ജന്മദിനാഘോഷത്തിനെന്ന വ്യാജേന പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു; കൊൽക്കത്തയിൽ രണ്ട് പേർക്ക് എതിരെ കേസ്
കൊൽക്കത്ത: കൊൽക്കത്തയിൽ 20-കാരിയായ യുവതിയെ ജന്മദിനാഘോഷത്തിനെന്ന വ്യാജേന കൂട്ടിക്കൊണ്ടുപോയി രണ്ട് പേർ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
സംഭവം ഹരിദേവ്പുര്‍ പ്രദേശത്താണ് നടന്നത്. സുഹൃത്തുക്കളായിരുന്ന പ്രതികൾ യുവതിയെ ഫ്ലാറ്റിലേക്ക് കൊണ്ടുപോയി പാർട്ടിക്കുശേഷം മുറിയിൽ തടഞ്ഞുവെച്ച് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. പെൺകുട്ടി പിന്നീട് രക്ഷപ്പെട്ട് വീട്ടിലെത്തിയ ശേഷമാണ് കുടുംബത്തിന്റെ സഹായത്തോടെ പരാതി നൽകിയത്.
പോലീസ് നൽകിയ വിവരമനുസരിച്ച്, പ്രതികളായി തിരിച്ചറിഞ്ഞിരിക്കുന്നത് ചന്ദൻ മല്ലിക്യും ദ്വീപ് ബിസ്വാസും ആണ്. ഇവരിൽ ഒരാൾ ദുർഗാപൂജ കമ്മിറ്റി പ്രവർത്തകനായും മറ്റൊരാൾ സർക്കാർ ജീവനക്കാരനായും അറിയപ്പെടുന്നവരാണ്. ഇരുവരും സംഭവത്തിന് ശേഷം ഒളിവിലാണ്.
പീഡിതയുടെ പരാതിയെ തുടർന്ന് ഹരിദേവ്പുര്‍ പോലിസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികളെ പിടികൂടാൻ വ്യാപകമായ തിരച്ചിൽ ആരംഭിച്ചതായി പോലിസ് അറിയിച്ചു.
സംഭവത്തെ തുടർന്ന് കൊൽക്കത്തയിൽ സ്ത്രീകളുടെ സുരക്ഷയെ കുറിച്ച് വീണ്ടും ഗുരുതരമായ ആശങ്കകൾ ഉയർന്നിരിക്കുകയാണ്. നാട്ടുകാർ കുറ്റവാളികളെ വേഗത്തിൽ പിടികൂടി കർശനമായി ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു.