ധീൻ നദ്‌വി
“ഉമ്മർ ഫൈസിയിൽ നിന്ന് മര്യാദയുടെ ക്ലാസ് കേൾക്കേണ്ട ഗതികേട് തനിക്കില്ല”
മലപ്പുറം: മതം പറഞ്ഞതിന്റെ പേരിൽ ഒറ്റപ്പെടുത്തുന്നതിനെ ഭയക്കുന്നില്ല എന്ന് സമസ്ത മുശാവറ അംഗം ഡോ: ബഹാഉദ്ദീൻ നദ് വ. കഴിഞ്ഞദിവസം സമസ്ത വേദിയിൽ നടത്തിയ പ്രഭാഷണത്തിലെ വിവാദ പരാമർശങ്ങളുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നദ്‌വി.
ശൈശവ വിവാഹം, ബഹുഭാര്യത്വം തുടങ്ങി പ്രവാചകനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് മറുപടി പറയുക മാത്രമാണ് താൻ ചെയ്തത് എന്നാണ് അദ്ദേഹത്തിൻറെ നിലപാട്. പറഞ്ഞ നിലപാടിൽ നിന്ന് മാറ്റമില്ലെന്നും ആരെയും വിമർശിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാധ്യമങ്ങൾ തന്റെ പ്രഭാഷണത്തിൽ നിന്നും ചില ഭാഗങ്ങൾ അടർത്തിയെടുത്ത് തെറ്റായി വ്യാഖ്യാനിച്ചതാണ്. അത് ശരിയായ നടപടിയല്ല. സത്യം പറയുക എന്നത് മനുഷ്യത്വത്തിന്റെ ലക്ഷണമാണ്. നദവി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ബഹാവുദ്ദീൻ നദ്‌വിയുടെ പരാമർശങ്ങൾക്കെതിരെ സമസ്ത സെക്രട്ടറി ഉമ്മർ ഫൈസി മുക്കം രംഗത്തുവന്നിരുന്നു. ഒരു മുശാവറ അംഗത്തിൽ നിന്നും ഉണ്ടാവുന്ന വാക്കുകളും പ്രവർത്തികളും മാന്യമായിരിക്കണം എന്നായിരുന്നു ഉമർ ഫൈസിയുടെ പ്രസ്താവന. എന്നാൽ, ഹൈന്ദവ ദേവതകളെക്കുറിച്ച് പൊതുവേദിയിൽ പരസ്യമായി അസഭ്യം വിളിച്ച ഉമ്മർ ഫൈസിയിൽ നിന്ന് മര്യാദയുടെ ക്ലാസ് കേൾക്കേണ്ട ഗതികേട് തനിക്കില്ലെന്ന് ബഹാവുദ്ദീൻ നദ്‌വി പ്രസ്താവിച്ചു. ഉമ്മർ ഫൈസി തനിക്കെതിരെ മുശാവറ യോഗങ്ങളിൽ പോലും വ്യാജമായ ആരോപണങ്ങൾ ഉന്നയിച്ച വ്യക്തിയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്നലെ കോഴിക്കോട് വെച്ച് നടന്ന മുശാവറ യോഗത്തിനുശേഷം മാധ്യമങ്ങളെ കണ്ട സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുകോയ തങ്ങളും ബഹാവുദ്ദീൻ നദവിയെ തള്ളിയിരുന്നു. ആരുടെയും സ്വകാര്യതകളിലേക്ക് എത്തിനോക്കലല്ല സമസ്തയുടെ പണി എന്നായിരുന്നു ജിഫ്രി തങ്ങൾ പറഞ്ഞത്. താൻ ആരുടെയും സ്വകാര്യതകളെ അളക്കാൻ ചെന്നിട്ടില്ലെന്നും മതം പറയൽ അല്ലാതെ പിന്നെ എന്തു പണിയാണ് സമസ്തയുടേത് എന്നും നദ്‌വി ചോദിക്കുന്നു.തങ്ങളുടെ നേതാക്കളുടെ പേര് പരാമർശിക്കുമ്പോൾ ആർക്കെങ്കിലും പൊള്ളൽ ഉണ്ടാകുന്നുവെങ്കിൽ പ്രവാചകരെ വിമർശിക്കുമ്പോൾ അദ്ദേഹത്തിൻറെ അനുയായികൾക്കും പൊള്ളുമെന്ന് വിമർശകർ ചിന്തിക്കേണ്ടിയിരിക്കുന്നു എന്നും നദ്‌വി കൂട്ടിച്ചേർത്തു.

സമസ്തക്കകത്ത് ശക്തമായി കൊണ്ടിരിക്കുന്ന അഭിപ്രായ ഭിന്നതകൾ മറ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. നദ് വിയുടെ പരാമർശങ്ങൾ വിവാദമായപ്പോൾ സമസ്തയിലെ ലീഗ് വിരുദ്ധ പക്ഷത്തുനിന്ന് ആരും അദ്ദേഹത്തിന് പിന്തുണയുമായി വന്നിരുന്നില്ല. നാസർ ഫൈസി കൂടത്തായിയും സുന്നി മഹല്ല് ഫെഡറേഷനും അദ്ദേഹത്തിന് പിന്തുണകൾ അറിയിച്ചിരുന്നു.