ഇസ്രായേൽ യോഗ്യത നേടിയാൽ ലോകകപ്പിൽ പങ്കെടുക്കില്ലെന്ന് സ്പെയിൻ
റഷ്യക്കെതിരെ സ്വീകരിച്ച നടപടി പോലെ ഇസ്രായേലിനെയും അന്താരാഷ്ട്ര കായിക മത്സരങ്ങളിൽ നിന്ന് വിലക്കണം.
മാഡ്രിഡ്: 2026 കാനഡയിൽ നടക്കുന്ന ഫുട്ബോൾ ലോകകപ്പിൽ ഇസ്രായേൽ യോഗ്യത നേടുകയാണെങ്കിൽ കരുത്തരായ സ്പെയിൻ പങ്കെടുക്കില്ലെന്ന് സൂചന. ഗാസയിലെ മനുഷ്യാവകാശ വിരുദ്ധ നടപടികൾ ഇസ്രായേൽ തുടരുന്ന പക്ഷം അവർക്കൊപ്പം മത്സരിക്കാൻ സ്പെയിൻ ഒരുക്കമല്ല എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
രാജ്യത്തെ ഭരണകക്ഷിയായ സോഷ്യലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ വക്താവ് പാട്‌സി ലോപ്പസ് ഇസ്രായേൽ യോഗ്യത നേടുകയാണെങ്കിൽ ലോകകപ്പ് ബഹിഷ്കരിക്കുന്നതിനെ കുറിച്ച് ഉചിതമായ തീരുമാനം എടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. റഷ്യക്കെതിരെ സ്വീകരിച്ച നടപടി പോലെ ഇസ്രായേലിനെയും അന്താരാഷ്ട്ര കായിക മത്സരങ്ങളിൽ നിന്ന് വിലക്കണമെന്നും രാഷ്ട്രീയം കായികത്തിൽ കലരാൻ പാടില്ലെന്നും കായിക മന്ത്രി പിലാർ അലഗ്രിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
നിലവിൽ യോഗ്യതാ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച വെച്ച് മുന്നേറുകയാണ് ഇസ്രായേൽ. പ്ലേ ഓഫ് വഴിയും ലോകകപ്പ് പ്രവേശന സാധ്യത നിലനിൽക്കുന്നുണ്ട്. സ്പെയിൻ പിന്മാറിയാൽ കായിക ലോകത്തെ വലിയൊരു രാഷ്ട്രീയ ചർച്ചയായി മാറാൻ സാധ്യതയുണ്ട്.
അതേസമയം ഫിഫ സ്പെയിനിന്റെ മുന്നറിയിപ്പിനെ കുറിച്ച് ഇതുവരെ യാതൊരു പ്രതികരണവും പുറത്തുവിട്ടിട്ടില്ല.