ഡിവൈഎഫ്ഐക്കെതിരെ കാന്തപുരം സുന്നീ വിഭാഗം കാമ്പയിൻ.
കോഴിക്കോട്: ഓണാഘോഷം അന്യമത ആചാരമാണെന്ന സ്കൂൾ അധ്യാപികയുടെ ശബ്ദ സന്ദേശത്തിനെതിരെ പ്രതിഷേധിച്ച ഡിവൈഎഫ്ഐ ക്കെതിരെ കാന്തപുരം സുന്നി വിഭാഗം വിദ്യാർത്ഥി സംഘടന എസ്എസ്എഫ് രംഗത്ത്. സ്യൂഡോ സെക്യുലറിസം വർഗീയതയെക്കാൾ അപകടം എന്ന പ്രമേയത്തിലാണ് എസ്എസ്എഫ് ക്യാമ്പയിൻ.
ഡിവൈഎഫ്ഐക്ക് രാഷ്ട്രീയം പഠിപ്പിക്കുമെന്ന് എസ്എസ്എഫ് സംസ്ഥാന കമ്മിറ്റി ഫേസ്ബുക്ക് പേജിൽ കുറിച്ചിട്ടുണ്ട്. പൊതുവെ, ഇടതുപക്ഷ അനുകൂല രാഷ്ട്രീയം പിന്തുണക്കുന്ന കാന്തപുരം സുന്നീ വിഭാഗത്തിന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു നീക്കം പുതിയ രാഷ്ട്രീയ വാർത്തയാവുകയാണ്.
തൃശ്ശൂരിലെ കാന്തപുരം സുന്നികളുടെ മേൽനോട്ടത്തിൽ ഉള്ള സ്കൂളിലെ അധ്യാപികയാണ് ഓണാഘോഷകത്തിനെതിരെ ശബ്ദ സന്ദേശം അയച്ചത്. ഇതിനു പിന്നാലെ, അധ്യാപികയെ സ്കൂളിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
ഡിവൈഎഫ്ഐ സ്കൂളിനെതിരെയും മാനേജ്മെൻറ് നെതിരെയും ശക്തമായ രീതിയിൽ പ്രതിഷേധ പരിപാടികൾ നടത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് എസ്എസ്എഫ് ഒരു തുറന്ന യുദ്ധത്തിന് രംഗത്തുവരുന്നത്.