Thursday, November 21, 2024
Politics

സീപ്ലെയിൻ കേരളത്തിൽ: യുഡിഎഫ് സർക്കാരിന്റെ കാലത്ത് വന്നത് എങ്ങനെ? എൽഡിഎഫ് കാലത്ത് വന്നത് എങ്ങനെ?

കേരളത്തിന്റെ വിനോദസഞ്ചാരമേഖലയിൽ പുതുചരിത്രം കുറിച്ചുകൊണ്ട് സീപ്ലെയ്ന്‍ പദ്ധതിയ്ക്ക് തുടക്കമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നുയര്‍ന്ന സീപ്ലെയ്ന്‍ ബോള്‍ഗാട്ടി പാലസിന് സമീപത്തുള്ള കൊച്ചിക്കായലിലാണ് ലാന്‍ഡിംഗ് നടത്തിയത്. മാട്ടുപ്പെട്ടി, കൊച്ചി, അഗത്തി എന്നിവിടങ്ങളിലേക്കാണ് സീപ്ലെയ്ന്‍ സര്‍വീസ് നടത്തുക. സംസ്ഥാനത്തിന്റെ വിനോദസഞ്ചാര മേഖലയിലെ സാധ്യതകൾ ഉയർത്തിക്കൊണ്ട് സീപ്ലെയിൻ പറന്നുയരുമ്പോൾ ചർച്ചയാവുകയാണ് പദ്ധതി യഥാർത്ഥത്തിൽ ഏത് സർക്കാറിന്റെ കാലത്താണ് കേരളത്തിൽ അവതരിപ്പിച്ചത് എന്നുള്ളത്.

2011ലെ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ് കേരളത്തിൽ ആദ്യമായി ജലവിമാന പദ്ധതി അവതരിപ്പിച്ചത്. യുഡിഎഫ് സർക്കാരിന്റെ കാലത്തു നടന്ന എമേർജിങ് കേരളയുടെ ഭാഗമായിരുന്നു പദ്ധതി. അഷ്ടമുടി,പുന്നമട, ബേക്കൽ എന്നീ ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന റൂട്ടായിരുന്നു അക്കാലത്ത് പദ്ധതി. ടൂറിസം വകുപ്പിന് കീഴിലുള്ള കേരള ടൂറിസം ഇൻഫ്രാസ്ട്രക്ക്ചർ ലിമിറ്റഡിന്( കെടിഐഎൽ) ആയിരുന്നു നടത്തിപ്പ് ചുമതല. 2013 ജൂൺ രണ്ടിന് അഷ്ടമുടിക്കായലിൽ നിന്നും പുന്നമടയിലേക്ക് പരീക്ഷണ പറക്കലും നിശ്ചയിച്ചു.

ആറുപേർക്ക് സഞ്ചരിക്കാവുന്ന സെസ്‌ന 206 എന്ന വിമാനം നിശ്ചയിച്ച പ്രകാരം പറന്നുയർന്നു. എന്നാൽ ഇടതു സംഘടനകളുടെ നേതൃത്വത്തിലുള്ള കോർഡിനേഷൻ കമ്മിറ്റിയുടെ പ്രതിഷേധത്തെ തുടർന്ന് പുന്നമടക്കായലിൽ ഇറക്കാനാകാതെ വിമാനം അഷ്ടമുടിക്കായലിൽ തിരിച്ചിറക്കി. വാട്ടർ ഡ്രോമിനായി വേർതിരിച്ചിരുന്ന പ്രദേശത്ത് വലയെറിഞ്ഞാണ് ഇടതുസംഘടനകൾ സീപ്ലെയിന്റെ ലാൻഡിങ് അന്ന് തടഞ്ഞത്.

എക്സ്റേ സ്കാനറുകളും സുരക്ഷാ ക്യാമറകളും സ്പീഡ് ബോട്ടുകളും ഉൾപ്പെടെ ഉൾപ്പെടെ പദ്ധതിയുടെ ഭാഗമായി ചെലവഴിച്ച കോടികളും ഈ പ്രതിഷേധത്തോടെ വെള്ളത്തിലായി. സിപിഎം നിയന്ത്രണത്തിലുള്ള മത്സ്യത്തൊഴിലാളി ഫെഡറേഷനും( സിഐടിയു) സിപിഐ നിയന്ത്രണത്തിലുള്ള മത്സ്യത്തൊഴിലാളി യൂണിയനും( എഐടിയുസി) ആയിരുന്നു അന്ന് പ്രതിഷേധത്തിന് മുൻനിരയിൽ ഉണ്ടായത്. അതേസമയം കഴിഞ്ഞദിവസം ദിവസം പറന്നുയർന്ന സീപ്ലെയിൻ കേന്ദ്രം നടപ്പാക്കുന്ന ഉഡാൻ പദ്ധതിയുടെ ഭാഗമാണ്.

ഗ്രാമീണ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് വിനോദസഞ്ചാരികളെയും സാധാരണക്കാരെയും വിമാനങ്ങളിൽ യാത്ര ചെയ്യാൻ പ്രോത്സാഹിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കാനഡയിലെ ഡിഹാവ് ലാൻഡ് കമ്പനിയുടെ 17 സീറ്റ് ഉള്ള വിമാനമാണ് സ്പൈസ്ജെറ്റിന്റെ സഹകരണത്തോടെ പരീക്ഷണ പറക്കൽ നടത്തിയത്. കോവളം അഷ്ടമുടി കുമരകം മൂന്നാർ പുന്നമട മലമ്പുഴ ഡാം കാസർകോട് ചന്ദ്രഗിരിപ്പുഴ തുടങ്ങിയ സ്ഥലങ്ങളിലും സ്ഥാപിക്കാൻ പദ്ധതിയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *