Career

വിമാനത്താവളങ്ങളിൽ ഗ്രൗണ്ട് സ്റ്റാഫ് ജോലി; പത്താം ക്ലാസ് പാസ്സായവർക്കും അവസരം

തിരുവനന്തപുരം ∙ രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ ഗ്രൗണ്ട് സ്റ്റാഫ് ഒഴിവുകളിലേക്ക് നിയമനം. പത്ത്/പന്ത്രണ്ട് ക്ലാസ്സ് ജയിച്ചവർക്ക് അപേക്ഷിക്കാനാകുമെന്നതാണ് പ്രത്യേകത. പത്താം ക്ലാസ് പാസ്സ് മാത്രമുള്ള യുവാക്കളും അവസരം നേടാമെന്ന് റിക്രൂട്ട്മെന്റ് ഏജൻസികൾ അറിയിച്ചു.

ആകെ1446 ഒഴിവുകളുണ്ട്. എയർപോർട്ട് ഗ്രൗണ്ട് സ്റ്റാഫ് തസ്തികയിൽ 1017, ലോഡർ തസ്തികയിൽ 429 എന്നിങ്ങനെയാണ് ഒഴിവുകൾ. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐജിഐ ഏവിയേഷൻ സർവീസസ് പ്രൈവറ്റ് ലിമിറ്റഡാണ് നിയമനത്തിനായി അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. സെപ്റ്റംബർ 21 നകം ഓൺലൈനായി അപേക്ഷകൾ നൽകാം.

ഗ്രൗണ്ട് സ്റ്റാഫ് ഒഴിവുകളിൽ ചെക്ക്-ഇൻ, ബോർഡിംഗ്, ബാഗേജ് ഹാൻഡ്ലിംഗ്, കസ്റ്റമർ സർവീസ്, ഗേറ്റ് മാനേജ്‌മെന്റ് തുടങ്ങി വിവിധ വിഭാഗങ്ങളിലായിരിക്കും നിയമനം. ഹയർ സെക്കണ്ടറി/ തത്തുല്യം പാസ്സായവർക്ക് അപേക്ഷിക്കാം. പത്താം ക്ലാസ്സിനു ശേഷം ഐടിഐ സർട്ടിഫിക്കറ്റ് ഉള്ളവർക്കും അർഹതയുണ്ട്. പ്രായം 18 നും 30 വയസ്സിനുമിടയിൽ ആയിരിക്കണം. എഴുത്ത് പരീക്ഷ തുടർന്ന് ഇൻ്റർവ്യൂ എന്നിവയിലൂടെയാണ് തിരഞ്ഞെടുപ്പ്.

എഴുത്തുപരീക്ഷക്ക് ഒബജക്റ്റീവ് മൾട്ടിപ്പിൾ ചോയ്സ് മാതൃകയിൽ 100 മാർക്കിനുള്ള 100 ചോദ്യങ്ങൾ. സമയം 90 മിനിറ്റ്. പൊതുബോധം, വ്യോമയാന പരിജ്ഞാനം, അഭിരുചിയും യുക്തിയും, ജനറൽ ഇംഗ്ലീഷ് എന്നീ നാലു വിഷയങ്ങളിൽ നിന്നു 25 വീതം ചോദ്യങ്ങൾ ഉണ്ടാകും. പരീക്ഷ സിലബസ്സ് ഹയർ സെക്കണ്ടറി നിലവാരത്തിൽ ആയിരിക്കും. തെറ്റുത്തരത്തിനു മാർക്ക് നെഗറ്റിവ് ആകില്ല. എഴുത്തു പരീക്ഷയിൽ ജയിച്ചവരെ ഇൻ്റർവ്യൂവിന് ക്ഷണിക്കും. ഇവ രണ്ടിലെയും മാർക്കുകളിൽ, എഴുത്തുപരീക്ഷക്ക് 70 ഇൻ്റർവ്യൂവിന് 30 എന്നീ അനുപാതത്തിൽ കണക്കാക്കി അന്തിമ സെലക്ഷൻ ലിസ്റ്റ് തയ്യാറാക്കും.

വിമാനത്താവളങ്ങളിൽ ബാഗ്ഗേജ്/ കാർഗോ ലോഡിംഗ് പ്രവർത്തിയാണ് ചെയ്യേണ്ടത്. പത്താം ക്ലാസ്സ്/തത്തുല്യം പാസ്സായവർക്ക് അപേക്ഷിക്കാം. പ്രായം 20 നും 40 വയസ്സിനുമിടയിൽ. ഈ തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പിനു എഴുത്തുപരീക്ഷ മാത്രം. ഇൻ്റർവ്യൂ ഇല്ല. പരീക്ഷ വിഷയങ്ങൾ, ചോദ്യഘടന,സമയം തുടങ്ങിയവ എയർപോർട്ട് ഗ്രൗണ്ട് സ്റ്റാഫിനുള്ളതിനു തുല്യം. ചോദ്യങ്ങളുടെ നിലവാരം പത്താം ക്ലാസ്സ് സിലബസ്സനുസരിച്ച് മാത്രം.

ശമ്പളം: മാസം ₹20,000 മുതൽ ₹35,000 വരെ. ജോലി ചെയ്യുന്ന വിമാനത്താവളത്തിന്റെയും സ്ഥാനത്തിന്റെയും അടിസ്ഥാനത്തിൽ യാത്ര, താമസം, ഭക്ഷണം തുടങ്ങിയ അധിക ആനുകൂല്യങ്ങളും ലഭ്യമാകും.

കേരളത്തിലെ കണ്ണൂർ, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങൾക്കൊപ്പം രാജ്യത്തെ മറ്റ് പ്രധാന വിമാനത്താവളങ്ങളിലും നിയമനം നടക്കും.

അപേക്ഷകർക്ക് എയർലൈൻ/എവിയേഷൻ സർട്ടിഫിക്കറ്റ്, മുൻപരിചയം എന്നിവ ആവശ്യമില്ല. ജോലിയിലെ മികവിൻ്റെ വെളിച്ചത്തിൽ പ്രമോഷൻ സാധ്യതയുണ്ട്. അർഹതയുള്ളവർക്ക് രണ്ടു തസ്തികകൾക്കും അപേക്ഷിക്കാം. പിന്നീട് തിരുത്തുവാൻ അവസരമില്ല എന്നതിനാൽ അപേക്ഷകൾ ഓൺലൈനിൽ സമർപ്പിക്കേണ്ടതാണ്. കണ്ണൂർ, എറണാകുളം, തിരുവനന്തപുരം, മൈസൂരു തുടങ്ങിയ സ്ഥലങ്ങളിൽ പരീക്ഷ എഴുതാം. അപേക്ഷ ഫീസ് എയർപോർട്ട് ഗ്രൗണ്ട് സ്റ്റാഫ് 350 രൂപ. ലോഡർ 250 രൂപ.വെബ്സൈറ്റ്: www.igiaviationdelhi.com ഇ-മെയിൽ: info@igiaviationdelhi.com ഫോൺ: 011/45679884/7838703994 (ശനി ഉൾപ്പെടെ പ്രവർത്തിദിനങ്ങളിൽ 10 മുതൽ 6 മണി വരെ).

Leave a Reply

Your email address will not be published. Required fields are marked *