Sunday, December 8, 2024
Latest

ഒൻപതാമത് കേസരി നായനാർ പുരസ്കാരം നിലമ്പൂർ ആയിഷയ്ക്ക്

നിലമ്പൂർ ആയിഷ സാമൂഹ്യ പ്രവർത്തനങ്ങളിലും സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളിലും സജീവമായി പ്രവർത്തിച്ചുവരികയാണ്

കണ്ണൂർ ജില്ലയിലെ കലാ സാംസ്‌കാരിക സംഘടനയായ ഫെയ്‌സ് മാതമംഗലം ഏർപ്പെടുത്തിയ കേസരി നായനാർ പുരസ്‌കാരം നാടക ചലചിത്ര നടി നിലമ്പൂർ ആയിഷയ്ക്ക്. മലയാളത്തിലെ ആദ്യ കഥാകൃത്തും നിയമസഭാ സാമാജികനും സാമൂഹ്യ പരിഷ്‌കരണവാദിയുമായ വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ സ്‌മരണയ്ക്ക് 2014 മുതൽ നൽകി വരുന്നതാണ് കേസരി നായനാർ പുരസ്ക്‌കാരം. ഇ. പി രാജഗോപാലൻ, കരിവെള്ളൂർ മുരളി, ഡോ. ജിനേഷ്‌കുമാർ എരമം എന്നിവരാണ് ജൂറി അംഗങ്ങൾ.

ഏഴു പതിറ്റാണ്ടുകാലത്തെ സംഭവബഹുലമായ അഭിനയ ജീവിതത്തിലൂടെ മലയാള നാടകവേദിയെ ശക്തമാക്കുകയും ശ്രദ്ധേയമാക്കുകയും ചെയ്‌ത പെൺകരുത്തിൻ്റെ എക്കാലത്തേയും വലിയ പ്രതീകമാണ് നിലമ്പൂർ ആയിഷ എന്ന് ജുറി അഭിപ്രായപ്പെട്ടു. നിലമ്പൂർ ആയിഷ സാമൂഹ്യ പ്രവർത്തനങ്ങളിലും സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളിലും സജീവമായി പ്രവർത്തിച്ചുവരികയാണ്.
ഇരുപത്തയ്യായിരം രൂപ കാഷ് അവാർഡും ശില്പ‌വും പ്രശസ്‌തിപത്രവുമടങ്ങുന്നതാണ് കേസരി നായനാർ പുരസ്ക്‌കാരം. 2024 ഡിസംബർ ആദ്യവാരം മാതമംഗലത്ത് വെച്ച് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ പുരസ്‌കാരം വിതരണം ചെയ്യും.

ഇ. സന്തോഷ് കുമാർ (കഥ), ടി. ഡി. രാമകൃഷ്ണൻ (നോവൽ), എം. ജി. രാധാകൃഷ്‌ണൻ (മാധ്യമം), കെ. സച്ചിദാനന്ദൻ (കവിത), സുനിൽ പി. ഇളയിടം (പ്രഭാഷണം), ഇ. പി. രാജഗോപാലൻ (നിരൂപണ സാഹിത്യം), ടി. പത്മനാഭൻ (കഥ), കെ. കെ. ഷാഹിന (മാധ്യമം) എന്നിവർക്കാണ് ഇതിനു മുൻപ് കേസരി നായനാർ പുരസ്‌കാരം ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *