അബുദാബിയില്‍ ഡെലിവറി സര്‍വീസിന് ഓട്ടണമസ് വാഹനങ്ങള്‍; ആദ്യത്തെ നമ്പര്‍ പ്ലേറ്റ് നല്‍കി
അബുദാബി: സെല്‍ഫ്‌ഡ്രൈവിംഗ് ഡെലിവറി വാഹനത്തിനുള്ള ആദ്യ ലൈസന്‍സ് പ്ലേറ്റ് നല്‍കി അബുദാബി. ഓട്ടോഡെലിവറി വാഹനങ്ങള്‍ക്ക് നഗര വീഥികളില്‍ സഞ്ചരിക്കാനും മനുഷ്യ ഇടപെടലില്ലാതെ ലോജിസ്റ്റിക് ഓര്‍ഡറുകള്‍ കാര്യക്ഷമമായി എത്തിക്കാനും കഴിയും. സ്വയംഡ്രൈവിംഗ് ഡെലിവറി വാഹനത്തിനുള്ള ആദ്യത്തെ നമ്പര്‍ പ്ലേറ്റാണ് അബുദാബി നല്‍കുന്നത്. 7എക്‌സിന്റെ ലോജിസ്റ്റിക്‌സ് വിഭാഗമായ കെ2, ഇഎംഎക്‌സ് എന്നിവയുമായി സഹകരിച്ച് എമിറേറ്റ് അടുത്തിടെ ഓട്ടോണമസ് ഡെലിവറി വാഹനങ്ങള്‍ക്കായുള്ള ആദ്യ പൈലറ്റ് പ്രോഗ്രാമും ആരംഭിച്ചിരുന്നു.കെ2 സബ്‌സിഡിയറി ഓട്ടോഗോയാണ് ഓട്ടോഡെലിവറി വാഹനങ്ങള്‍ വികസിപ്പിച്ചെടുത്തത്. മനുഷ്യ സഹായമില്ലാതെ നഗര റോഡുകളില്‍ സഞ്ചരിക്കാനും ഓര്‍ഡറുകള്‍ കാര്യക്ഷമമായി എത്തിക്കാനും കഴിയും. 2040 ഓടെ എമിറേറ്റിലെ എല്ലാ യാത്രകളുടെയും 25 ശതമാനം സ്വയം നിയന്ത്രിത വാഹനങ്ങള്‍ ഉപയോഗിച്ച് നടത്തുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്ററിന്റെ ഈ സംരംഭം. നഗരങ്ങളിലെ തിരക്കും കാര്‍ബണ്‍ ഉദ്‌വമനവും കുറയ്ക്കാന്‍ ഇത്തരം സ്വയംഭരണ ഡെലിവറി വാഹനങ്ങള്‍ സഹായിക്കും. മസ്ദാര്‍ സിറ്റിക്ക് പുറത്തേക്ക് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനും, പുതിയ പങ്കാളിത്തത്തോടെ സര്‍വീസ് വ്യാപരിപ്പിക്കാനും ഓട്ടോഗോ പദ്ധതിയിടുന്നു. വരും മാസങ്ങളില്‍ പൂര്‍ണ്ണ തോതിലുള്ള പ്രവര്‍ത്തനങ്ങള്‍ സജ്ജമാക്കും.