സമസ്തയിൽ തമ്മിലടി തുടരുന്നു; വാക് പോരിൽ കലാശിച്ച് സമവായ ചർച്ച
കോഴിക്കോട്: സമസ്തയിൽ ഭിന്നത രൂക്ഷമാകുന്നു. സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗവും അനുകൂല വിഭാഗവും തമ്മിലുള്ള ഭിന്നതയിൽ സമവായത്തിനായി കേന്ദ്ര മുശാവറ യോഗ തീരുമാനപ്രകാരം നടന്ന സമവായ ചർച്ച വാക് പോരിൽ കലാശിച്ചു.
പ്രമുഖ പോഷകഘടകമായ എസ്എംഎഫിൻ്റെ തിരഞ്ഞെടുപ്പ് ചട്ടങ്ങൾ ഭരണഘടനയെ മാനിക്കാതെയാണ് തയ്യാറാക്കിയത് എന്ന് ലീഗ് വിരുദ്ധ വിഭാഗം നൽകിയ പരാതിയെത്തുടർന്നായിരുന്നു നേതാക്കൾ സമവായ ചർച്ചക്ക് തീരുമാനമെടുത്തത്.
പരാതിക്കാരെയും എസ്എംഎഫ് സംസ്ഥാന ഭാരവാഹികളെയും വിളിച്ചു ചേർത്തിരുന്നു. എന്നാൽ പരാതിക്കാരുമായി ചർച്ചയ്ക്ക് താത്പര്യം ഇല്ലെന്നും നേതാക്കൾക്ക് വിശദീകരണം നൽകാൻ തയ്യാറാണെന്നുമായിരുന്നു എസ്എംഎഫ് നേതാക്കളുടെ നിലപാട്. ഇതിനു വഴങ്ങി മുശാവറ നിയോഗിച്ച സമിതി പരാതിക്കാരുമായി ആദ്യം ചർച്ച നടത്തി. തുടർന്ന് എസ്എംഎഫ് നേതാക്കളുമായി ചർച്ച തുടങ്ങി.
കേന്ദ്ര മുശാവറയെ പ്രതിനിധീകരിച്ച് പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, ട്രഷറർ കൊയ്യോട് ഉമ്മർ മുസ്ലിയാർ, ജോയിൻ്റ് സെക്രട്ടറിമാരായ എം ടി അബ്ദുള്ള മുസ്ലിയാർ, ഉമർ ഫൈസി മുക്കം, മുശാവറ അംഗങ്ങളായ എ വി അബ്ദുറഹിമാൻ മുസ്‌ലിയാർ, വാക്കോട് മൊയ്തീൻകുട്ടി ഫൈസി എന്നിവരാണ് പങ്കെടുത്തത്.
പരാതിക്കാരായ അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, സത്താർ പന്തല്ലൂർ, മുസ്തഫ മുണ്ടുപാറ, ഓ പി എം അഷ്റഫ് എന്നിവരും സംബന്ധിച്ചിരുന്നു. എസ് എം എഫ് ഭാരവാഹികളായ യു ഷാഫി ഹാജി, നാസർ ഫൈസി കൂടത്തായി, എം സി മായിൻ ഹാജി, അബ്ദുസമദ് പൂക്കോട്ടൂർ, സി ടി അബ്ദുൽ ഖാദർ തുടങ്ങിയവരാണ് സമവായ ചർച്ചയ്ക്ക് എത്തിയത്. സമസ്ത വിദ്യാഭ്യാസ ബോർഡ് മാനേജർ മോയിൻകുട്ടി മാസ്റ്ററും സന്നിഹിതനായിരുന്നു.
ചർച്ചകൾ ഏകപക്ഷീയമായി തുടരാൻ താല്പര്യമില്ലെന്നും കൃത്യമായി വിശദീകരണം നൽകാനാണ് ഞങ്ങൾക്ക് താല്പര്യമെന്നും എസ്എംഎഫ് നേതാക്കൾ അറിയിച്ചു. ചർച്ചയ്ക്കിടെ മുശാവറ അംഗങ്ങളായ വാക്കോട് മൊയ്തീൻകുട്ടി മുസ്ലിയാർ, എ വി അബ്ദുറഹ്മാൻ മുസ്‌ലിയാർ, മുക്കം ഉമർ ഫൈസി എന്നിവർ എസ്എംഎഫ് നേതാക്കൾക്കെതിരെ കടുത്ത ആരോപണങ്ങളാണ് ഉന്നയിച്ചത്. എന്നാൽ നേതാക്കളുമായി തർക്കത്തിന് തയ്യാറില്ലെന്നും, തങ്ങൾക്ക് പറയാനുള്ളത് കേൾക്കാൻ തയ്യാറാവണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
എസ്എംഎഫ്മായി ബന്ധപ്പെട്ട പരാതികൾ മാത്രമല്ല നിലവിൽ ഉള്ളതെന്നും പല വിഷയങ്ങളിൽ ഭിന്നത നിലനിൽക്കുന്നുണ്ടെന്നും അതെല്ലാം പരിഹരിച്ചു മുന്നോട്ടുപോകാനാണ് നേതാക്കൾ തയ്യാറാവേണ്ടത് എന്നും ഭാരവാഹികൾ ഉന്നയിച്ചു. വിദ്യാഭ്യാസ ബോർഡ് മാനേജർ മോയിൻകുട്ടി മാസ്റ്റർ വിശ്വാസയോഗ്യൻ അല്ലെന്നും, പ്രശ്നങ്ങൾക്ക് വളം വെക്കുന്നത് അദ്ദേഹം അടങ്ങുന്നവരാണ് എന്നും ഭാരവാഹികൾ കുറ്റപ്പെടുത്തി.
എസ്എംഎഫ് ഭരണഘടനയിൽ തിരുത്തലുകൾ ഒന്നും വന്നിട്ടില്ലെന്ന് ഭരണഘടന വായിച്ച് അബ്ദുസമദ് പൂക്കോട്ടൂർ അറിയിച്ചു. മോയിൻകുട്ടി മാസ്റ്റർ കൺവീനറായ സുന്നി യുവജന സംഘം തിരഞ്ഞെടുപ്പ് സമിതി സംഘത്തിൻറെ ഭരണഘടനയ്ക്ക് വിരുദ്ധമായി തിരഞ്ഞെടുപ്പ് മാന്വൽ തയ്യാറാക്കിയത് മുശാവറയുടെ അറിവോടെയായിരുന്നില്ല എന്ന് നാസർ ഫൈസി കൂടത്തായി പറഞ്ഞു. തുടർന്ന് മുശാവറ അംഗങ്ങളും എസ്എംഎഫ് ഭാരവാഹികളും കടുത്ത വാക് പൊരിലേക്ക് നീങ്ങി.
സമസ്തയുടെ നൂറാം വാർഷിക സമ്മേളനം അടുത്തവർഷം നടക്കാനിരിക്കെ സമസ്തക്കകത്ത് പുകഞ്ഞു കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ മറനീക്കി പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. വാർഷിക സമ്മേളനത്തിന്റെ സ്വാഗതസംഘം യോഗം ഒരു വിഭാഗം നേതാക്കൾ ബഹിഷ്കരിച്ചിരുന്നു. ജിഫ്രി തങ്ങൾ അടക്കമുള്ള നേതാക്കൾ സമവായത്തിന് ശ്രമിക്കുന്നതിന് പകരം പ്രശ്നങ്ങൾ കത്തിച്ചു നിർത്താൻ പ്രശ്നക്കാരെ സഹായിക്കുകയാണ് എന്നാണ് അവരുടെ ആരോപണം.
അഭിപ്രായഭിന്നതകൾ പറഞ്ഞു തീർക്കാതെ സമ്മേളനത്തിന് ഒരുങ്ങുന്നത് അപകടമാണെന്നും പരിഹാരത്തിന് തയ്യാറാകണമെന്നും സമസ്ത ട്രഷറർ ഉമർ മുസ്ലിയാർ യോഗത്തിൽ അഭിപ്രായപ്പെട്ടു. പ്രശ്നപരിഹാരത്തിന് നേതൃത്വം നൽകേണ്ടത് സമസ്തയുടെ നേതാക്കളാണെന്നും നേതാക്കളിൽ പലർക്കും പ്രശ്നപരിഹാരത്തിന് താല്പര്യമില്ലെന്നും എംസി മായിൻ ഹാജി കുറ്റപ്പെടുത്തി.പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങൾക്കെതിരെ സംഘടന നേതൃത്വത്തിലുള്ളവർ പോലും അപവാദ പ്രചാരണങ്ങൾ തുടരുന്നുണ്ടെന്നും അത് നിയന്ത്രിക്കാൻ നേതാക്കൾക്ക് കഴിയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതോടെ, സമവായ ചർച്ച വാക്പോരിൽ കലാശിക്കുകയായിരുന്നു.യോഗം കഴിഞ്ഞിറങ്ങുന്ന നേതാക്കൾ മാധ്യമപ്രവർത്തകർക്ക് ഉത്തരം കൊടുക്കാൻ തയ്യാറായിരുന്നില്ല. ചോദ്യങ്ങളോട് ക്ഷുഭിതനായി പ്രതികരിച്ചു കൊണ്ടാണ് പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങൾ മടങ്ങിയത്.