Thursday, November 21, 2024
Latest

അധ്യാപികയെ കുട്ടിയുടെ പേരിൽ വ്യാജ ലൈംഗിക ആരോപണത്തിൽ കുടുക്കിയ ചൈൽഡ് ലൈൻ പ്രവർത്തകന് അഞ്ചര വർഷം കഠിനതടവ്

അധ്യാപിക പിന്നീട് ജീവനൊടുക്കിയിരുന്നു.കേരളത്തിൽ ആദ്യമായാണ് പോക്സോ നിയമം ദുരുപയോഗം ചെയ്തതിന് ചൈൽഡ് ലൈൻ പ്രവർത്തകനെതിരെ

ഇടുക്കിയിൽ ഒൻപതാം ക്ളാസ് വിദ്യാർത്ഥിയെ ഭീഷണിപ്പെടുത്തി സ്കൂൾ കൗൺസിലറായ അധ്യാപികയ്ക്കെതിരെ ലൈംഗിക പരാതി എഴുതി വാങ്ങി പോക്സോ കേസിൽ കുടുക്കാൻ ശ്രമിച്ച ചൈൽഡ് ലൈൻ പ്രവർത്തകന് അഞ്ചര വർഷം കഠിന തടവും 1.36 ലക്ഷം രൂപ പിഴയും.മൂന്നാറിലെ ചൈൽഡ് ലൈൻ പ്രവർത്തകനായ ഇക്കാനഗർ സ്വദേശി ജോൺ എസ്.എഡ്വിനാണ് ശിക്ഷ ലഭിച്ചത്.കേരളത്തിൽ ആദ്യമായാണ് പോക്സോ നിയമം ദുരുപയോഗം ചെയ്തതിന് ചൈൽഡ് ലൈൻ പ്രവർത്തകനെതിരെ ഇത്തരത്തിൽ ഒരു കേസ് രജിസ്റ്റർ ചെയ്യുന്നത്. ഇടുക്കി അതിവേഗ കോടതി ജഡ്ജി ലൈജുമോൾ ഷെരീഫാണ് ശിക്ഷ വിധിച്ചത്.

സ്കൂളിലെ കൗൺസിലറായി എത്തിയ യുവതി വിദ്യാർത്ഥിയെ ലൈംഗികമായി ഉപയോഗിച്ചു എന്ന പരാതി ജോൺ കുട്ടിയെ ഭീഷണിപ്പെടുത്തി എഴുതി വാങ്ങി എന്നായിരുന്നു കേസ്. 2020ൽ ജനുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സംഭവത്തെ തുടർന്ന് മാനസിക സമ്മർദത്തിലായ അദ്ധ്യാപിക രോഗിയായി.അവർ ഏറെ വൈകാതെ ജീവനൊടുക്കി.

കൗൺസിലറായ യുവതി കുട്ടികളുമായി നല്ല അടുപ്പത്തിലായിരുന്നു. ഇതിൽ സ്കൂളിലെ ചില അധ്യാപകർക്ക് അവരോട് വിരോധമുണ്ടായിരുന്നു. ഇതേ തുടർന്നാണ് ഒരു ആൺകുട്ടിയെ യുവതി ദുരുപയോഗം ചെയ്തു എന്ന പരാതി ചൈൽഡ് ലൈനിന് കിട്ടിയത്. ഉടൻ ചൈൽഡ് ലൈൻ പ്രവർത്തകനായ ജോൺ സ്കൂളിലെത്തി കുട്ടിയുടെ പക്കൽ നിന്ന് പരാതി വാങ്ങി പോലീസിന് കൈമാറി.

എന്നാൽ സംഭവം വ്യാജമാണെന്ന് മൊഴി എടുത്തപ്പോൾ പോലീസിന് മനസിലായി.വിദ്യാർത്ഥിയെ ഭീഷണിപ്പെടുത്തി കൗൺസിലർക്കെതിരെ മൊഴി വാങ്ങുകയായിരുന്നു എന്ന് പൊലീസിന് വ്യക്തമായി.അടച്ചിട്ട മുറിയിൽ തന്നെ തനിച്ചിരുത്തി ഭീഷണിപ്പെടുത്തിയാണ് ജോൺ പരാതി എഴുതി വാങ്ങിയതെന്നായിരുന്നു കുട്ടി പൊലീസിനോട് വെളിപ്പെടുത്തിയത്.

ഇതേത്തുടർന്ന് പൊലീസ് ജോണിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.അന്നത്തെ മൂന്നാർ സി ഐ ആയിരുന്ന റെജി എം കുന്നിപ്പറമ്പിൽ ആയിരുന്നു കേസന്വേഷിച്ചത്. കേസിൽ മാധ്യമ വാർത്തകളടക്കം പരിശോധിച്ചാണ് പൊലീസ് കുറ്റം തെളിയിച്ചത്.

ചൈൽഡ് ലൈനിൽ പരാതി നൽകിയപ്പോഴേക്കും പൊലീസ് അധ്യാപികയ്ക്കെതിരെ കേസെടുത്തു എന്ന രീതിയിൽ ജോൺ മാധ്യമങ്ങളിൽ വാർത്തകൾ നൽകി. എന്നാൽ പോലീസ് കുട്ടിയുടെ പരാതി സ്വീകരിക്കുക മാത്രമായിരുന്നു ചെയ്തത്. സാക്ഷികളായ മാധ്യമ പ്രവർത്തകരുടെ മൊഴിയിൽ ഇത് വ്യക്തമായി.

പ്രതിയ്ക്ക് എതിരെ പോക്സോ, ജുവനൈൽ ജസ്റ്റിസ് ആക്റ്റ് എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തത്. ഭീഷണിപ്പെടുത്തലിനും കേസ് ഉണ്ടായിരുന്നു.പിഴത്തുക മരിച്ച അധ്യാപികയുടെ അവകാശികൾക്ക് നൽകാൻ കോടതി നിർദ്ദേശം നൽകി. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ഷിജോ മോൻ ജോസഫ് ഹാജരായി

Leave a Reply

Your email address will not be published. Required fields are marked *