EntertainmentsKerala

ഓപ്പറേഷന്‍ നുംഖോര്‍; ദുല്‍ഖറിന്റെ രണ്ട് വാഹനങ്ങള്‍ അടക്കം 20ഓളം വാഹനങ്ങള്‍ പിടിച്ചെടുത്തു.

കോഴിക്കോട്: ഭൂട്ടാനില്‍ നിന്നുള്ള ആഡംബര കാറുകള്‍ നികുതി വെട്ടിച്ച് ഇന്ത്യയില്‍ എത്തിയെന്ന ഇന്റലിജന്‍സ്‌ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് കേരളത്തില്‍ നടത്തിയ പരിശോധനയില്‍ ദുല്‍ഖര്‍ സല്‍മാന്റെ രണ്ട് വാഹനങ്ങള്‍ അടക്കം സംസ്ഥാനത്ത് നിന്ന് 20ഓളം ആഡംബര എസ്‍യുവി വാഹനങ്ങള്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നു മാത്രമായി 11 വാഹനങ്ങളാണ് പിടിച്ചെടുത്തത്. ദുല്‍ഖര്‍ സല്‍മാന്റെ കാറുകള്‍ പിടിച്ചെടുത്തതിന് പുറമെ, കൂടുതല്‍ വാഹനങ്ങള്‍ ഉണ്ടെങ്കില്‍ ഹാജരാക്കണമെന്ന് അറിയിച്ച് സമന്‍സും നല്‍കി.

കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ കരിപ്പൂർ എയർപോർട്ടിലെ കസ്റ്റംസ് ഓഫീസിലേക്ക് എത്തിക്കും. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി ഏഴിടത്താണ് പരിശോധന നടക്കുന്നത്. അതേസമയം, കേന്ദ്ര സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥരും വാഹനം വാങ്ങിയെന്ന വിവരവും കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. നാഷണൽ ടിബി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍, സെന്‍ട്രൽ സിൽക്ക് ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി എന്നിവരാണ് വാഹനം വാങ്ങിയത്. രണ്ടു വാഹനങ്ങളും ബെംഗളൂരുവിലാണ് നിലവിലുള്ളത്.

കസ്റ്റംസ് നികുതിയടക്കം വെട്ടികൊണ്ട് വാഹനങ്ങള്‍ അനധികൃതമായി ഇറക്കുമതി ചെയ്തുവെന്ന കണ്ടെത്തലിലാണ് അന്വേഷണം. ഭൂട്ടാനിൽ നിന്നുള്ള വാഹന ഇറക്കുമതിയുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ വിശദീകരിക്കാൻ ഇന്ന് വൈകിട്ട് 6.30ന് കൊച്ചിയിൽ കസ്റ്റംസ് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. കേരള-ലക്ഷദ്വീപ് ചുമതലയുള്ള കസ്റ്റംസ് പ്രിവന്‍റീവ് കമ്മീഷണറാകും വാര്‍ത്താസമ്മേളനം നടത്തുക.ഭൂട്ടാനിൽ നിന്ന് ആഡംബര കാറുകള്‍ നികുതിവെച്ചിട്ട് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് രാജ്യവ്യാപകമായി കസ്റ്റംസ് റെയ്ഡ് നടത്തുന്നത്.

കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഏഴ് ഇടങ്ങളില്‍ നിന്നാണ് 11 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. പിടിച്ചെടുത്ത വാഹനങ്ങള്‍ കരിപ്പൂര്‍ വിമാനത്താവളത്തിലുള്ള കസ്റ്റംസ് ഓഫീസില്‍ എത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്. കസ്റ്റംസിന്റെ ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി സംസ്ഥാനത്ത് കോഴിക്കോട്, മലപ്പുറം, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് പരിശോധന നടത്തിയത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി നാല് ഷോറൂമുകളിലും മൂന്ന് വീടുകളിലുമാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. ഓപ്പറേഷന്‍ സംബന്ധിച്ച് വിവരങ്ങള്‍ നല്‍കുന്നതിനായി കസ്റ്റംസ് കമ്മീഷണര്‍ വൈകുന്നേരം മാധ്യമങ്ങളെ കാണുമെന്നും അറിയിച്ചിട്ടുണ്ട്.

മലയാള സിനിമ താരങ്ങള്‍ക്ക് ഉള്‍പ്പെടെ നിരവധി ആളുകള്‍ ഭൂട്ടാനില്‍ നിന്ന് നികുതി വെട്ടിച്ച് എത്തിയ വാഹനങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ടെന്ന ഇന്റലിജെന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് അന്വേഷണം ആരംഭിച്ചത്. മലയാളത്തിലെ യുവതാരങ്ങളായ ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ് സുകുമാരന്‍, അമിത് ചക്കാലക്കല്‍ എന്നിവരുടെ വീടുകളില്‍ പരിശോധന നടത്തിയിരുന്നു. ഇതിനുപുറമെയാണ് കോഴിക്കോട്, മലപ്പുറം, തിരുവനന്തുപുരം തുടങ്ങിയ ജില്ലകളിലും ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി പരിശോധന നടക്കുന്നുണ്ട്.

ഭൂട്ടാന്‍ സൈന്യം ഉപേക്ഷിച്ചതും വിന്റേജ് കാറ്റഗറിയില്‍ പെടുന്നതുമായ വാഹനങ്ങള്‍ നിയമവിരുദ്ധമായി ഇന്ത്യയില്‍ എത്തിക്കുന്നുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് കസ്റ്റംസ് ഇക്കാര്യത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി തുടങ്ങുന്നത്. കേരളത്തിലെ ഏതാനും സിനിമ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും വ്യവസായികളും ഇത്തരത്തില്‍ നിയമവിരുദ്ധമായി കടത്തി കൊണ്ടുവന്നിട്ടുള്ള വാഹനങ്ങള്‍ വാങ്ങിയിട്ടുണ്ടെന്ന് നേരത്തെ തന്നെ കസ്റ്റംസിന് വിവരം ലഭിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *