അർജന്റീനയുടെ പലസ്തീൻ വിരുദ്ധ നിലപാട്; കേരളത്തിലെത്തുന്നതിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതികരണം.
അർജന്റീന, അമേരിക്ക, ഇസ്രയേൽ ഉൾപ്പെടുന്ന പത്ത് രാജ്യങ്ങളാണ് സ്വതന്ത്ര പലസ്തീന്‍ പ്രമേയത്തെ എതിർത്ത് യുഎൻ പൊതുസഭയിൽ വോട്ട് ചെയ്തത്.
സ്വതന്ത്ര പലസ്തീൻ രാഷ്ട്രം രൂപീകരിക്കുന്നതിനെ പിന്തുണയ്ക്കുന്ന ഐക്യരാഷ്ട്രസഭയുടെ പ്രമേയമായ ന്യൂയോർക്ക് പ്രഖ്യാപനത്തെ അംഗീകരിക്കുന്ന പ്രമേയത്തെ എതിർത്ത് അർജന്റീന വോട്ട് ചെയ്തത് കേരളത്തിൽ വലിയ ചർച്ചയായി. അര്‍ജന്‍റീന ഫുട്ബോള്‍ ടീമിന്‍റെയും സാക്ഷാൽ ലയണല്‍ മെസിയുടെയും വരവിനായി കേരളം കാത്തിരിക്കുന്ന പശ്ചാത്തലത്തിലാണ് യുഎന്നിലെ അർജന്റീനയുടെ നിലപാട് ഇവിടെ ചർച്ചയാകുന്നത്.
പലസ്തീനികളെ കൊന്നൊടുക്കുന്ന ഇസ്രയേലിന് പിന്തുണ നല്‍കുന്ന അര്‍ജന്‍റീനയ്ക്കുവേണ്ടി ലോകകപ്പ് കാലങ്ങളില്‍ എത്ര ബാനറുകളാണ് കേരളത്തില്‍ ഉയര്‍ന്നതെന്നാണ് സാമുഹിക പ്രവർത്തകനായ മുഹമ്മദലി കിനാലൂര്‍ ഫെയ്സ്ബുക് കുറിപ്പിലൂടെ ചോദിക്കുന്നത്. മെസിയുടെ വരവിനായി കാത്തിരിക്കുന്ന മലയാളികളുടെ കൂട്ടത്തില്‍ താനില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ന്യൂയോർക്ക് പ്രഖ്യാപനത്തെ അംഗീകരിക്കുന്ന പ്രമേയത്തെ എതിർത്ത് അർജന്റീന ഉൾപ്പെടെ 10 രാജ്യങ്ങളാണ് വോട്ട് ചെയ്തത്. ഹംഗറി, മൈക്രോനേഷ്യ, നൗറു, പലാവു, പാപുവ ന്യൂ ഗിനിയ, പരാഗ്വേ, ടോംഗ,അമേരിക്ക, ഇസ്രായേൽ എന്നിവയാണ് എതിർത്ത് വോട്ട് ചെയ്ത മറ്റ് രാജ്യങ്ങൾ.193 ഐക്യരാഷ്ട്രസഭ അംഗരാജ്യങ്ങളും ഉൾപ്പെടുന്ന പൊതുസഭയിൽ 142 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. 12 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.അടുത്തകാലത്തായി യുഎൻ പൊതുസഭയിൽ ഗാസ വിഷയം വോട്ടിനുവരുമ്പോൾ വിട്ടുനിൽക്കുന്ന സമീപനം സ്വീകരിച്ച ഇന്ത്യ പ്രമേയത്തെ അനുകൂലിച്ചാണ് വോട്ട് ചെയ്തത്.