എം.എസ്. ധോണി അഭിനയരംഗത്തേക്ക്? ആർ. മാധവനൊപ്പം “ദി ചേസ്” ടീസർ പുറത്തിറങ്ങി

ക്രിക്കറ്റ് ലോകത്ത് ചരിത്രമെഴുതിയ എം.എസ്. ധോണി ഇപ്പോൾ സിനിമാരംഗത്തേക്കും എത്തുകയാണോ എന്ന ആശങ്ക ആരാധകരിൽ. സംവിധായകൻ വാസൻ ബാല ഒരുക്കുന്ന ദി ചേസ് എന്ന പ്രോജക്റ്റിന്റെ ടീസർ പുറത്തുവന്നതോടെ, ധോണിയുടെ അഭിനയ അരങ്ങേറ്റമാണോ എന്നാണ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ച.
പുതിയ ടീസറിൽ ധോണിയും നടൻ ആർ. മാധവനും ഒന്നിച്ച് പ്രത്യക്ഷപ്പെടുന്നു. ഇരുവരും ടാസ്‌ക് ഫോഴ്സ് വേഷത്തിൽ, സൺഗ്ലാസും ആയുധങ്ങളും കരുതിയെത്തുന്ന രംഗമാണ് പ്രേക്ഷകരെ കൗതുകത്തിലാക്കിയത്. “One mission. Two fighters. Buckle up – a wild, explosive chase begins” എന്ന അടിക്കുറിപ്പോടെയാണ് മാധവൻ വീഡിയോ പങ്കുവെച്ചത്.
എന്നിരുന്നാലും ഇത് ഒരു പരസ്യപ്രചാരണമാണോ, വെബ് സീരീസാണോ, അല്ലെങ്കിൽ പൂർണ്ണദൈർഘ്യമുള്ള സിനിമയാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഇതുവരെ ധോണി പരസ്യങ്ങളിലും പ്രമോഷണൽ വീഡിയോയിലും മാത്രമാണ് അഭിനയിച്ചിട്ടുള്ളത്. അതിനാൽ, ദി ചേസ് യഥാർത്ഥ സിനിമയായാൽ, ധോണിയുടെ ഔദ്യോഗിക അഭിനയ അരങ്ങേറ്റം ആകും.
ടീസർ പുറത്തുവന്നതോടെ ആരാധകർ ആവേശത്തോടെയും പ്രതീക്ഷയോടെയും പ്രതികരിച്ചു. “ക്രിക്കറ്റ് ഗ്രൗണ്ടിൽ പോലെ തന്നെ സ്ക്രീനിലും ധോണി പൊളിക്കും” എന്നതാണ് ഭൂരിഭാഗം ആരാധകരുടെ അഭിപ്രായം.