ബഹാഉദ്ദീൻ നദ്‌വിക്ക് പിന്തുണയുമായി ഹുദവികൾ; തിരുത്ത് ജന ജാഗ്രതാ സദസ്സ് നാളെ മലപ്പുറത്ത്.
മലപ്പുറം: സമസ്ത മുശാവറ അംഗവും ദാറുൽ ഹുദ ഇസ്ലാമിക് സർവ്വകലാശാല വൈസ് ചാൻസിലറുമായ ഡോ: ബഹാഉദ്ദീൻ മുഹമ്മദ് നദവിക്ക് പൂർണ്ണ പിന്തുണയുമായി സർവകലാശാല പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ഹാദിയ രംഗത്ത്. ഹുദവികളുടെ സംഘടനയായ ഹാദിയയുടെ നേതൃത്വത്തിൽ നാളെ മലപ്പുറത്ത് ‘തിരുത്ത്’ ജന ജാഗ്രത സദസ്സ് സംഘടിപ്പിക്കും. മലപ്പുറം വാരിയൻ കുന്നത്ത് ടൗൺഹാളിൽ നാളെ വൈകിട്ട് ഏഴു മണിക്കാണ് പരിപാടി നടക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ ബഹാഉദ്ദീൻ നദ്‌വിക്കെതിരെ സിപിഎം നേതാവ് നാസർ കൊളായി ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. സമസ്ത നേതാവും മുസ്ലിം ലീഗ് അനുഭാവിയുമായ നദ്‌വി സിപിഎമ്മിനെതിരെ നടത്തിയ പ്രസ്താവനകളുടെ പശ്ചാത്തലത്തിലാണ് സിപിഎം നേതാവ് ആരോപണങ്ങൾ ഉന്നയിച്ചത്.
സമസ്തക്കുള്ളിൽ നടന്നുവരുന്ന ആഭ്യന്തര പ്രശ്നങ്ങളിൽ മുസ്ലിം ലീഗിനോട് അനുഭാവം പുലർത്തുന്ന വ്യക്തിയാണ് നദ്‌വി. അദ്ദേഹത്തെയും അദ്ദേഹം നേതൃത്വം നൽകുന്ന മലപ്പുറം ചെമ്മാട് ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിക്കെതിരെയും നടക്കുന്ന ആക്രമണങ്ങളെ ചെറുത്തുനിർത്തുമെന്ന് ഹാദിയ നേതാക്കൾ പത്രക്കുറിപ്പിൽ പറയുന്നു. സമസ്തയെയും ദാറുൽ ഹുദയെയും ദുർബലപ്പെടുത്താൻ അനുവദിക്കില്ലെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.
ഹാദിയ കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട് ഷറഫുദ്ദീൻ ഹുദവി ആനമങ്ങാട്, ജനറൽ സെക്രട്ടറി ഹാരിസ് ഹുദവി കുറ്റിപ്പുറം, റഷീദ് ഹുദവി ഏലംകുളം എന്നിവർ സംസാരിക്കും.