Sunday, December 8, 2024
LatestPolitics

വയനാട്ടിൽ സജീവ ചർച്ചയായി വഖഫ് വിവാദം; മാനന്തവാടിയിലെ അഞ്ചു കുടുംബങ്ങൾ നിയമ നടപടിക്ക് ഒരുങ്ങുന്നു

ഉപതെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ വയനാട്ടിൽ സജീവ ചർച്ചയായി വഖഫ് വിവാദം. മാനന്തവാടി മണ്ഡലത്തിലെ തലപ്പുഴയിൽ വഖഫ് ബോർഡിന്റെ കുടിയൊഴിപ്പിക്കൽ നോട്ടീസ് ലഭിച്ച അഞ്ചു കുടുംബങ്ങളാണ് നിയമ നടപടിക്ക് ഒരുങ്ങുന്നത്. തലമുറകളായി താമസിക്കുന്ന സ്ഥലത്ത് നിന്ന് ഒഴിയാനാവില്ലെന്ന നിലപാടിലാണ് നോട്ടീസ് ലഭിച്ച കുടുംബങ്ങൾ. അതിനിടെ മുനമ്പം മോഡൽ സമരമുഖം വയനാട്ടിൽ ഉണ്ടാകുമെന്ന് വ്യക്തമാക്കി ബിജെപി നേതൃത്വം രംഗത്തെത്തി.

നാലു പതിറ്റാണ്ടിലേറെയായി താമസിക്കുന്ന ഭൂമിയിൽ നിന്ന് ഒഴിഞ്ഞുമാറണമെന്ന് ആവശ്യപ്പെട്ടാണ് തലപ്പുഴയിലെ അഞ്ച് കുടുംബങ്ങൾക്ക് വഖഫ് ബോർഡിന്റെ നോട്ടീസ് ലഭിച്ചിരിക്കുന്നത്. 5.75 ഏക്കർ ഭൂമിയാണ് വഖഫിന്റെതായി നോട്ടീസിൽ പറയുന്നത്. ഇതിൽ 1.7 ഏക്കർ ഭൂമി നിലവിൽ തലപ്പുഴ മദ്രസയും പള്ളിയും ഖബറും ഉൾപ്പെടുന്ന സ്ഥലമാണ്. ശേഷിക്കുന്ന ഭൂമിയിൽ നിന്ന് ഒഴിഞ്ഞു തരണമെന്നാണ് നോട്ടീസിലെ പരാമർശം. വരുന്ന പതിനാറാം തീയതി കൊച്ചിയിലെ വഖഫ് ബോർഡിന്റെ ഓഫീസിൽ ഭൂമിയുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാനും.

പത്തൊമ്പതാം തീയതി നോട്ടീസിൽ അറിയിച്ചിരിക്കുന്നത് പോലെ ഭൂമിയുടെ അവകാശം സംബന്ധിച്ച കാര്യങ്ങൾ ഗൂഗിൾ മീറ്റിൽ ബോർഡിനെ ബോധ്യപ്പെടുത്തണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, രാഷ്ട്രീയ പിന്തുണ ഉറപ്പാക്കി വഖഫ് ബോർഡിന്റെ നീക്കത്തെ നിയമപരമായി കൂടി നേരിടാൻ ഒരുങ്ങുകയാണ് നോട്ടീസ് ലഭിച്ച കുടുംബങ്ങൾ. അതിനിടെ കുടുംബങ്ങൾക്ക് പിന്തുണയുമായി എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസ് ഉൾപ്പെടെയുള്ളവർ തലപ്പുഴയിലെത്തി. വഖഫ് ബോർഡിന്റെ ഭാഗത്തുനിന്ന് പ്രതികൂല തീരുമാനം ഉണ്ടായാൽ കുടുംബങ്ങളെ ഏതുവിധേനയും സംരക്ഷിക്കുമെന്ന നിലപാടിലാണ് ബിജെപി. മണ്ഡലത്തിലെ ക്രൈസ്തവ സഭ നേതൃത്വത്തെ ഒപ്പം നിർത്തിക്കൊണ്ട് മുനമ്പത്തേതിന് സമാനമായി പ്രതിഷേധം കടുപ്പിക്കാനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *