NationalPolitics

വോട്ട് കൊള്ള തിരിച്ചറിഞ്ഞത് തീർത്തും യാദൃശ്ചികമായി; രാഹുൽഗാന്ധിയുടെ വെളിപ്പെടുത്തൽ

ന്യൂഡൽഹി ∙ കർണാടകയിലെ അലന്ദ് മണ്ഡലത്തിലെ 6,018 വോട്ടുകൾ നീക്കം ചെയ്യാൻ ശ്രമിച്ച സംഭവം യാദൃച്ഛികമായാണു തിരിച്ചറിഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് വോട്ടുകൊള്ളയുമായി ബന്ധപ്പെട്ട കാര്യങ്ങൾ രാഹുൽ ഗാന്ധി വിശദീകരിച്ചത്.

“അലന്ദ് മണ്ഡലത്തിൽ 6,018 വോട്ടുകൾ നീക്കം ചെയ്യാൻ ആരോ ശ്രമിച്ചിട്ടുണ്ട്. 2023 തിരഞ്ഞെടുപ്പിൽ അലന്ദിലെ എത്ര വോട്ടുകൾ നീക്കിയെന്ന് അറിയില്ല. അത് ചിലപ്പോൾ 6,018 ലും കൂടുതലായിരിക്കും. യാദ്യച്‌ചഛികമായാണ് വോട്ടു നീക്കം ചെയ്യാനുള്ള സംഭവം കണ്ടെത്തിയത്. തൻ്റെ അമ്മാവന്റെ വോട്ടു നീക്കിയത് ഒരു വനിതാ ബൂത്ത് ലെവൽ ഓഫിസറുടെ ശ്രദ്ധയിൽപെടുകയായിരുന്നു. ആരാണ് തൻ്റെ അമ്മാവന്റെ വോട്ട് നീക്കിയതെന്ന് അവർ പരിശോധിച്ചു. സ്വന്തം അയൽക്കാരനാണ് അതു ചെയ്തതെന്നു കണ്ടെത്തി. എന്നാൽ, അയൽക്കാരനോടു ചോദിച്ചപ്പോൾ അയാൾക്ക് ഇക്കാര്യത്തിൽ ഒരു അറിവുമുണ്ടായിരുന്നില്ല.

വോട്ടർപട്ടികയിൽനിന്നു നീക്കം ചെയ്യപ്പെടുന്നവരോ നീക്കുന്നവരോ ഒന്നും അറിയുന്നില്ല. പുറത്തു നിന്നുള്ള ചിലർ ഹൈജാക്ക് ചെയ്‌ത്‌ വോട്ടുകൾ നീക്കംചെയ്യുകയാണ്” – രാഹുൽ ആരോപിച്ചു.വോട്ട് നീക്കം ചെയ്യാൻ കേന്ദ്രീകൃത സംവിധാനം പ്രവർത്തിക്കുന്നുവെന്ന ആരോപണമാണ് രാഹുൽ ഇന്ന് ഉന്നയിച്ചത്.

“ദശലക്ഷക്കണക്കിനു വോട്ടുകളാണ് ഇത്തരത്തിൽ രാജ്യത്താകമാനം നീക്കം ചെയ്യുന്നത്. പ്രധാനമായും, പ്രതിപക്ഷത്തിനു വോട്ട് ചെയ്യുന്ന ദലിതർ, ഗോത്രവിഭാഗക്കാർ പിന്നാക്കക്കാർ, മുസ്‌ലിംകൾ എന്നിവരുടെ വോട്ടുകളാണ് നീക്കുന്നത്. ഇത് മുൻപു പല തവണ കേട്ടിട്ടുണ്ടെങ്കിലും ഇപ്പോൾ 100 ശതമാനം തെളിവോടെ പുറത്തുവന്നിരിക്കുകയാണ്” – രാഹുൽ പറഞ്ഞു.

വോട്ടുകൊള്ളയ്ക്കായി ഓട്ടമാറ്റിക് സോഫ്റ്റ്വെയർ ഉപയോഗിക്കുകയാണ്. പട്ടികയിൽ നിന്നു വോട്ട് നീക്കാനുള്ള അപേക്ഷയിൽ അപേക്ഷകനായി കാണിക്കുന്നത് ഓരോ ബുത്തിലെയും ആദ്യത്തെ വോട്ടറുടെ പേരാണ്. ഇത് കേന്ദ്രീകൃതമായി ചെയ്യുന്നതാണെന്നു വ്യക്‌തമാണ്. ഏറ്റവും കൂടുതൽ വോട്ടുകൾ നീക്കിയ ആദ്യത്തെ 10 ബുത്തുകളും കോൺഗ്രസിനു മുൻതൂക്കമുള്ള ബൂത്തുകളാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി..

Leave a Reply

Your email address will not be published. Required fields are marked *