താര രാജാവ് മടങ്ങി എത്തുന്നു;ഏഴ് മാസങ്ങൾക്ക് ശേഷം മാസ് ലുക്കിൽ മമ്മൂട്ടി വിമാനത്താവളത്തിൽ
ചെന്നൈ: മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ മലയാളികൾ കേൾക്കാൻ കൊതിച്ച ആ വാർത്ത ഇതാ എത്തി. മെഗാസ്റ്റാർ മമ്മൂട്ടി വീണ്ടും സിനിമയുടെ തിരക്കുകളിലേക്ക് മടങ്ങിയെത്തി. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ‘പാട്രിയറ്റ്’ എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിനായി അദ്ദേഹം ചെന്നൈയിൽ നിന്ന് ഹൈദരാബാദിലേക്ക് യാത്ര തിരിച്ചു.
ഏഴു മാസങ്ങളോളം നീണ്ട ഇടവേളയ്ക്കു ശേഷമാണ് മമ്മൂട്ടിയുടെ ഈ മടങ്ങിവരവ്. ചികിത്സയ്ക്കും വിശ്രമത്തിനും വേണ്ടിയായിരുന്നു താരം സിനിമാ രംഗത്ത് നിന്ന് വിട്ടുനിന്നത്. കഴിഞ്ഞ മാസമാണ് മമ്മൂട്ടി പൂർണ്ണ ആരോഗ്യവാനായെന്ന വിവരം അടുത്ത സുഹൃത്തുക്കളായ നിർമ്മാതാവ് ആന്റോ ജോസഫും ജോർജും സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.ഹൈദരാബാദിലേക്ക് പോകാനായി വിമാനത്താവളത്തിലെത്തിയ മമ്മൂട്ടിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിമിഷ നേരങ്ങൾക്കുള്ളിലാണ് വൈറലായത്. 369 എന്ന തന്റെ ഇഷ്ട നമ്പറുള്ള ഏറ്റവും പുതിയ ടൊയോട്ട ലാൻഡ് ക്രൂസർ കാർ സ്വയം ഓടിച്ചാണ് ചെന്നൈ വിമാനത്താവളത്തിലെത്തിയത്. സൺ ഗ്ലാസ് ധരിച്ച് സ്റ്റൈലിഷ് ലുക്കിലെത്തിയ താരം, ക്യാമറകൾക്കുനേരെ കൈവീശിക്കാണിച്ച ശേഷമാണ് അകത്തേക്ക് പ്രവേശിച്ചത്.