അതിദരിദ്രരില്ലാത്ത ജില്ലയാകാനൊരുങ്ങി തിരുവനന്തപുരം
തിരുവനന്തപുരം: അതിദരിദ്രരില്ലാത്ത ജില്ലയാകാൻ ഒരുങ്ങി തിരുവനന്തപുരം. ഇതിനോടകം തന്നെ ജില്ലയിലെ 24 ഗ്രാമപഞ്ചായത്തുകൾ അതിദാരിദ്ര പട്ടികയിൽ നിന്നും മുക്തി നേടി. അതിദരിദ്രരായി കണ്ടെത്തിയവരിൽ 94.86 ശതമാനം കുടുംബങ്ങളെയും ഇതിനകം അതിദാരിദ്ര്യമുക്തമാക്കാൻ സാധിച്ചത് ജില്ല കൈവരിച്ച പ്രധാന നേട്ടമാണ്.
നിലവിൽ 24 തദ്ദേശസ്ഥാപനങ്ങൾ അതിദാരിദ്ര്യമുക്തമായിട്ടുണ്ട്. അവശേഷിക്കുന്നവയെ ഉടൻ പ്രഖ്യാപിക്കും. ഒക്ടോബർ മാസത്തിൽ സമ്പൂർണമായും അതിദരിദ്രരില്ലാത്ത ജില്ലയായി തിരുവനന്തപുരം മാറും. മൈക്രോപ്ലാൻ പ്രകാരം ജില്ലയിൽ അതിദരിദ്രരായി കണ്ടെത്തിയ 6250 കുടുംബങ്ങളിൽ 5929 കുടുംബങ്ങളെ അതിദാരിദ്ര്യമുക്തമാക്കി.
പട്ടികയിൽ ഷെൽട്ടർ ഘടകം മാത്രം ആവശ്യമുള്ള 1219 കുടുംബങ്ങളാണ് ജില്ലയിൽ ഉണ്ടായിരുന്നത്. ഇതിൽ വീട് മാത്രം ആവശ്യമുണ്ടായിരുന്ന 332 കുടുംബങ്ങൾക്കും വീട് ഉറപ്പാക്കി. ഭവന പുനരുദ്ധാരണം ആവശ്യമുണ്ടായിരുന്ന 505 കുടുംബങ്ങൾക്ക് അതും പുരോഗമിക്കുകയാണ്. അതിദാരിദ്ര്യത്തിൽ നിന്ന് മുക്തമാവാൻ വസ്തുവും വീടും ആവശ്യമുള്ളതായി ജില്ലയിൽ കണ്ടെത്തിയ 284 കുടുംബങ്ങൾക്ക് തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതികൾ മുഖേനയും ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ മുഖേനയും ഭൂമി ലഭ്യമാക്കി ഭവന നിർമ്മാണം പുരോഗമിക്കുകയാണ്.