Thursday, November 21, 2024
Latest

Sabarimala Ropeway: ശബരിമല റോപ് വേ പദ്ധതിക്കായി വനഭൂമിക്ക് പകരം റവന്യൂ ഭൂമി നൽകുന്നതിനുള്ള ഉത്തരവ് പുറത്തിറക്കി

പദ്ധതിക്കായി 4.5336 ഹെക്‌ടർ വനഭൂമിയാണ് ഏറ്റെടുക്കുന്നത്. ഇതിന് ബദലായി കൊല്ലം ജില്ലയിലെ ശെന്തുരുണി വൈൽഡ് ലൈഫ് ഡിവിഷന്റെ കീഴിലുള്ള കട്ടിളപ്പാറ സെറ്റിൽമെന്റിൽ ഭൂമിയാണ് കണ്ടെത്തിയത്

പത്തനംതിട്ട: ശബരിമല റോപ് വേ പദ്ധതിക്കായി ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരം റവന്യൂ ഭൂമി നൽകുന്നതിനുള്ള ഉത്തരവ് പുറത്തിറക്കി സർക്കാർ. വനംവകുപ്പിന്റെ എതിർപ്പ് ഉൾപ്പെടെ പരിഹരിച്ചുകൊണ്ടാണ് പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുന്നത്. പദ്ധതിക്കായി 4.5336 ഹെക്‌ടർ വനഭൂമിയാണ് ഏറ്റെടുക്കുന്നത്. ഇതിന് ബദലായി കൊല്ലം ജില്ലയിലെ ശെന്തുരുണി വൈൽഡ് ലൈഫ് ഡിവിഷന്റെ കീഴിലുള്ള കട്ടിളപ്പാറ സെറ്റിൽമെന്റിൽ ഭൂമിയാണ് കണ്ടെത്തിയത്.

റവന്യൂ ഭൂമിയുടെ ഉടമസ്ഥാവകാശം വനംവകുപ്പിന്റെ പേരിൽ പോക്കുവരവ് ചെയ്ത് നൽകുന്നതിനായി കൈമാറികൊണ്ടാണ് സർക്കാർ ഉത്തരവിറക്കിയത്. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പുറപ്പെടുവിച്ച മാർഗനിർദേശം പ്രകാരം പരിഹാര വനവത്‌കരണത്തിനായാണ് ഭൂമി വനംവകുപ്പിന് കൈമാറുന്നത്.

പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള ചരക്കുനീക്കം അപകടരഹിതവും സുഗമവുമാക്കാനും അത്യാവശ്യഘട്ടങ്ങളിൽ ആംബുലൻസ് സർവീസായി ഉപയോഗിക്കുന്നതിനുമാണ് റോപ് വേ നിർമിക്കുന്നത്. 2.7 കിലോമീറ്റർ ദൂരത്തിൽ റോപ് വേ നിർമിക്കുമെന്നാണ് വിവരം. 2011ലാണ് പദ്ധതിക്ക് തുടക്കം കുറിച്ചതെങ്കിലും 2019ലാണ് ആദ്യ സർവേ നടന്നത്.2023 മേയിൽ സർവേ പൂർത്തിയായെങ്കിലും വനംവകുപ്പ് തടസവാദമുന്നയിച്ചു. തുടർന്ന് അലൈമെന്റിൽ മാറ്റംവരുത്തി ഹൈക്കോടതിയുടെ നിർദേശ പ്രകാരം സർവേ നടത്തി സ്‌കെച്ചും പ്ലാനും തയാറാക്കി കോടതിയിൽ സമർപ്പിച്ചു. വനംവകുപ്പ് നൽകിയ റിപ്പോർട്ടിൽ 17 മരങ്ങൾ ഭാഗികമായും 70 മരങ്ങൾ പൂർണമായും മുറിക്കേണ്ടി വരുമെന്ന് വ്യക്തമാക്കിയിട്ടുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *