KeralaPolitics

മലയാളം സര്‍വകലാശാലയ്ക്ക് വേണ്ടി ഭൂമി ഏറ്റെടുത്തതില്‍ കെ.ടി. ജലീല്‍ വന്‍അഴിമതി നടത്തി : പി.കെ. ഫിറോസ്

നിഷേധിക്കുന്നപക്ഷം ഇതുസംബന്ധിച്ച രേഖകള്‍ പുറത്തുവിടുമെന്നും ഫിറോസ് പറഞ്ഞു.

മലപ്പുറം: മലയാളം സര്‍വകലാശാലയ്ക്ക് വേണ്ടി ഭൂമി ഏറ്റെടുത്തതില്‍ വന്‍അഴിമതിയെന്ന് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്. അഴിമതിക്ക്‌ നേതൃത്വം നല്‍കിയത് അന്നത്തെ ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്ന കെ.ടി. ജലീലാണെന്നും ഇക്കാര്യം ജലീല്‍ നിഷേധിക്കുന്നപക്ഷം ഇതുസംബന്ധിച്ച രേഖകള്‍ പുറത്തുവിടുമെന്നും ഫിറോസ് പറഞ്ഞു. മന്ത്രി അബ്ദുറഹിമാന്റെ ബന്ധുക്കള്‍ ഉള്‍പ്പെടുള്ളവരില്‍നിന്നാണ് പലയിരട്ടി വില നല്‍കി സംസ്ഥാന സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തതെന്നും ഫിറോസ് ആരോപിച്ചു. ജലീലിന് കള്ളപ്പണം വെളുപ്പിക്കാനുള്ള സാഹചര്യം സര്‍ക്കാര്‍ നല്‍കിയതായും ഫിറോസ് കൂട്ടിച്ചേര്‍ത്തു. മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലയാളം സര്‍വകലാശാലയ്ക്ക് വേണ്ടി ഭൂമി ഏറ്റെടുക്കുന്നത് 2019-ലാണ്. ആരുടെയൊക്കെ ഉടമസ്ഥതയിലാണ് ഈ ഭൂമി എന്ന് പരിശോധിക്കുമ്പോഴാണ് അഴിമതിയുടെ ലക്ഷണങ്ങള്‍ കാണാന്‍ സാധിക്കുന്നത്. ഹബീബ് റഹ്‌മാന്‍, അബ്ദുള്‍ ജലീല്‍, ജംഷീദ് റഫീഖ്, മുഹമ്മദ് കാസിം, യാസിര്‍, അബ്ദുള്‍ സലാം, ഇന്‍ജാസ് മുനവര്‍, അബ്ദുള്‍ ഗഫൂര്‍ പന്നിക്കണ്ടത്തില്‍ തുടങ്ങിയവരുടെ പക്കല്‍ നിന്നാണ് ഭൂമി ഏറ്റെടുത്തത്. ഇതില്‍ മൂന്ന് പേര്‍ ന്യൂനപക്ഷവകുപ്പ് മന്ത്രി വി. അബ്ദു റഹ്‌മാന്റെ സഹോദരന്റെ മക്കളാണ്. രണ്ടുതവണ ഇടതുപക്ഷ സ്ഥാനാര്‍ഥിയായി തിരൂരില്‍ മത്സരിച്ച വ്യക്തിയാണ് അബ്ദുള്‍ ഗഫൂര്‍ പന്നിക്കണ്ടത്തില്‍. ഇദ്ദേഹത്തിന്റെ സഹോദരങ്ങളാണ് ബാക്കിയുള്ളവര്‍. ഇവരുടെ കയ്യില്‍നിന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തത്. പി.കെ. ഫിറോസിന്റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *