ഈ വർഷം ഇനി അഭിനയിക്കാൻ ഇല്ല. സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ്; അഭിനയത്തിൽ നിന്നും ഇടവേള എടുക്കാൻ ധ്യാൻ ശ്രീനിവാസൻ.
അഭിനയത്തില്‍ നിന്നും ഇടവേളയെടുക്കുകയാണെന്നും ഇനി സംവിധാനത്തിനായുള്ള ഒരുക്കമാണെന്നും ധ്യാന്‍ ശ്രീനിവാസന്‍. ഈ വര്‍ഷം താന്‍ സിനിമകളൊന്നും ചെയ്യുന്നില്ല. ഇപ്പോള്‍ റിലീസാകുന്ന സിനിമകളെല്ലാം പോയ വര്‍ഷം തീര്‍ത്തതാണെന്നും ധ്യാന്‍ ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
”ഈ വര്‍ഷം റിലീസ് ചെയ്യാനിരിക്കുന്ന സിനിമകളെല്ലാം കഴിഞ്ഞ വര്‍ഷം ചിത്രീകരണം പൂര്‍ത്തിയാക്കിയവയാണ്. ഈ വര്‍ഷം ഇനി സിനിമകള്‍ ചെയ്യാതെ സംവിധാനം ചെയ്യണം എന്ന ഉദ്ദേശം കൊണ്ടാണ് അങ്ങനെ ചെയ്തത്. പുതിയ സിനിമകളുടെ എഴുത്ത് തുടങ്ങിയിട്ട് മൂന്ന്-നാല് മാസമായി. അതില്‍ തിര 2 ഉണ്ട്. പിന്നെ മറ്റ് രണ്ട് കഥകള്‍ കൂടെ എഴുതുന്നുണ്ട്. അതുകൊണ്ട് പഴയ പോലെ സിനിമ അഭിനയം ഇല്ല. ഒരു ബ്രേക്ക് എടുത്തിരിക്കുകയാണ്” ധ്യാന്‍ പറയുന്നു.
തിര 2വില്‍ അഭിനയിക്കാന്‍ സാധ്യതയില്ലെന്നും ധ്യാന്‍ പറയുന്നു. 2013 ല്‍ തിരയുടെ ക്യാന്‍വാസ് അത്യാവശ്യം വലുതായിരുന്നു. നാലഞ്ച് സംസ്ഥാനങ്ങളില്‍ പോയി ഷൂട്ട് ചെയ്തു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ആര്‍ട്ടിസ്റ്റുകളെ കൊണ്ടു വന്നു. മള്‍ട്ടിലാംഗ്വേജിലാണ് ഷൂട്ട് ചെയ്തത്. കാലത്തിന് മുമ്പേയുള്ള സിനിമയായിരുന്നു. അന്ന് പ്രേക്ഷകര്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കാതെ പോയത് അതുകൊണ്ടാകാമെന്നും ധ്യാന്‍ പറയുന്നു.
ഇന്ന് തിര 2വിന് കുറേക്കൂടി പ്രാധാന്യം ഉണ്ടാകുമെന്ന് കരുതുന്നു. തിരയ്ക്ക് കള്‍ട്ട് ഓഡിയന്‍സുണ്ട്. അതിന്റെ മുകളില്‍ നില്‍ക്കണം. വലിയൊരു സ്‌കെയിലിലാണ് ചിന്തിക്കുന്നതും എഴുതി വച്ചിരിക്കുന്നതും. അതിനാല്‍ അതിന്റേതായ സമയമെടുക്കും. മലയാളത്തില്‍ വരുന്ന വലിയ ബജറ്റ് സിനിമകളുടെ അത്രയും മുടക്കു മുതല്‍ വരുന്ന സിനിമയാണ്. ഇതുവരെ തിരക്കഥ പോകുന്നത് കയ്യില്‍ നില്‍ക്കാത്ത തരത്തിലാണെന്നും ധ്യാന്‍ പറയുന്നു.
അന്ന് തട്ടത്തിന്‍ മറയത്തിന് ശേഷം ഏട്ടന്‍ ചെയ്ത സിനിമയാണ്. എഴുതി വച്ച പല കാര്യങ്ങളും ഷൂട്ട് ചെയ്യാതെ പോയിട്ടുണ്ട്. ട്രാഫിക്കിങിലെ ടോര്‍ച്ചര്‍ മെത്തേഡുകളൊന്നും കാണിച്ചിട്ടില്ല. ഏട്ടന് എ സര്‍ട്ടിഫിക്കറ്റ് ആകുമോ എന്ന ആശങ്കയായിരുന്നു. ഇനി വരുമ്പോള്‍ അത്തരത്തിലുള്ള ഒരു കോമ്പര്‍മൈസുമില്ലാതെ തിര 2 ചെയ്യണം. ട്രാഫിക്കിങ് അല്ലാതെ വേറെ പലതും കാണിക്കുന്നുണ്ട്. അതിന്റെ തുടര്‍ച്ച എന്നതിനൊപ്പം തന്നെ വലിയ ക്യാന്‍വാസിലുള്ള സിനിമയായിരിക്കും തിര 2 എന്നും ധ്യാന്‍ പറയുന്നു.