കേരളം പിടിക്കാൻ ഉറപ്പിച്ച് കോൺഗ്രസ്; 14 ജില്ലകളിലും രാഹുലും പ്രിയങ്കയും സംയുക്തമായി പര്യടനം നയിച്ചേക്കും.
തിരുവനന്തപുരം: കേരളം പിടിക്കാൻ നിർണായക ഇടപെടലുമായി കോൺഗ്രസ് ഹൈക്കമാന്റ്. തദ്ദേശ -നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് ഒരുങ്ങുന്ന പാർട്ടിയെ സംഘടനാതലത്തിൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ദേശീയ നേതൃത്വത്തിന്റെ നേരിട്ടുള്ള നീക്കം.
തുടർച്ചയായി രണ്ട് തവണ പ്രതിപക്ഷത്ത് ഒതുങ്ങേണ്ടി വന്ന മുന്നണിയെ അധികാരത്തിലേക്ക് തിരികെ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിർണായക ഇടപെടലിന് ഹൈക്കമാന്റ് തയ്യാറെടുക്കുന്നത്. ഈ നീക്കങ്ങളുടെ ഭാഗമായി ബിഹാറിൽ രാഹുൽ ഗാന്ധി നയിച്ച വോട്ട് ചോരി യാത്രയ്ക്ക് സമാനമായി സംസ്ഥാനത്തെ 14 ജില്ലകളിലും കോൺഗ്രസ് ഹൈക്കമാന്റിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ പര്യടനം നടത്താനുള്ള കൂടിയാലോചനകളാണ് പുരോഗമിക്കുന്നത്.