പേരും ചിത്രവും വച്ച് സൈബർ ആക്രമണം: കെ ജെ ഷൈന്‍ ടീച്ചറുടെ പരാതിയിൽ കേസെടുത്ത് പൊലീസ്
പ്രചാരണം ആരംഭിച്ചത് കോണ്‍ഗ്രസ് പ്രവർത്തകനെന്ന് ഷൈൻ ടീച്ചര്‍.
കൊച്ചി: തന്റെ പേരും ചിത്രവും ഉപയോഗിച്ച് അപമാനിക്കാൻ ശ്രമം നടക്കുന്നതായി എറണാകുളം ലോക്സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാർത്ഥിയും സിപിഎം നേതാവും അധ്യാപികയുമായ കെ ജെ ഷൈൻ ടീച്ചർ നൽകിയ പരാതിയിൽ കേസെടുത്ത് പൊലീസ്. എറണാകുളം റൂറൽ സൈബർ പൊലീസാണ് ഇന്ന് കേസെടുത്തത്. സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീത്വത്തെ അപമാനിച്ചു എന്നതിനു പുറമെ ഐടി ആക്ടിലെ വകുപ്പുകൾ കൂടി ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
പ്രാദേശിക കോൺഗ്രസ് നേതാവ് സി.കെ.ഗോപാലകൃഷ്ണൻ, യുട്യൂബ് ചാനൽ ഉടമ കെ.എം.ഷാജഹാൻ എന്നിവരെയാണ് എഫ്ഐആറിൽ പ്രതി ചേർത്തിരിക്കുന്നത്. ഐടി ആക്ട് 67, ബിഎൻഎസ് 78, 79, 3 (5), പൊലീസ് ആക്ട് 120(o) എന്നീ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഈ മാസം 14 മുതൽ 18 വരെ ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങി വിവിധ സമൂഹ മാധ്യമങ്ങളിലൂടെയും യുട്യൂബ് ചാനലുകളിലൂടെയും പരാതിക്കാരിയെ അപമാനിക്കാനും മാനഹാനിയും വിഷമവും ഉണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ, പരാതിക്കാരിയുടെ ചിത്രവും പേരും വച്ച് ലൈംഗിക ചുവയുള്ള പരാമർശങ്ങൾ അടക്കമുള്ള പോസ്റ്റുകൾ പ്രസിദ്ധീകരിച്ചെന്നും എഫ്ഐആറിൽ പറയുന്നു.
തനിക്കെതിരെ വ്യാപകമായി സൈബർ ആക്രമണവും അപവാദ പ്രചാരണവും നടക്കുന്നുവെന്നു കാട്ടി ഇന്നലെ ഷൈൻ മുഖ്യമന്ത്രി, സംസ്ഥാന പൊലീസ് മേധാവി, വനിതാ കമ്മിഷന്‍ തുടങ്ങിയവർക്ക് പരാതി നൽകിയിരുന്നു. ഇന്ന് ഉച്ചയ്ക്ക് പറവൂരിലുള്ള ഷൈനിന്റെ വീട്ടിലെത്തിയ എറണാകുളം റൂറൽ സൈബർ പൊലീസ് ഷൈനിൽനിന്ന് വിശദമായ മൊഴിയെടുത്ത ശേഷമാണ് കേസ് റജിസ്റ്റർ ചെയ്തത്. തനിക്കെതിരെ അപവാദം പ്രചരിപ്പിക്കുന്ന സമൂഹമാധ്യമങ്ങളുടെ ലിങ്കുകൾ, സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളുടെ സ്ക്രീൻഷോട്ടുകൾ തുടങ്ങിയവ അടക്കം ഷൈൻ അന്വഷണ ഉദ്യോഗസ്ഥർക്ക് കൈമാറിയിരുന്നു. പറവൂർ സ്വദേശിയായ കോണ്‍ഗ്രസ് പ്രവർത്തകനാണ് തനിക്കെതിരെ ഇത്തരം പ്രചാരണം ആദ്യം ആരംഭിച്ചതെന്ന് ഷൈനും കുടുംബവും ഇന്നു രാവിലെ പറഞ്ഞിരുന്നു. ഇതു സംബന്ധിച്ച തെളിവുകളും ഷൈൻ കൈമാറിയിട്ടുണ്ട്.
എന്നാൽ താൻ ഷൈനിനെ ആക്ഷേപിക്കുന്ന പോസ്റ്റുകൾ സമൂഹ മാധ്യമങ്ങളിൽ ഇട്ടിട്ടില്ല എന്നാണ് ഗോപാലകൃഷ്ണന്റെ നിലപാട്. യുട്യൂബിൽ ഒരു വ്യക്തി ഇട്ട ലിങ്കാണ് താൻ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചതെന്നും അതിൽ ആരുടേയും പേരുകൾ പറഞ്ഞിട്ടില്ല എന്നുമാണ് ഗോപാലകൃഷ്ണൻ പറയുന്നത്. മുമ്പൊരിക്കൽ ഇത്തരൊരു വിവരമറിഞ്ഞപ്പോൾ പോസ്റ്റ് ഇട്ടെങ്കിലും അത് ഉടൻ തന്നെ ഡിലീറ്റ് ചെയ്തെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.
തങ്ങൾക്കെതിരെ പറവൂർ എംഎൽഎ വി.ഡി.സതീശൻ അറിയാതെ ഇത്തരം കാര്യങ്ങളൊന്നും സംഭവിക്കില്ലെന്ന് ഷൈനും ഭർത്താവ് ഡൈന്യൂസ് തോമസും നേരത്തേ പ്രതികരിച്ചിരുന്നു. തങ്ങളെ വ്യക്തിഹത്യ നടത്താനാണ് ശ്രമമെന്നും രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഇവർ ആരോപിച്ചിരുന്നു.
എന്നാൽ ഇക്കാര്യങ്ങള്‍ സതീശനും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും നിഷേധിച്ചു. സിപിഎമ്മിലെ ആഭ്യന്തര പ്രശ്നങ്ങളാണ് ഇത്തരം കാര്യങ്ങൾ പുറത്തുവരാൻ കാരണമായതെന്നു സതീശൻ പറഞ്ഞിരുന്നു. ജനപ്രതിനിധി ആയതുകൊണ്ട് മാത്രം പ്രതിപക്ഷ നേതാവിനെ ബോധപൂര്‍വ്വം ഈ വിഷയത്തിലേക്ക് വലിച്ചിഴയ്ക്കാനാണ് സിപിഎം നേതൃത്വം ശ്രമിക്കുന്നതെന്ന് മുഹമ്മദ് ഷിയാസ് പറഞ്ഞു.
‘‘സിപിഎം ഗൂഢാലോചനയില്‍ പുറത്തു വന്ന ആരോപണം പാര്‍ട്ടിയിലെ അധികാര രാഷ്ട്രീയത്തിന്റെ പരിണതഫലമാണ്. എക്കാലവും ആര്‍ക്കും ഒന്നും ഒളിച്ചു വയ്ക്കാനാകില്ലെന്ന സത്യം സിപിഎമ്മിന് നന്നായി അറിയാം. അതിന്റെ പേരില്‍ കോണ്‍ഗ്രസിന്റെയും പ്രതിപക്ഷ നേതാവിന്റെയും മേൽ മെക്കിട്ട് കയറാന്‍ വരേണ്ടന്നും ഷിയാസ് പറഞ്ഞു.