ഉംറ 2025 വിസ അനുവദിക്കുന്നതിന് ഹോട്ടൽ ബുക്കിങ്ങും യാത്രാ ടിക്കറ്റും നിര്‍ബന്ധമാക്കി സൗദി അറേബ്യ
സൗദി: ഉംറ വിസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ സൗദി അറേബ്യ കര്‍ശനമാക്കി. താമസത്തിനുള്ള ഹോട്ടലും യാത്രാ ടിക്കറ്റും മുന്‍കൂറായി ബുക്ക് ചെയ്യണമെന്ന് പുതിയ നിയമത്തില്‍ നിഷ്‌കര്‍ഷിക്കുന്നു. വിസയ്ക്ക് അപേക്ഷിക്കുമ്പോള്‍ തന്നെ ഇവ രണ്ടും ഉറപ്പുവരുത്തണമെന്ന് നിര്‍ദേശിക്കുന്നു. തീര്‍ത്ഥാടകരുടെ യാത്രാ സൗകര്യങ്ങള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിനും താമസം സംബന്ധിച്ച തട്ടിപ്പ് തടയുന്നതിനും ഉദ്ദേശിച്ചാണ് ഇത് നടപ്പാക്കിയിരിക്കുന്നത്.
വിസയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പ് സൗദിയുടെ ഔദ്യോഗിക നുസുക് പ്ലാറ്റ്‌ഫോം അല്ലെങ്കില്‍ ലൈസന്‍സുള്ള ഏജന്റുമാര്‍ വഴി ഈ ബുക്കിംഗുകള്‍ പൂര്‍ത്തിയാക്കണമെന്ന് യുഎഇയിലെ ഉംറ ഓപ്പറേറ്റര്‍മാര്‍ ഇതിനോടകം തന്നെ യാത്രക്കാരോട് നിര്‍ദേശിക്കുന്നുണ്ട്.
ഈ വര്‍ഷം മുതല്‍ സൗദിയിലെ ഹജ്ജ്, ഉംറ മന്ത്രാലയവും അനുബന്ധ അധികാരികളും പ്രവേശനനിയമങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്. അതിനായി വിസ അംഗീകരിക്കുന്നതിന് മുന്‍കൂറായി താമസസൗകര്യം ഉറപ്പാക്കിയതിന്റെ തെളിവ് നല്‍കണം. ഇതിന് നുസുക് മസാര്‍/നുസുക് ഉംറ പ്ലാറ്റ്‌ഫോം വഴി പരിശോധിച്ചുറപ്പിച്ച ഹോട്ടല്‍ കരാറുകളും പ്രാദേശിക യാത്രാ ക്രമീകരണങ്ങളുടെ തെളിവുകളും നല്‍കണം. ഉംറ സേവനങ്ങള്‍ ഡിജിറ്റൈസ് ചെയ്യുന്നതിന്റെയും കേന്ദ്രീകൃതമാക്കുന്നതിന്റെയും ഭാഗമായാണിത്.