NationalPolitics

വഖഫ് ഭേദഗതിയിൽ സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്: ഭാഗിക സ്റ്റേ

ന്യൂഡല്‍ഹി: വിവാദമായ വഖഫ് ഭേദഗതി നിയമത്തിലെ ചില വ്യവസ്ഥകൾക്ക് സുപ്രീംകോടതി ഇടക്കാലത്തേക്ക് സ്റ്റേ നൽകി. നിരവധി സംഘടനകളും വ്യക്തികളും നൽകിയ ഹർജികൾ പരിഗണിച്ച ശേഷമാണ് സുപ്രീംകോടതി ഇടപെട്ടത്. വഖഫ് പ്രഖ്യാപനം നടത്താൻ അഞ്ച് വർഷമായി ഇസ്‌ലാം പ്രാക്ടീസ് ചെയ്തിരിക്കണം എന്ന കേന്ദ്ര നിയമത്തിലെ പ്രധാന വ്യവസ്ഥ സ്റ്റേ ചെയ്തു. ആരാണ് ഇസ്ലാം മത വിശ്വാസിയെന്ന് നിയമപരമായി തീരുമാനിക്കുന്നത് വരെയാണ് ഈ ഭേദഗതി സ്റ്റേ ചെയ്തിരിക്കുന്നത്. ഒരു വ്യക്തി ഇസ്ലാം മതം പിന്തുടരുന്നയാളാണോ എന്ന് നിർണയിക്കുന്നതിനുള്ള നിയമങ്ങൾ സംസ്ഥാന സർക്കാരുകൾ രൂപീകരിക്കുന്നതുവരെ ആ വ്യവസ്ഥ നിലനിൽക്കും.

വഖഫ് ഭൂമിയാണോ അല്ലയോ എന്ന് തീരുമാനിക്കുന്നതിനുള്ള ജില്ലാ കലക്ടർക്കുള്ള അധികാരം, കേന്ദ്ര-സംസ്ഥാന വഖഫ് ബോർഡുകളിൽ നോൺ-മുസ്ലിം അംഗങ്ങളുടെ എണ്ണം കുറയ്ക്കുന്ന വ്യവസ്ഥ എന്നിവയും സ്റ്റേ ചെയ്തിട്ടുണ്ട്. നിയമം മുഴുവനായും സ്റ്റേ ചെയ്തിട്ടില്ലെന്നും, ഭരണഘടനാവിരുദ്ധമാണെന്ന വാദങ്ങൾ കോടതി പിന്നീട് വിശദമായി പരിശോധിക്കുമെന്നും ബെഞ്ച് വ്യക്തമാക്കി. സര്‍ക്കാര്‍ ഭൂമി കൈയേറി വഖഫിലേക്ക് മാറ്റിയിട്ടുണ്ടോ എന്ന തര്‍ക്കം തീര്‍പ്പാക്കാന്‍ സര്‍ക്കാരിന്റെ നിയുക്ത ഉദ്യോഗസ്ഥനെ അനുവദിക്കുന്ന വ്യവസ്ഥയിലാണ് മറ്റൊരു ഇടപെടല്‍. ഒരു എക്‌സിക്യൂട്ടീവ് ഉദ്യോഗസ്ഥന് പൗരന്മാരുടെ വ്യക്തിപരമായ അവകാശങ്ങളില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ അനുവാദം നല്‍കാനാവില്ലെന്നും ഇത് അധികാര വിഭജനത്തിന്റെ ലംഘനമാകുമെന്നും നിരീക്ഷിച്ചുകൊണാണ് സ്റ്റേ ചെയ്തിരിക്കുന്നത്.

മെയ് മാസത്തില്‍ വാദം പൂര്‍ത്തിയാക്കി വിധിപറയാന്‍ മാറ്റി വച്ചിരുന്ന ഹര്‍ജികളിലാണ് തീരുമാനം. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസുമാരായ വിനോദ് ചന്ദ്രന്‍, അതുല്‍ എസ് ചന്ദൂര്‍കര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *