Sports

ഖാലിദ് ജമീൽ യുഗാരംഭം. ഇന്ത്യക്ക് മിന്നും വിജയം

ഷാർജയിൽ നടന്ന CAFA നേഷൻസ് കപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം. ആതിഥേയരായ താജിക്കിസ്താനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഇന്ത്യൻ ഫുട്ബോൾ ടീം പരാജയപ്പെടുത്തിയത്. ഇന്ത്യൻ പരിശീലകനായി ഖാലിദ് ജമീലിന്റെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നു ഇത്.ഹിസോർ സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പ്രതിരോധ താരങ്ങളായ അൻവർ അലിയും സന്ദേശ് ജിംഗനുമാണ് ഇന്ത്യക്കായി വലകുലുക്കിയത്.

മത്സരത്തിന്റെ അഞ്ചാം മിനിറ്റിൽ അൻവർ അലി ഇന്ത്യയെ മുന്നിലെത്തിച്ചു. തുടർന്ന് 13-ാം മിനിറ്റിൽ സന്ദേശ് ജിംഗൻ ലീഡ് ഇരട്ടിയാക്കി. ആദ്യ പകുതിയിൽ ഷഹ്റോം സമിവിയിലൂടെ ഒരു ഗോൾ മടക്കി താജിക്കിസ്താൻ മത്സരം ആവേശത്തിലാക്കി.രണ്ടാം പകുതിയിൽ താജിക്കിസ്താൻ ആക്രമണം ശക്തമാക്കിയെങ്കിലും ഇന്ത്യൻ പ്രതിരോധവും ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധുവും മികച്ച പ്രകടനം കാഴ്ചവെച്ചു. ഒരു പെനാൽറ്റി ഉൾപ്പെടെ നിരവധി നിർണായക സേവുകളാണ് ഗുർപ്രീത് നടത്തിയത്. ഈ വിജയം കഴിഞ്ഞ 17 വർഷത്തിനിടെ താജിക്കിസ്താനെതിരെ ഇന്ത്യ നേടുന്ന ആദ്യ ജയമാണ്. ഇറാൻ, അഫ്ഗാനിസ്താൻ എന്നീ ടീമുകൾ ഉൾപ്പെടുന്ന ഗ്രൂപ്പ് ബിയിൽ ഇന്ത്യയുടെ നിർണായക വിജയമാണിത്. അടുത്ത മത്സരം ഇന്ത്യ ഇറാനെതിരെ സെപ്റ്റംബർ ഒന്നിന് നടക്കും.

Leave a Reply

Your email address will not be published. Required fields are marked *