സമസ്തയിൽ യുദ്ധം തുടരുന്നു; നാസർ ഫൈസി കൂടത്തായി രാജി വെച്ചു.
കോഴിക്കോട്: ഏറെനാളായി സമസ്തയിൽ തുടരുന്ന ആഭ്യന്തര കലഹങ്ങൾ കടുത്ത നടപടികളിലേക്ക് നീങ്ങുന്നു. സമസ്തയുടെ കീഴിൽ പള്ളികളിൽ ഉൽബോധന പ്രസംഗം നടത്തുന്ന പണ്ഡിതന്മാരുടെ സംഘടനയായ സമസ്ത കേരള ജംഇയ്യത്തുൽ ഖുതബാഇൻ്റെ സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും പ്രമുഖ നേതാവ് നാസർ ഫൈസി കൂടത്തായി രാജിവച്ചു. രാജിക്കത്ത് സംസ്ഥാന പ്രസിഡണ്ട് കൊയ്യോട് ഉമർ മുസ്ലിയാർക്ക് നൽകിയതായി നാസർ ഫൈസി അറിയിച്ചു.

സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗം നാസർ ഫൈസിക്കെതിരെ സംഘടന അച്ചടക്കനം ആരോപിച്ച് മുന്നോട്ടുവന്നിരുന്നു. ലീഗ് വിരുദ്ധ വിഭാഗത്തിന് മേൽക്കോയ്മ യുള്ള സംഘടനയാണ് സമസ്ത കേരള ജംഇയ്യത്തുൽ ഖുതബാഅ്. സംഘടനയുടെ സെക്രട്ടറി പദത്തിൽ തുടരാൻ നാസർ ഫൈസിക്ക് അർഹതയില്ലെന്ന് ലീഗ് വിരുദ്ധ വിഭാഗം അറിയിച്ചിരുന്നു. ഇതിന് തുടർന്ന് പ്രവർത്തകസമിതിയിലെ വിയോജിപ്പ് അംഗീകരിച്ചുകൊണ്ട് താൻ രാജിവെക്കാൻ തയ്യാറാണെന്ന് നാസർ ഫൈസി രാജിക്കത്തിൽ അറിയിച്ചു.

എന്നാൽ, സമസ്ത മുശാവറ അംഗങ്ങളെയും പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെയും വ്യക്തിപരമായി പോലും അധിക്ഷേപിച്ച് സോഷ്യൽ മീഡിയയിൽ പ്രചരണം നടത്തിയ സംഘടനയുടെ പ്രധാന ഭാരവാഹികളെ കുറിച്ച് വെളിപ്പെടുത്താൻ ഉണ്ടെന്നും അടുത്ത പ്രവർത്തകസമിതി യോഗത്തിൽ അത് ബോധ്യപ്പെടുത്താൻ തനിക്ക് അവസരം നൽകണമെന്നും നാസർ ഫൈസി കൂട്ടിച്ചേർത്തു.
സമസ്തയുടെ നൂറാം വാർഷിക സമ്മേളനം വരാനിരിക്കെ സംഘടനാ നേതൃത്വത്തിൽ തന്നെ പരസ്യമായ പോർവിളികൾ തുടരുന്നത് സംഘടനയെ ദോഷമായി ബാധിക്കും എന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. പാണക്കാട് തങ്ങൾ കുടുംബത്തെ അനുകൂലിക്കുന്ന പക്ഷത്ത് സമസ്തയുടെ ഉന്നത നേതാക്കൾ തന്നെയുണ്ട്. എന്നാൽ സമസ്ത പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അടക്കമുള്ളവർ മറുപക്ഷത്താണ്.