Sunday, December 8, 2024
International News

ഇന്ത്യ കോക്കസ് നേതാവ് മൈക്ക് വാള്‍ട്‌സിനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി ഡൊണാള്‍ഡ് ട്രംപ് നിയമിച്ചു

യുഎസിലെ പുതിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി വിരമിച്ച ആര്‍മി നാഷണല്‍ ഗാര്‍ഡ് ഓഫീസറും ഇന്ത്യ കോക്കസിന്റെ തലവനുമായ മൈക്ക് വാള്‍ട്‌സിനെ നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തിരഞ്ഞെടുത്തു. ഈസ്റ്റ് സെന്‍ട്രല്‍ ഫ്‌ളോറിഡയില്‍ നിന്ന് മൂന്ന് തവണ യുഎസ് കോണ്‍ഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള അദ്ദേഹം ട്രംപിന്റെ വിശ്വസ്തനാണ്. അഫ്ഗാനിസ്ഥാനില്‍ ഒന്നിലധികം തവണ സന്ദര്‍ശനം നടത്തിയിട്ടുള്ള അദ്ദേഹം പെന്‍റഗണില്‍ രണ്ട് തവണ നയ ഉപദേശകനായും പ്രവര്‍ത്തിച്ചു. കോവിഡ് 19ന്റെ വ്യാപനത്തെത്തുടര്‍ന്നും ഷിന്‍ജിയാംഗില്‍ ഉയിര്‍ഗുര്‍ വശത്തില്‍പ്പെട്ടവരോട് മോശമായി പെരുമാറിയതിന്റെ പേരിലും 2022ല്‍ ചൈനയിലെ ബെയ്ജിംഗില്‍ നടന്ന ശീതകാല ഒളിമ്പിക്‌സ് യുഎസ് ബഹിഷ്‌കരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ നിയമനത്തിന് സെനറ്റിന്റെ സ്ഥിരീകരണം ആവശ്യമില്ല. അതേസമയം, ഉയര്‍ന്ന പദവിയാണത്. വലിയ ജോലി ഭാരവുമുണ്ട്. യുക്രെയ്നിന് യുഎസ് ആയുധം നല്‍കുന്നത് മുതല്‍ ഉത്തരകൊറിയയും റഷ്യയും തമ്മിലുള്ള വര്‍ധിച്ചുവരുന്ന സഖ്യം കൈകാര്യം ചെയ്യുന്നത് വരെയുള്ള ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ വാള്‍ട്‌സ് കൈകാര്യം ചെയ്യേണ്ടി വരും.

ഇന്ത്യ-യുഎസ് ബന്ധത്തിലെ മൈക്ക് വാള്‍ട്‌സിന്റെ നിലപാട്

യുഎസ് പ്രതിനിധി സഭയിലെ ഇന്ത്യന്‍ കോക്കസ് കോ-ചെയറാണ് അദ്ദേഹം. പ്രതിനിധി സഭയില്‍ ഒരു രാജ്യത്തെ പ്രതിനിധീകരിക്കുന്ന ഏറ്റവും വലിയ സമിതിയാണ് ഇന്ത്യ കോക്കസ്. ലോകത്തിലെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് പ്രതിജ്ഞാബദ്ധമാണ് ഇത്. ഇന്ത്യയുമായി ശക്തമായ പ്രതിരോധ, സുരക്ഷാ സഹകരണത്തിനായി വാള്‍ട്‌സ് വാദിച്ചിരുന്നു. “നമ്മള്‍ തമ്മിലുള്ള പങ്കാളിത്തം തുടരുന്നതിനും ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള രാഷ്ട്രീയ, സാമ്പത്തിക, സുരക്ഷാ ബന്ധങ്ങള്‍ ശക്തിപ്പെടുത്തിനും ഏഷ്യയിലെയും ലോകമെമ്പാടുമുള്ള ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനും ഈ കോണ്‍ഗ്രസിന്റെ ഹൗസ് ഇന്ത്യ കോക്കസിന്റെ കോ-ചെയര്‍ ആയി പ്രവര്‍ത്തിക്കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു,” മൈക്ക് വാള്‍ട്‌സ് കഴിഞ്ഞ വര്‍ഷം പറഞ്ഞിരുന്നു.

ഇന്തോ-പസഫിക് മേഖലയില്‍ ഒരു സംഘര്‍ഷമുണ്ടായാല്‍ അത് നേരിടാന്‍ യുഎസ് സൈന്യം വേണ്ടത്ര സജ്ജരല്ലെന്ന് അദ്ദേഹം വാദിക്കുന്നു. 2021ല്‍ അഫ്ഗാനില്‍ നിന്ന് യുഎസ് സൈന്യം പിന്‍വാങ്ങിയപ്പോള്‍ ബൈഡന്‍ ഭരണകൂടത്തെ അദ്ദേഹം നിശിതമായി വിര്‍ശിച്ചിരുന്നു. കൂടാതെ, ട്രംപിന്റെ വിദേശ നയത്തെ പരസ്യമായി പ്രശംസിക്കുകയും ചെയ്തു.

യുഎസ് സൈന്യത്തിന് നേട്ടമാകുമോ?

യുക്രെയ്നിനെക്കറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ വിശാലമായതാണെന്ന് അദ്ദേഹം പറഞ്ഞു. 2022ല്‍ റഷ്യ നടത്തിയ യുക്രെയ്ന്‍ അധിനിവേശത്തിന് ശേഷം റഷ്യന്‍ സേനയെ പിന്തിരിപ്പിക്കുന്നതിന് കീവിന് കൂടുതല്‍ കൂടുതല്‍ ആയുധങ്ങള്‍ നല്‍കണമെന്ന് അദ്ദേഹം ബൈഡന്‍ ഭരണകൂട്തതിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഉക്രൈനിലെ അമേരിക്കയുടെ താത്പര്യങ്ങള്‍ വീണ്ടും വിലയിരുത്തേണ്ടതുണ്ടെന്ന് കഴിഞ്ഞമാസം നടന്ന ഒരുപരിപാടിക്കിടെ അദ്ദേഹം പറഞ്ഞിരുന്നു.

വംശീയതയെക്കുറിച്ചുള്ള ചില സിദ്ധാന്തങ്ങള്‍ പഠിപ്പിക്കുന്നതിനെ എതിര്‍ക്കുന്ന ഒരു യാഥാത്ഥിതിക പ്രസ്ഥാനത്തിന്റെ മുന്‍നിരയില്‍ മൈക്ക് വാള്‍ട്‌സ് ഉണ്ടായിരുന്നു. സൈനിക ഉദ്യോഗസ്ഥരെയും അദ്ദേഹം ഇതിന്റെ പേരില്‍ വിമര്‍ശിച്ചിട്ടുണ്ട്. ക്രിട്ടിക്കൽ റേസ് തിയറി പഠിപ്പിച്ചതിന് വെസ്റ്റ് പോയിന്റെലെ യുഎസ് മിലിട്ടറി അക്കാദമിയെയും അദ്ദേഹം വിമര്‍ശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *