സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രത്തിനായുള്ള യുഎന്‍ പ്രമേയത്തിന് ഇന്ത്യയുടെ അനുകൂല വോട്ട്
142 രാജ്യങ്ങള്‍ പ്രമേയത്തെ പിന്തുണച്ച് വോട്ട് ചെയ്തു. 10 രാജ്യങ്ങള്‍ പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തു. 12 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
ന്യൂയോര്‍ക്ക്: സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രത്തിന്റെ രൂപീകരണത്തെ പിന്തുണച്ച് ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയില്‍ കൊണ്ടുവന്ന “ന്യൂയോര്‍ക്ക് ഡിക്ലറേഷന്‍” പ്രമേയത്തിന് ഇന്ത്യ അനുകൂലമായി വോട്ട് ചെയ്തു. രണ്ട് രാഷ്ട്രങ്ങളുടെയും സമാധാനപരമായ സഹവാസമാണ് മേഖലയിലെ സ്ഥിരതയ്ക്കുള്ള ഏക മാര്‍ഗമെന്ന് ഇന്ത്യയുടെ നിലപാട് വീണ്ടും വ്യക്തമാക്കി.
ആകെ 142 രാജ്യങ്ങൾ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു. 10 രാജ്യങ്ങള്‍ എതിർത്തപ്പോള്‍, 12 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.. അമേരിക്ക അടക്കം ചില രാജ്യങ്ങളാണ് പ്രമേയത്തിനെതിരെ നിന്നത്.
ഗാസയിലെ സംഘര്‍ഷം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് പ്രമേയം ഐക്യരാഷ്ട്രസഭയില്‍ പാസായത്. അറബ്–ഇസ്‌ലാമിക് രാജ്യങ്ങൾ ഉൾപ്പെടെ ഭൂരിപക്ഷ രാജ്യങ്ങളും പലസ്തീൻ രാഷ്ട്രത്തിന്റെ അവകാശത്തെ അംഗീകരിച്ച് വോട്ടുചെയ്തു.
പലസ്തീൻ വിഷയത്തിൽ ഇന്ത്യ ചരിത്രപരമായി അനുകൂല നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും, രണ്ട് രാഷ്ട്ര പരിഹാരമാണ് ഇസ്രയേൽ–പലസ്തീൻ സംഘർഷത്തിന് ഏകോപനം സാധ്യമാക്കുന്ന മാർഗമെന്നുമാണ് ഇന്ത്യ മുൻപ് പലവട്ടം വ്യക്തമാക്കിയിട്ടുള്ളത്.
ഈ വോട്ടെടുപ്പിലൂടെ പലസ്തീൻ ജനതയ്ക്കുള്ള ഐക്യദാർഢ്യവും അന്താരാഷ്ട്ര സമൂഹത്തിന്റെ ശക്തമായ പിന്തുണയും വ്യക്തമായതായി വിലയിരുത്തപ്പെടുന്നു.