Sunday, December 8, 2024
LatestPolitics

സമസ്ത നടപടിയിൽ അതൃപ്തി; യുവജന നേതാവ് കാന്തപുരവുമായി കൂടിക്കാഴ്ച്ച നടത്തി.

കോഴിക്കോട്: സമസ്ത ഇ.കെ വിഭാഗം സംസ്ഥാന സെക്രട്ടറി മുക്കം ഉമർ ഫൈസിയോട് വിശദീകരണം തേടിയത് അടക്കമുള്ള നടപടികളിൽ പ്രതിഷേധം ശക്തമാകുന്നു. സുന്നി യുവജന സംഘം വർക്കിംഗ് സെക്രട്ടറിയും സമസ്ത ലീഗ് വിരുദ്ധ പക്ഷത്തിൻ്റെ നേതാവുമായ അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച നടത്തിയ വാർത്ത പുറത്തുവന്നു.

1989 ൽ ലീഗ് വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ നടന്ന ആഭ്യന്തര കലഹങ്ങൾക്കൊടുവിൽ ആയിരുന്നു സമസ്ത സെക്രട്ടറി കൂടിയായിരുന്ന കാന്തപുരം മുസ്ലിയാർ സമസ്തയിൽ നിന്ന് പുറത്താക്കപ്പെട്ടത്. അതിനുശേഷം കാന്തപുരം വിഭാഗവുമായി സമസ്ത ഉടക്കിലായിരുന്നു. കാന്തപുരം വിരുദ്ധ പ്രഭാഷണങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന ആളാണ് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്. ഹമീദ് ഫൈസിയുടെ ഈ കൂടിക്കാഴ്ച സംഘടനാ പ്രവർത്തകർക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്.

മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാധിക്കലി ശിഹാബ് തങ്ങൾക്കെതിരെയും മുസ്ലിംലീഗിനെതിരെയും അതിശക്തമായ ഭാഷയിൽ വിമർശനങ്ങൾ ഉന്നയിച്ചതിനാണ് സമസ്ത സെക്രട്ടറി മുക്കം ഉമർ ഫൈസിക്കെതിരെ സമസ്ത നടപടിയെടുത്തത്. സാദിഖലി തങ്ങൾക്കെതിരായി പരസ്യ വിമർശനം നടത്തിയ പ്രമുഖ പ്രഭാഷകൻ റഹ്മത്തുള്ള കാസിമി മൂത്തേടവുമായി സമസ്തക്ക് ബന്ധമില്ലെന്നും കഴിഞ്ഞദിവസം ചേർന്ന യോഗത്തിൽ സമസ്ത നേതാക്കൾ വ്യക്തമാക്കിയിരുന്നു.മുസ്ലിംലീഗിന്റെ ശക്തമായ സമ്മർദ്ദത്തിനു വഴങ്ങിയാണ് സുന്നി നേതാക്കൾക്കെതിരെ സമസ്ത നേരിട്ട് നടപടിയെടുക്കുന്നത് എന്ന ആരോപണം സമസ്തയിലെ ലീഗ് വിരുദ്ധ പക്ഷം ഉന്നയിക്കുന്നുണ്ട്. അതിനിടയിൽ ലീഗ് വിരുദ്ധ പക്ഷം നേതാവ് കാന്തപുരവുമായി നടത്തിയ കൂടിക്കാഴ്ച ലീഗിൽ ആശങ്ക വളർത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *