BJP സംസ്ഥാന കമ്മിറ്റി അംഗത്തിൽ നിന്ന് കോൺഗ്രസ് പ്രവര്‍ത്തകനായ സന്ദീപ് വാര്യർക്ക് ക്ഷണനേരത്തിൽ നഷ്ടമായത് 7000 ഫോളോവേഴ്സ്
പാലക്കാട്: ബിജെപി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യര്‍ക്ക് നിമിഷനേരംകൊണ്ട് നഷ്ടമായത് 7000 ഫോളോവേഴ്സിനെ. ബിജെപി വിട്ട് കോൺഗ്രസിൽ ചേരുന്നതിന് മുൻപ് ഫേസ്ബുക്കിൽ 318 K ഫോളോവേഴ്സാണ് സന്ദീപ് വാര്യർക്കുണ്ടായിരുന്നത്. എന്നാൽ കോൺഗ്രസിലെത്തി നിമിഷങ്ങൾക്കകം ഇത് 311K ആയി കുറഞ്ഞു. ബിജെപി പ്രവർത്തകർ കൂട്ടത്തോടെ അൺഫോളോ ചെയ്തതോടെയാണ് സോഷ്യൽ മീഡിയയിൽ സന്ദീപിന് തിരിച്ചടിയായത്. ഫോളോവർമാരുടെ എണ്ണം ഇനിയും കുറയാനാണ് സാധ്യത.
കോൺഗ്രസിലെത്തി മണിക്കൂറുകൾക്കകം സന്ദീപ് വാര്യർ ഫേസ്ബുക്കിലെ ബയോ തിരുത്തി. കോൺഗ്രസ് ക്യാംപിലെത്തി അംഗത്വമെടുത്തശേഷവും ഫേസ്ബുക്ക് പേജിലെ ബയോയിൽ ‘ബിജെപി സംസ്ഥാന കമ്മിറ്റി അംഗം’ എന്ന് തുടർന്നതിനെ ബിജെപി പ്രവർത്തകർ വിമർശിച്ചിരുന്നു. തുടർന്നാണ് ഇതുമാറ്റി ‘കോൺഗ്രസ് പ്രവർത്തകൻ’ എന്ന് തിരുത്തിയത്. എന്നാൽ സന്ദീപിന്റെ മുൻകാല പോസ്റ്റുകൾ തപ്പിയെടുത്ത് ട്രോൾ രൂപത്തിൽ പ്രചരിപ്പിക്കുകയാണ് ഇടത്, ബിജെപി പ്രവർത്തകർ.
കെ സുധാകരൻ കെപിസിസി അധ്യക്ഷനായപ്പോൾ സന്ദീപ് കുറിച്ച വരികളാണ് അതിലൊന്ന്. ‘കീരിക്കാടൻ ജോസാണെന്ന് കരുതി കെപിസിസി പ്രസിഡന്റാക്കിയത് കീലേരി അച്ചുവിനെ’ എന്ന അന്നത്തെ കുറിപ്പാണ് സുധാകരനൊപ്പമുള്ള സന്ദീപിന്റെ ചിത്രത്തിനൊപ്പം പ്രചരിക്കുന്നത്. കെപിസിസി യോഗത്തിൽ കണ്ടുമുട്ടിയ സന്ദീപ് വാര്യരുടെയും ജ്യോതികുമാർ ചാമക്കാലയുടെയും മീമുകളും വൈറലാണ്. ഇരുവരും തമ്മിലുണ്ടായ ചാനൽ ചർച്ചയിലെ വാടാ പോടാ വിളിയെ സൂചിപ്പിച്ചുള്ളതാണ് ഈ മീമുകൾ.
ബിജെപി സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞുനിന്ന സന്ദീപ് വാര്യർ ശനിയാഴ്ച രാവിലെയാണ് കോണ്‍ഗ്രസിൽ ചേർന്നത്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ദീപാ ദാസ് മുന്‍ഷി, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉള്‍പ്പടെയുള്ള നേതാക്കൾ ചേർന്ന് സന്ദീപിനെ സ്വാഗതം ചെയ്തു. വൻ സ്വീകരണമാണ് പാലക്കാട്ട് സന്ദീപിന് കോൺഗ്രസ് നേതാക്കളൊരുക്കിയത്.