Sunday, December 8, 2024
LatestPolitics

Sandeep Varier| സന്ദീപ് വാര്യർ ഞായറാഴ്ച പാണക്കാട്ടേക്ക്; സാദിഖലി ശിഹാബ് തങ്ങളെ കാണും

മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തും. യൂത്ത് ലീഗ് അധ്യക്ഷൻ മുനവറലി തങ്ങളെയും കാണും.

മലപ്പുറം: ബിജെപി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യർ ഞായറാഴ്ച രാവിലെ പാണക്കാട് സന്ദർശിക്കും. മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തും. യൂത്ത് ലീഗ് അധ്യക്ഷൻ മുനവറലി തങ്ങളെയും കാണും. നേരത്തെ, കോൺഗ്രസിലെത്തിയ സന്ദീപിനെ സ്വാഗതം ചെയ്ത് മുനവറലി തങ്ങൾ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. സന്ദീപ് വാര്യരുടെ ഫോട്ടോക്കൊപ്പം ‘സ്വാഗതം ബ്രോ’ എന്നാണ് മുനവറലി കുറിച്ചത്.

ബിജെപി സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞുനിന്ന സന്ദീപ് വാര്യർ ശനിയാഴ്ച അപ്രതീക്ഷിതമായാണ് കോൺഗ്രസിൽ ചേർന്നത്. കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ, പ്രതിപക്ഷനേതാവ് വി ഡി സതീശൻ, എഐസിസി സെക്രട്ടറി ദീപാദാസ് മുൻഷി എന്നിവരുടെ നേതൃത്വത്തിൽ ശനിയാഴ്ച സന്ദീപിനെ ത്രിവർണ ഷാൾ അണിയിച്ച് സ്വീകരിച്ചു. വെറുപ്പുമാത്രം ഉൽപാദിപ്പിക്കുന്നിടത്ത് സ്നേഹവും കരുതലും പ്രതീക്ഷിച്ചതാണ് തന്റെ തെറ്റെന്നും വെറുപ്പിന്‍റെ രാഷ്ട്രീയം ഉപേക്ഷിച്ചതിന്‍റെ ആഹ്ളാദത്തിലാണ് താനെന്നും സ്വീകരണവേദിയിൽ സന്ദീപ് പറഞ്ഞു. കോൺഗ്രസിന്‍റെ ആശയം ഇന്ത്യയുടെ ആശയമാണെന്നും അദ്ദേഹം വ്യക്തമാക്കി. വൈകിട്ട് രാഹുൽ മാങ്കൂട്ടത്തിലിന്റെ റോഡ്ഷോയിലും സന്ദീപ് പങ്കെടുത്തു.

ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽനിന്ന് വിട്ടുനിൽക്കുകയായിരുന്ന സന്ദീപ് സിപിഐയിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് കോൺഗ്രസ് പാളയത്തിലെത്തിയത്. ശനിയാഴ്ച രാവിലെ കോൺഗ്രസ് നേതാക്കൾ സംയുക്തമായി നടത്തിയ വാർത്തസമ്മേളനത്തിലേക്ക് എത്തിയ സന്ദീപിനെ മുദ്രാവാക്യം വിളികളോടെയാണ് പ്രവർത്തകർ എതിരേറ്റത്. താൻ കോൺഗ്രസിൽ ചേർന്നതിന് ഉത്തരവാദി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനാണെന്ന് പറഞ്ഞ സന്ദീപ് ബിജെപിക്കെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉന്നയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *