KeralaPolitics

കെ ജെ ഷൈൻ നൽകിയ സൈബര്‍ അധിക്ഷേപ പരാതി; കോൺഗ്രസ് നേതാവിന്റെ മൊബൈൽ പിടിച്ചെടുത്തു

കൊച്ചി: സിപിഐഎം നേതാവ് കെ ജെ ഷൈൻ നൽകിയ അധിക്ഷേപ പരാതിയിൽ കോൺഗ്രസ് പ്രാദേശിക നേതാവിൻ്റെ വീട്ടിൽ പോലീസ് റെയ്ഡ് നടത്തി. സാമൂഹിക മാധ്യമങ്ങളിലൂടെ അപകീർത്തികരമായ പ്രചാരണം നടത്തിയെന്ന കേസിൽ ഒന്നാം പ്രതിയായ കോൺഗ്രസ് നേതാവ് ഗോപാലകൃഷ്ണന്റെ പറവൂരിലുള്ള വീട്ടിലാണ് പോലീസ് പരിശോധന നടത്തിയത്. പരിശോധനയിൽ ഇദ്ദേഹത്തിന്റെ മൊബൈൽ ഫോൺ പോലീസ് പിടിച്ചെടുത്തു. തുടർന്ന്, അന്വേഷണ സംഘം ഗോപാലകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകി.

സൈബർ ആക്രമണത്തിൽ അന്വേഷണ സംഘത്തിന് മുന്നിൽ കൂടുതൽ തെളിവുകൾ കെ ജെ ഷൈൻ സമർപ്പിച്ചിരുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ അപവാദപ്രചാരണം നടത്തിയവരുടെ പേര് വിവരങ്ങളാണ് കൈമാറിയത്. . വിവിധ ജില്ലകളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പുതിയ കേസുകളും രജിസ്റ്റർ ചെയ്യാനാണ് നീക്കം. വ്യാജപ്രചാരണം നടത്തിയ കോൺഗ്രസ് സൈബർ ഹാൻഡിലുകളെകുറിച്ചും നേതാക്കളെകുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. കെ ജെ ഷൈൻ നൽകിയ പരാതിയിൽ കുന്നംകുളത്തെ യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്തിന്റെ പേരും ഉണ്ട്.

സ്ത്രീത്വതത്തെ അപമാനിക്കുന്ന തരത്തിൽ ലൈംഗിക ചുവയുള്ള പോസ്റ്റുകൾ
സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചുവെന്നാണ് പരാതി.അപവാദ പ്രചാരണം നടത്തിയ പലരും പോസ്റ്റുകൾ പിൻവലിച്ചിരുന്നു. ഇത് വീണ്ടെടുക്കാൻ സൈബർ പൊലീസ് മെറ്റയുടെ സഹായവും തേടി. ഫേസ്ബുക്ക് പോസ്റ്റുകൾ നടത്തിയവർക്കെതിരായ സാക്ഷി മൊഴികളും പൊലീസ് ശേഖരിക്കുന്നുണ്ട്.

അതിനിടെ കേസിലെ മുഖ്യപ്രതിയായ സി കെ ഗോപാലകൃഷ്ണൻ ഒളിവിൽ പോയിയിരുന്നു.വി ഡി സതീശൻ എംഎൽഎയുടെ ഓഫീസിലാണ് ഗോപാലകൃഷ്ണനെ ഒളിപ്പിച്ചിരിക്കുന്നതെന്ന് ആരോപിച്ച് പറവൂരിലെ സിപിഐഎം നേതാക്കൾ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം ഗോപാലകൃഷ്ണന്റെ വീട്ടിലേക്ക് സിപിഐഎം പ്രതിഷേധ മാർച്ച് നടത്തിയിരുന്നു.

അതേസമയം, ഈ കേസിൽ പോലീസ് ഒരാളെക്കൂടി പ്രതി ചേർത്തിട്ടുണ്ട്. ‘കൊണ്ടോട്ടി അബു’ എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിന്റെ ഉടമയായ യാസിറിനെയാണ് പുതുതായി പ്രതി ചേർത്തത്. ഇയാൾ കേസിലെ മൂന്നാം പ്രതിയാണ്. ‘കൊണ്ടോട്ടി അബു’ എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെ തുടർച്ചയായി അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയതിനെ തുടർന്നാണ് യാസിറിനെ കേസിൽ പ്രതി ചേർത്തതെന്ന് പോലീസ് വ്യക്തമാക്കി.

കെ.എം. ഷാജഹാനാണ് കേസിൽ രണ്ടാം പ്രതി. ഒന്നാം പ്രതി ഗോപാലകൃഷ്ണൻ ഒളിവിലാണെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളിൽ ലഭിക്കുന്ന വിവരം. ഇയാൾ നാളെ ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കിൽ പോലീസ് തുടർനടപടികളിലേക്ക് നീങ്ങുമെന്നാണ് റിപ്പോർട്ട്. വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ ആളുകളെ കേസിൽ പ്രതി ചേർത്തേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *