Sports

ജയിച്ചാൽ ഫൈനൽ ഉറപ്പ്; ഏഷ്യാ കപ്പില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ

ദുബായ് ∙ ഏഷ്യാ കപ്പിന്റെ സൂപ്പർ ഫോറിൽ ഇന്ന് ഇന്ത്യയും ബംഗ്ലാദേശും ഏറ്റുമുട്ടുന്നു. സൂപ്പര്‍ ഫോറിൽ തുടർച്ചയായ രണ്ടാം വിജയം ലക്ഷ്യമിട്ടാണ് ഇരുടീമുകളും നേർക്കുനേർ എത്തുന്നത്. മത്സരം വിജയിച്ചാൽ ഇന്ത്യക്ക് ഫൈനലിലേക്ക് പ്രവേശനം ഉറപ്പാക്കാം.

ഏഷ്യാ കപ്പില്‍ തകര്‍പ്പന്‍ ഫോമിലാണ് ടീം ഇന്ത്യ. ഇതുവരെ കളിച്ച നാല് മത്സരങ്ങളില്‍ നാലും വിജയിച്ചാണ് ഇന്ത്യയുടെ മുന്നേറ്റം. ഇതില്‍ രണ്ട് വിജയങ്ങളും പാകിസ്താനെതിരെയായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ ഫോറിലും പാകിസ്താനെ തോല്‍പ്പിക്കാന്‍ കഴിഞ്ഞത് സൂര്യകുമാര്‍ യാദവിനും സംഘത്തിനും നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. പാകിസ്താനെതിരേ ആറുവിക്കറ്റ് ജയംനേടിയ ടീമില്‍ മാറ്റങ്ങളുണ്ടാകില്ല.

ഓപ്പണര്‍ അഭിഷേക് ശര്‍മ നല്‍കുന്ന വെടിക്കെട്ട് തുടക്കം ഇന്ത്യയുടെ ജയങ്ങളില്‍ നിര്‍ണായകമായിട്ടുണ്ട്. ശുഭ്മന്‍ ഗില്‍കൂടി ഫോമിലേക്കുയര്‍ന്നതോടെ ഓപ്പണിങ്ങില്‍ ഇന്ത്യക്ക് ആശങ്കയില്ല. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, സഞ്ജു സാംസണ്‍ എന്നിവരും ടീമിനെ തോളിലേറ്റന്‍ കഴിയുമെന്ന് തെളിയിച്ചിട്ടുണ്ട്. ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ ബാറ്റിങ്ങില്‍ അധികം പരീക്ഷിക്കപ്പെട്ടിട്ടില്ല.

ബൗളിങ്ങില്‍ സ്പിന്നാകും ഇന്ത്യയുടെ കരുത്ത്. കുല്‍ദീപ് യാദവ്-വരുണ്‍ ചക്രവര്‍ത്തി-അക്ഷര്‍ പട്ടേല്‍ ത്രയത്തെ നേരിടാന്‍ ബംഗ്ലാ ബാറ്റര്‍മാര്‍ ബുദ്ധിമുട്ടും. ശിവം ദുബെ ബൗളിങ്ങില്‍ തിളങ്ങുന്നത് സൂര്യകുമാറിനെ സന്തോഷിപ്പിക്കുന്ന ഘടകമാണ്. പേസര്‍ ജസ്പ്രീത് ബുംറ ഫോമിലേക്കുയരാത്തതാണ് ഇന്ത്യന്‍ ടീം മാനേജ്മെന്റിനെ ആശങ്കപ്പെടുത്തുന്ന ഘടകം.

അതേസമയം ശ്രീലങ്കയെ തോല്‍പ്പിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് ബംഗ്ലാദേശ് എത്തുന്നത്. ക്യാപ്റ്റന്‍ ലിട്ടണ്‍ ദാസിന് പരിക്കുള്ളത് ടീമിനെ ആശങ്കപ്പെടുത്തുന്നുണ്ട്. ലിട്ടണ്‍ ദാസ്, തൗഹീദ് ഹൃദോയ്, ജാക്കര്‍ അലി, സെയ്ഫ് ഹസന്‍ എന്നിവരിലാണ് ടീമിന്റെ ബാറ്റിങ് പ്രതീക്ഷ. ബൗളിങ്ങില്‍ പേസര്‍ മുസ്തഫിസുര്‍ റഹ്‌മാനില്‍നിന്ന് അവര്‍ ഏറെ പ്രതീക്ഷിക്കുന്നു.

 ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ചരിത്രം പരിശോധിച്ചാല്‍ ഒരു ടി20 മത്സരം മാത്രമാണ് ബംഗ്ലാദേശ് വിജയിച്ചിട്ടുള്ളത്. ആകെ കളിച്ച 17 മത്സരങ്ങളില്‍ 16ലും വിജയം ഇന്ത്യയ്ക്കൊപ്പമായിരുന്നു. സമീപകാല പ്രകടനം പരിശോധിച്ചാല്‍ ഇന്ത്യക്ക് തന്നെയാണ് സാധ്യത. കഴിഞ്ഞ മത്സരത്തില്‍ കളിച്ച അതേ ടീമിനെ ഇന്ത്യ നിലനിര്‍ത്താനാണ് സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *