എം.എസ് പെയിന്റ് ഇനി എ.ഐ കളറാകും
വിൻഡോസ് പെയിന്റിൽ നക്ഷത്രവും ഷഡ്ഭുജവും വരച്ചാണ്, കുഞ്ഞുന്നാളിൽ നമ്മിൽ പലരും കമ്പ്യൂട്ടറിലെ വൈദഗ്ധ്യം വീട്ടുകാർക്കും കൂട്ടുകാർക്കുമെല്ലാം കാണിച്ചുകൊടുത്തത്. അത്രമേൽ നൊസ്റ്റാൾജിയ നിറങ്ങൾ നിറഞ്ഞ വിൻഡോസ് പെയിന്റിനിപ്പോൾ എ.ഐ വർണം. ഇനിയിപ്പോൾ നമ്മുടെ ‘എ.ഐ വൈദഗ്ധ്യം’ തള്ളിമറിക്കാൻ വിൻഡോസ് 11ലെ പെയിന്റ് ആപ്പിൽ വന്നിരിക്കുന്ന നിർമിത ബുദ്ധി ഫീച്ചറുകൾ എടുത്ത് വീശാം. ടെക്സ്റ്റ് പ്രോംപ്റ്റ് നൽകിയാൽ അതിന്റെ അടിസ്ഥാനത്തിൽ ഇമേജ് ജനറേഷനും ഫില്ലിങ്ങും സാധ്യമാണെന്ന്, മൈക്രോസോഫ്റ്റ് വൃത്തങ്ങൾ അറിയിച്ചു. ഇതിനു പുറമെ, കമ്പനി ജനറേറ്റിവ് ഇറേസ് ഫീച്ചർ എന്ന പുതിയ ഫീച്ചറും അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ, കോ ക്രിയേറ്ററിലും ഇമേജ് ക്രിയേറ്ററിലും അപ്ഡേറ്റുകളും കൊണ്ടുവന്നിട്ടുണ്ട്.
ജനറേറ്റിവ് ഫിൽ
ജനറേറ്റിവ് ഫിൽ ആണ് ഏറ്റവും വലിയ ഹൈലൈറ്റ് എന്ന് കമ്പനി പറയുന്നു. അഡോബി ഫോട്ടോഷോപ്പിലേതുപോലെ എം.എസ് പെയിന്റിലെ ജനറേറ്റിവ് ഫിൽ പ്രവർത്തിക്കും. അതായത്, ഇമേജുകളിലേക്ക് എ.ഐ ജനറേറ്റഡ് ഒബ്ജക്ടുകൾ ചേർക്കാൻ സാധിക്കുമെന്നർഥം. ഇതിനായി പെയിന്റ് ടൂൾബാറിലെ സെലക്ഷൻ ടൂൾ ഉപയോഗിച്ച്, ഒബ്ജക്ട് ചേർക്കേണ്ട ഭാഗം സെലക്ട് ചെയ്താണ് തുടങ്ങേണ്ടത്. തുടക്കത്തിൽ ചില സിസ്റ്റങ്ങളിൽ മാത്രമാണ് ലഭ്യമാവുക. ഇമേജിലെ ചില പ്രത്യേക ഒബ്ജക്ടുകൾ മാത്രമായി മായ്ക്കാനാണ് ‘ജനറേറ്റിവ് ഇറേസ്’ ഫീച്ചർ. മായ്ച്ച ഭാഗം എ.ഐ സഹായത്തോടെ ചിത്രത്തിന് യോജിച്ച വിധം ഫിൽ ചെയ്യും. എല്ലാ വിൻഡോസ് 11ലും ഈ ഫീച്ചർ ലഭ്യമാകും.