ത്രിരാഷ്ട്ര T20 യിൽ പാകിസ്താന് വിജയത്തുടക്കം
ഷാർജയിൽ നടക്കുന്ന ത്രിരാഷ്ട്ര ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ പാകിസ്താന് വിജയ തുടക്കം. ആദ്യ കളിയിൽ പാകിസ്ഥാൻ അഫ്ഗാനിസ്താനെ 39 റൺസിന് തോൽപ്പിച്ചു . 183 റൺസ് വിജയലക്ഷ്യം പിന്തുടർന്ന അഫ്ഗാനിസ്താൻ ഒരു ഘട്ടത്തിൽ 92/2 എന്ന ശക്തമായ നിലയിലായിരുന്നെങ്കിലും, പിന്നീട് വെറും 17 പന്തുകൾക്കിടെ അഞ്ച് വിക്കറ്റുകൾ നഷ്ടപ്പെട്ട് 97/7 എന്ന നിലയിലേക്ക് തകർന്നു. പാകിസ്താന് വേണ്ടി ഹാരിസ് റൗഫും സുഫിയാൻ മുക്കീമും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്താന് തുടക്കത്തിൽ തന്നെ വിക്കറ്റുകൾ നഷ്ടമായി. 83/4 എന്ന നിലയിൽ പതറിയ പാകിസ്താനെ നായകൻ സൽമാൻ അലി ആഗയുടെ അർധസെഞ്ചുറിയാണ് രക്ഷിച്ചത്. മുഹമ്മദ് നവാസിനൊപ്പം 50 റൺസിന്റെ നിർണായക കൂട്ടുകെട്ട് പടുത്തുയർത്തിയ ആഗ പാകിസ്താൻ സ്കോർ 182-ൽ എത്തിച്ചു.കഴിഞ്ഞ ടി20 ലോകകപ്പിന് ശേഷം വ്യത്യസ്ത പ്രകടനങ്ങൾ കാഴ്ചവെച്ച രണ്ട് ടീമുകളാണ് ഈ പരമ്പരയിൽ ഏറ്റുമുട്ടുന്നത്. കഴിഞ്ഞ നാല് ടി20 മത്സരങ്ങളിൽ മൂന്നെണ്ണത്തിലും അഫ്ഗാനിസ്താനാണ് പാകിസ്താനെ തോൽപ്പിച്ചത്. കഴിഞ്ഞ വർഷം ലോകകപ്പ് സെമിഫൈനലിൽ എത്തിയ റാഷിദ് ഖാന്റെ നേതൃത്വത്തിലുള്ള അഫ്ഗാൻ ടീം മികച്ച ഫോമിലാണ്. അതേസമയം, 2024 ലോകകപ്പ് ദുരന്തത്തിന് ശേഷം തങ്ങളുടെ അവസാന ഏഴ് ടി20 പരമ്പരകളിൽ നാലെണ്ണത്തിലും പാകിസ്താൻ പരാജയപ്പെട്ടിരുന്നു. വരാനിരിക്കുന്ന ഏഷ്യാ കപ്പിന് മുന്നോടിയായി ഈ പരമ്പരയിൽ മികച്ച പ്രകടനം നടത്തി തിരിച്ചുവരവിനാണ് സൽമാൻ അലി ആഗയുടെ നേതൃത്വത്തിലുള്ള പാക് ടീം ലക്ഷ്യമിടുന്നത്.