സമസ്തയുമായി ബന്ധം സ്ഥാപിക്കാൻ ബിജെപി; ജിഫ്രി മുത്തുകോയ തങ്ങളുമായി ന്യൂനപക്ഷ മോർച്ച നേതാക്കൾ കൂടിക്കാഴ്ച നടത്തി
കോഴിക്കോട്: സമസ്തക്കകത്ത് വിവാദങ്ങൾ പുകയുന്നതിനിടെ പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച്ച നടത്തി ബിജെപി നേതാക്കൾ. ബിജെപി ദേശീയ നേതാവും കേന്ദ്ര ന്യൂനപക്ഷ മോർച്ച പ്രസിഡണ്ടുമായ ജമാൽ സിദ്ദീഖിന്റെ നേതൃത്വത്തിൽ ന്യൂനപക്ഷമോർച്ച സംസ്ഥാന നേതാക്കൾ കോഴിക്കോട് സമസ്ത കാര്യാലയത്തിൽ എത്തി ജിഫ്രി തങ്ങളുമായി കൂടിക്കാഴ്ച നടത്തി. സമസ്ത പ്രസിഡണ്ടിനെ ജമാൽ സിദ്ദീഖ് പൊന്നാട അണിയിച്ചു.

കൂടിക്കാഴ്ചക്ക് ശേഷം ബിജെപി നേതാക്കൾ നടത്തിയ പത്രസമ്മേളനം ഇതിനോടകം വിവാദമായിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചും ബിജെപിയുടെ പ്രവർത്തനങ്ങളെക്കുറിച്ചും ജിഫ്രി തങ്ങളുമായി ചർച്ചചെയ്യുകയും വരാനിരിക്കുന്ന സമസ്ത നൂറാം വാർഷിക സമ്മേളനത്തിലേക്ക് പ്രധാനമന്ത്രിയെ കൊണ്ടുവരാനുള്ള താല്പര്യം ജിഫ്രി തങ്ങൾ അറിയിക്കുകയും ചെയ്തു എന്ന് ന്യൂനപക്ഷ മൂർച്ച നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സമ്മേളനവുമായി ബന്ധപ്പെട്ട് സഹായങ്ങൾ ആവശ്യമാണെങ്കിൽ നൽകാൻ തയ്യാറാണെന്ന് ബിജെപി നേതാക്കൾ ഉറപ്പു നൽകുകയും ചെയ്തു.

എന്നാൽ, ബിജെപി നേതാക്കളുമായി ഒരു സൗഹൃദ സംഭാഷണം മാത്രമാണ് നടന്നതെന്നും സമസ്തയെ കുറിച്ചും വരാനിരിക്കുന്ന സമസ്തയുടെ സമ്മേളനത്തെക്കുറിച്ചും അവരോട് സംസാരിച്ചിരുന്നു എന്നല്ലാതെ നരേന്ദ്രമോദിയെ പരിപാടിയിലേക്ക് ക്ഷണിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചിട്ടില്ലെന്ന് ജിഫ്രി തങ്ങൾ അറിയിച്ചതായി സമസ്തയുടെ നേതാക്കൾ പറഞ്ഞു.
ഇന്ത്യൻ എക്സ്പ്രസ് പുറത്തിറക്കിയ സമസ്തയുടെ കോഫി ടേബിൾ ബുക്ക് ബിജെപി നേതാക്കൾക്ക് ജിഫ്രി മുത്തുകോയ തങ്ങൾ സമ്മാനിച്ചു.