Sunday, December 8, 2024
Sports

തിരുവനന്തപുരത്തു വളർന്ന സഞ്ജു സാംസൺ; കോടികളുടെ ഉടമ

2013ൽ രാജസ്ഥാൻ റോയൽസ് എട്ടു ലക്ഷത്തിന് സ്വന്തമാക്കിയ സഞ്ജു സാംസൺ ഇന്ന് കോടികൾക്കുടമ

തിരുവനന്തപുരത്തെ തീരപ്രദേശമായ വിഴിഞ്ഞത്തു നിന്നും ഇന്ത്യൻ ക്രിക്കറ്റ് രംഗത്ത് ദേശീയ തലത്തിൽ അഭിമാനമായി മാറിയ താരം. അതാണ് സഞ്ജു വി. സാംസൺ (Sanju V. Samson). ബാറ്റിങ്ങിനും വിക്കറ്റ് കീപ്പിങ്ങിനും കേൾവികേട്ട സഞ്ജു കുട്ടിക്കാലത്ത് അച്ഛൻ ജോലിയെടുത്തിരുന്ന ഡൽഹിയിൽ പഠനം ആരംഭിച്ചുവെങ്കിലും, അതിനു ശേഷം സ്വന്തം നാടായ തിരുവനന്തപുരത്തെ സ്‌കൂളിലും കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. സെന്റ് ജോസഫ്‌സ് സ്കൂളിൽ നിന്നും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ സഞ്ജു, മാർ ഇവാനിയോസ് കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടി. ഐ.പി.എസ്. ഓഫീസർ ആവണം എന്നും സ്വപ്നം കണ്ടിരുന്ന സഞ്ജുവിനെ ക്രിക്കറ്റ് ലോകം സ്വന്തമാക്കുകയായിരുന്നു
2013ൽ രാജസ്ഥാൻ റോയൽസ് അന്നത്തെ മികച്ച പ്രതിഫലമായ എട്ടു ലക്ഷത്തിന് സഞ്ജുവിനെ സ്വന്തമാക്കി. ഇന്നത്തെ നിലയിൽ ഈ തുക അത്രവലുതല്ലെങ്കിലും, സഞ്ജുവിന്റെ സാമ്പത്തിക അടിത്തറയ്ക്ക് ആദ്യ വലിയ ചുവടുവയ്‌പ്പെന്ന നിലയിൽ ഈ തുകയ്ക്ക് പ്രാധാന്യമുണ്ട്. തുടർന്നുള്ള വർഷങ്ങളിൽ ഐ.പി.എല്ലിലെ മികച്ച പ്രകടനത്തിന്റെ പേരിൽ സഞ്ജു രാജസ്ഥാൻ റോയൽസിന്റെ പ്രധാന കളിക്കാരിൽ ഒരാളായി. 2025 ഐ.പിഎൽ. സീസണിൽ 18 കോടി രൂപയ്ക്കാണ് സഞ്ജുവിനെ രാജസ്ഥാൻ റോയൽസ് ബുക്ക് ചെയ്തിട്ടുള്ളത്. ഈ ഫ്രാഞ്ചൈസിയുടെ ഭാഗമായി സഞ്ജു മാറി എങ്കിൽ ഇതിൽ കൂടുതൽ വിശദീകരിക്കേണ്ട കാര്യമില്ല 

ഐ.പിഎല്ലിന് പുറമേ, ബി.സി.സി.ഐയിൽ നിന്നുള്ള സഞ്ജുവിന്റെ വരുമാനം വേറെയുമുണ്ട്. ബംഗ്ളാദേശിനും ദക്ഷിണാഫ്രിക്കയ്ക്കും എതിരെ സഞ്ജു തുടരെത്തുടരെ അടിച്ചുകൂട്ടിയ സെഞ്ചുറികൾ ഏറ്റവും മികച്ച പ്രതിഫലം നേടുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം എന്ന നിലയിലും സഞ്ജുവിന്റെ സ്ഥാനം ഉറപ്പിക്കുന്നതായി. പല ബ്രാൻഡുകൾക്കും സഞ്ജു മുഖമായി മാറിയെങ്കിൽ, അതിന്റെ കാരണം മറ്റൊന്നല്ല
ബ്രാൻഡ് എൻഡോഴ്സ്മെന്റ് വഴി സഞ്ജുവിന് വന്നുചേരുന്ന വരുമാനം എത്രയെന്ന കൃത്യമായ വിവരമില്ലെങ്കിലും, ക്രിക്കറ്റ് മേഖലയിൽ നിന്നും ഒരു താരത്തെ വേണമെങ്കിൽ കണ്ണുമടച്ചു സഞ്ജുവിന്റെ പേര് പറയാൻ ബ്രാൻഡുകൾക്ക് മടിയില്ല. സ്പോർട്സ് ഉൽപ്പന്നങ്ങൾ മുതൽ ലൈഫ്സ്റ്റൈൽ ഉൽപ്പന്നങ്ങൾക്ക് വരെ സഞ്ജുവിന്റെ മുഖമുണ്ട്. വൻ തുകയുടെ ഡീലുകളാണ് സഞ്ജു ഇത്തരത്തിൽ സ്വന്തമാക്കാറുള്ളത് എന്നാണ് ലഭ്യമായ വിവരം എന്ന് thecricketlounge.com റിപ്പോർട്ട് ചെയ്യുന്നു.

സഞ്ജുവിന്റെ വരുമാനം ക്രിക്കറ്റിനെ മാത്രം ആശ്രയിച്ചു നിൽക്കുന്നതല്ല. മറ്റു പല ക്രിക്കറ്റ് താരങ്ങളെയും പോലെ സഞ്ജു റിയൽ എസ്റ്റേറ്റ്, ബിസിനസ് മേഖലകളിൽ നിന്നും വരുമാനം കണ്ടെത്തുന്നുണ്ട്. എന്നാൽ ഇതിന്റെ കൃത്യമായ വിവരം എവിടെയും ലഭ്യമല്ല. എങ്കിലും നല്ല വരുമാനം ഇവിടങ്ങളിൽ നിന്നും സഞ്ജുവിന് വന്നുചേരുന്നു എന്ന് വ്യക്തം. ഇത്തരത്തിൽ ലഭിക്കുന്ന പരസ്യ വരുമാനമാണ് റിട്ടയർമെന്റിനു ശേഷം സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്തുന്നതിൽ ക്രിക്കറ്റ് താരങ്ങൾ പലരും സ്വീകരിക്കുന്ന മാർഗം

Leave a Reply

Your email address will not be published. Required fields are marked *