ബിജെപി കൗൺസിലറുടെ മരണം: ആത്മഹത്യക്കു പിന്നിൽ സിപിഎമ്മും പോലീസും; ബിജെപിയാണ് ഉത്തരവാദിയെന്ന് കുറിപ്പിൽ പറഞ്ഞിട്ടില്ല: വി. മുരളീധരന്‍
തിരുവന്തപുരം: ബിജെപി കൗണ്‍സിലര്‍ അനില്‍ കുമാറിനെ ആത്മഹത്യയിലേക്ക് നയിച്ചത് പോലീസും സിപിഎമ്മും ചേര്‍ന്നാണെന്ന് മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍. അദ്ദേഹത്തിന്റെ മരണത്തിന് പിന്നിലെ സത്യാവസ്ഥ പുറത്തുവരണമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയാണ് ഉത്തരവാദിയെന്ന് ആത്മഹത്യക്കുറിപ്പില്‍ അനില്‍ പറഞ്ഞിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു.
‘അനിലിനെ ആത്മഹത്യയിലേക്ക് നയിച്ചത് പോലീസും സിപിഎമ്മും ചേര്‍ന്നാണ്. മരണത്തിലെ സത്യാവസ്ഥ പുറത്തുവരണം. നിഷ്പക്ഷമായ അന്വേഷണം നടക്കണം. സിപിഎമ്മിന്റെ കോര്‍പ്പറേഷന്‍ ഭരണത്തിലും സംസ്ഥാന ഭരണത്തിലുമുള്ള അഴിമതിക്കഥകള്‍ കാരണം പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യമുണ്ടായി. അതിനെ പ്രതിരോധിക്കാന്‍ നടത്തിയ ശ്രമങ്ങളുടെ ഫലമാണ് അനിലിന്റെ മരണം. രാഷ്ട്രീയ വേട്ട സിപിഎം അവസാനിപ്പിക്കണം. അനിലിന്റെ മരണത്തിലേക്ക് നയിച്ച കാരണങ്ങളേക്കുറിച്ച് അന്വേഷണം വേണം’, അദ്ദേഹം പറഞ്ഞു.
സഹകരണ സംഘത്തില്‍നിന്ന് വായ്പ കൊടുക്കുന്ന എല്ലാവരും സംഘത്തിലെ ആള്‍ക്കാരാകും. അവര്‍ തിരിച്ചടക്കുമെന്ന വിശ്വാസത്തിലാണ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ വായ്പ കൊടുക്കുന്നത്. അവരെ നമ്മുടെ ആളുകള്‍ എന്ന് വിളിക്കുന്നതില്‍ എന്താണ് തെറ്റ്. നമ്മുടെ ആളുകള്‍ എന്ന് അനില്‍ പറഞ്ഞത് എല്ലാവരെയും ആണ്. സഹകരണ സംഘത്തില്‍നിന്ന് വായ്പ എടുത്ത എല്ലാവരെയും കുറിച്ചാണ്. ബിജെപിക്കാരെ മാത്രം അല്ലെന്നും മുരളീധരന്‍ പറഞ്ഞു. കരുവന്നൂരില്‍ 300 കോടി തട്ടിപ്പ് നടത്തിയിട്ടും പ്രസിഡന്റിനെ വിളിച്ച് വരുത്തിയില്ല. ഇവിടെ ആറു കോടി ബാധ്യത വന്നയാളെ വിളിപ്പിച്ചത് ആരുടെ താല്പര്യ പ്രകാരമാണെന്നും അദ്ദേഹം ആരാഞ്ഞു.
പമ്പയിലെ ആഗോള അയ്യപ്പ സംഗമം പരാജയമാണെന്നും മുരളീധരന്‍ പറഞ്ഞു. മാധ്യമങ്ങളെ അടക്കം അവഹേളിക്കുന്ന പ്രതികരണമാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വം നടത്തിയത്. ഒഴിഞ്ഞ കസേരകളുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് ആളില്ലെങ്കില്‍ ഇരിക്കപ്പൊറുതി ഉണ്ടാകില്ല. അതിനാല്‍ അവിടെ മാത്രം ആളെ കയറ്റി. മന്ത്രി വി. വാസവനോട് ഒരുപാട് നന്ദിയുണ്ട്. നിങ്ങള്‍ ആക്ഷേപിച്ചിരുന്നയാളാണ് യോഗി ആദിത്യനാഥ്. അദ്ദേഹം ബഹുമാന്യനാണെന്നും അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് വിലയുണ്ടെന്നും പൊതുവേദിയില്‍ വന്ന് യോഗി ആദിത്യനാഥിന്റെ സര്‍ട്ടിഫിക്കറ്റ് വായിച്ച് പുളകം കൊള്ളുന്നത് കണ്ടു. വിഴിഞ്ഞത്തുവെച്ച് അദാനി പാര്‍ട്ണര്‍ ആണെന്ന് വാസവന്‍ പറഞ്ഞു. ഇപ്പോള്‍ അദ്ദേഹത്തിന് യോഗി ആദിത്യനാഥിനോട് ബഹുമാനമുണ്ടെന്ന് പറയുന്നു, മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
അയ്യപ്പസംഗമത്തിലൂടെ ശബരിമലയുടെ വികസനം സ്വകാര്യ പങ്കാളിത്തത്തിലൂടെ നടപ്പാക്കണമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ശബരിമലയുടെ വികസനത്തിന് സ്വകാര്യപങ്കാളിത്തത്തിലൂടെ എത്രകോടി രൂപ ലഭിക്കുമെന്ന വസ്തുത നിയമസഭയില്‍ എങ്കിലും മുഖ്യമന്ത്രി വെളിപ്പെടുത്തണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.