Thursday, November 21, 2024
Latest

മതം എന്നാൽ സമസ്ത മാത്രം: ഉമർ ഫൈസി മുക്കം വിവാദത്തിൽ

കോഴിക്കോട്: ഇ.കെ വിഭാഗം സമസ്ത സംസ്ഥാന സെക്രട്ടറി മുക്കം ഉമർ ഫൈസി വീണ്ടും വിവാദത്തിൽ . മതം എന്നാൽ ഇസ്ലാമാണ് എന്നതിൻ്റെ മലയാള പരിഭാഷ മതം എന്നാൽ സമസ്തയാണ് എന്ന് ഉമർ ഫൈസി പറയുന്നതായി പ്രചരിപ്പിക്കപ്പെടുന്ന പ്രസംഗത്തിൻ്റെ വീഡിയോ ശകലമാണ് വിവാദമായത്.

ഖുർആൻ മൂന്നാം അധ്യായം പത്തൊമ്പതാം വാക്യത്തിൽ അല്ലാഹുവിൻറെ അടുക്കൽ സ്വീകാര്യമായ മതം ഇസ്ലാമാണ് എന്നർത്ഥം വരുന്ന വിശുദ്ധ വാക്യത്തിന്റെ മലയാള പരിഭാഷ അല്ലാഹുവിൻറെ അടുക്കൽ സ്വീകാര്യമായ മതം സമസ്തയാണ് എന്നാണ് വിവാദ പ്രസംഗ ഭാഗത്തിലെ ഉള്ളടക്കം. അതോടെ സമസ്ത അല്ലാത്ത ആരും യഥാർത്ഥ മുസ്ലിംകൾ അല്ല എന്നാണ് ഫൈസിയുടെ വാദമെന്ന് ആരോപണം ഉയർന്നു. 

നിലവിൽ മൂർച്ചിച്ചു കൊണ്ടിരിക്കുന്ന സമസ്തക്ക് അകത്തെ ആഭ്യന്തര കലാപം മറ്റൊരു വഴിത്തിരിവിലേക്ക് മാറുകയാണ്. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ സംഘടനാ പൊതുയോഗത്തിൽ പരസ്യമായി അവഹേളിച്ചതിന് സമസ്ത ഉമ്മർ ഫൈസിയോട് കഴിഞ്ഞദിവസം വിശദീകരണം തേടിയിരുന്നു. ഒരാഴ്ചക്കകം കൃത്യമായ വിശദീകരണം നൽകണമെന്നായിരുന്നു സമസ്തയുടെ നോട്ടീസ്. ഒരാഴ്ച പൂർത്തിയാകുന്നതിനിടയാണ് ഉമർ ഫൈസിയുടെ മറ്റൊരു പ്രസംഗം വിവാദമാകുന്നത്. 

കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് വെച്ച് നടന്ന ചടങ്ങിൽ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും സമസ്ത സംസ്ഥാന അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളും പങ്കെടുത്തിരുന്നു. സമസ്തയും പാണക്കാട് കുടുംബവും ഒരുമിച്ചു പോകുമെന്നും ആരും പിന്നെ ശ്രമിക്കരുതെന്നും ഇരുവരും പ്രസ്താവിച്ചിരുന്നു. 

ഇന്നലെ കോഴിക്കോട് വച്ച് നടന്ന പത്രസമ്മേളനത്തിൽ ജിഫ്രി മുത്തുകോയ തങ്ങൾ ഉമർ ഫൈസിയെ പരസ്യമായി തിരുത്തുകയും ചെയ്തിരുന്നു. പാണക്കാട് ഖാസി ഫൗണ്ടേഷൻ സമസ്ത വിരുദ്ധരുടെ സൃഷ്ടിയാണെന്ന് ഉമർ ഫൈസി പ്രസംഗിച്ചിരുന്നു. എന്നാൽ, ഖാസി ഫൗണ്ടേഷൻ സമസ്തക്ക് വിരുദ്ധമല്ലെന്ന് ജിഫ്രി മുത്തുകോയ തങ്ങൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *