കെഎസ്‌യു നേതാക്കളെ മുഖം മറച്ച് കോടതിയിൽ ഹാജരാക്കി; പൊലീസ് നടപടിയിൽ പ്രതിപക്ഷത്തിന്റെ രൂക്ഷ വിമർശനം
തൃശ്ശൂർ: കെഎസ്‌യു നേതാക്കളെ വിലങ്ങിട്ട് മുഖത്ത് കറുത്ത തുണി കൊണ്ട് മറച്ച് കോടതിയിൽ ഹാജരാക്കിയ പൊലീസ് നടപടിയെ പ്രതിപക്ഷം ശക്തമായി വിമർശിച്ചു. “രാജാവിനെക്കാൾ രാജഭക്തി കാണിക്കുന്ന അടിമ പോലീസാണ് കേരളത്തിൽ പ്രവർത്തിക്കുന്നത്,” എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു.
കുന്നംകുളം സ്റ്റേഷനിൽ സൂരജിന് ക്രൂരമർദ്ദനം നടത്തിയിരുന്ന എസ്.എച്ച്.ഒ തന്നെയാണ് ഇപ്പോഴത്തെ വടക്കാഞ്ചേരി സ്റ്റേഷനിലെ എസ്.എച്ച്.ഒ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിപിഎമ്മിന്റെ പിന്തുണയിലാണ് ഇത്തരം ജനാധിപത്യവിരുദ്ധ നടപടികൾ ആവർത്തിക്കുന്നതെന്നും സതീശൻ ആരോപിച്ചു.
ജനാധിപത്യപരമായ രീതിയിൽ പ്രവർത്തിക്കാതെ പൊലീസുകാർ ഇടപെടുന്ന സാഹചര്യം യുഡിഎഫ് അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. “ഇനി കാക്കി ഇടീക്കില്ല” എന്നതാണ് യുഡിഎഫിന്റെ ഉറച്ച നിലപാട് എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.