ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ദോഹയിൽ ഇസ്രായേൽ ആക്രമണം.
ഖത്തർ ശക്തമായി അപലപിച്ചു.
ദോഹ: ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഇസ്രായേലി വ്യോമാക്രമണം. ഇസ്രായേലുമായി സമാധാന ചര്‍ച്ച നടത്തുന്നതിന് ദോഹ കേന്ദ്രീകരിച്ചിരിക്കുന്ന ഹമാസ് നേതൃത്വത്തിന് നേരെയാണ് ആക്രമണം നടന്നത്.വിധി ദിനം എന്നര്‍ത്ഥം വരുന്ന അത്സെറെത് ഹദിന്‍ എന്ന പേരിലാണ് ആക്രമണം എന്ന് ഇസ്രായേലി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ആക്രമണത്തെ കുറിച്ച് യുഎസിന് അറിയാമായിരുന്നുവെന്നും അവര്‍ ഗ്രീന്‍ലൈറ്റ് നല്‍കിയിരുന്നുവെന്നും ഇസ്രായേലി റിപോര്‍ട്ടുകള്‍ പറയുന്നു.
ദോഹയിലെ ഹമാസ് ജനറൽ ഹെഡ്ക്വാർട്ടേഴ്സിന് സമീപം പത്തോളം സ്ഫോടനങ്ങൾ കേട്ടതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ദോഹയിലുള്ള ഹമാസ് നേതാക്കളെ വകവരുത്താൻ ലക്ഷ്യമിട്ട് ഇസ്രയേലി എയർഫോഴ്സാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേലി ചാനൽ 12 റിപ്പോർട്ട് ചെയ്യു.

ഈ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളും മാനദണ്ഡങ്ങളും തുറന്നുവെച്ചുള്ള ലംഘനമാണെന്നും, ഖത്തറിലെ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയ്ക്ക് ഗൗരവമായ ഭീഷണിയാണെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഖത്തർ പ്രധാനമന്ത്രിയുടെയും വിദേശകാര്യ മന്ത്രിയുടെയും ഉപദേഷ്ടാവും മന്ത്രാലയ വക്താവുമായ ഡോ. മാജിദ് ബിൻ മുഹമ്മദ് അൽ അൻസാരി പ്രസ്താവനയിൽ പറഞ്ഞു:
“ഇസ്രയേൽ നടത്തിയ ഈ ഭീകരാക്രമണം അംഗീകരിക്കാനാകാത്തതാണ്. രാജ്യത്തിന്റെ സുരക്ഷയെയും സ്വാധീനത്തെയും ലക്ഷ്യമിട്ട് നടത്തുന്ന ഇത്തരം പ്രവൃത്തികൾ ഖത്തർ ഒരിക്കലും സഹിക്കില്ല.”
സംഭവത്തെ തുടർന്ന് സുരക്ഷാ സേന, സിവിൽ ഡിഫൻസ്, മറ്റ് ബന്ധപ്പെട്ട വകുപ്പുകൾ എന്നിവർ അടിയന്തര നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. താമസക്കാരുടെയും സമീപ പ്രദേശങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്.
“നടന്ന ആക്രമണത്തെ കുറിച്ച് ഏറ്റവും ഉയർന്ന തലത്തിൽ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടും,” എന്നും ഖത്തർ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.