മാലിന്യം തള്ളിയതിന് പിഴ ഒഴിവാക്കാൻ ഹർജി; ഹൈക്കോടതി ഇരട്ടിയാക്കി ഒരു ലക്ഷമാക്കി
മൂന്നാർ ∙ പുഴയിൽ മാലിന്യം തള്ളിയതിന് മൂന്നാർ പഞ്ചായത്ത് ചുമത്തിയ 50,000 രൂപ പിഴ ഒഴിവാക്കാൻ ഹർജി നൽകിയ ലോഡ്ജ് ഉടമയ്ക്ക് ഹൈക്കോടതിയും സമാന തുക പിഴയായി ചുമത്തി. പഞ്ചായത്ത് ചുമത്തിയ പിഴയ്ക്കെതിരെ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് ഉടമയ്ക്ക് ഇരട്ടി പ്രഹരം ലഭിച്ചത്.
ഇക്കാനഗറിലെ എയ്റ്റ് ലാൻഡ് ഹോളിഡേയ്സ് ലോഡ്ജ് ഉടമ ഫ്രാൻസിസ് മിൽട്ടൻ ആണ് ഹർജി നൽകിയതും പിന്നീട് വെട്ടിലായതും. കഴിഞ്ഞ മെയ് 23-ന് ലോഡ്ജിന് സമീപമുള്ള പുഴയിൽ മാലിന്യം തള്ളിയതായി കണ്ടെത്തിയതിനെ തുടർന്നാണ് പഞ്ചായത്ത് ആദ്യം 50,000 രൂപ പിഴയിട്ടത്.
ഹർജിയിൽ, കെട്ടിടം തന്റെ പേരിലല്ലെന്നും പിതാവിൻ്റേതാണെന്നും അതിനാൽ പിഴ ചുമത്തുന്നത് തെറ്റാണെന്നും മിൽട്ടൻ വാദിച്ചു. എന്നാൽ ലോഡ്ജ് നടത്താനുള്ള ലൈസൻസ് ഫ്രാൻസിസ് മിൽട്ടൻ്റെ പേരിലാണെന്ന് പഞ്ചായത്ത് രേഖകൾ സഹിതം കോടതിയിൽ തെളിയിച്ചു.
ഇതിനാലാണ് ഹൈക്കോടതി അധികമായി 50,000 രൂപ പിഴ കൂടി ചുമത്തിയത്. ഈ പണം കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിക്ക് (KeLSA) കൈമാറണമെന്നുമാണ് കോടതി ഉത്തരവിട്ടത്.