LatestNationalPolitics

കോൺഗ്രസ് വക്താവിന് രണ്ട് വോട്ടർ കാർഡ്; തെളിവുകളുമായി ബിജെപി

ന്യൂഡൽഹി: കോൺഗ്രസ് ദേശീയ വക്താവ് പവൻ ഖേരയ്‌ക്കെതിരെ ബിജെപി ഗുരുതര ആരോപണവുമായി രംഗത്ത്. ഖേരയ്ക്ക് രണ്ട് വോട്ടർ തിരിച്ചറിയൽ കാർഡുകളാണുള്ളതെന്ന് ബിജെപി തെളിവുകളോടെ പുറത്തുവിട്ടു. ജംഗ്പുരയിലും (ദില്ലി) ന്യൂഡൽഹിയിലുമാണ് ഖേരയുടെ പേര് വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.

ബിജെപി ഐ.ടി. സെൽ മേധാവി അമിത് മാളവ്യ ട്വിറ്ററിലൂടെ വിവരങ്ങളും രേഖകളും പുറത്തുവിട്ടു. ഒരേ വ്യക്തിക്ക് രണ്ടു നിയോജക മണ്ഡലങ്ങളിൽ വോട്ടർ ഐഡി ഉണ്ടായിരിക്കുന്നതാണ് തെരഞ്ഞെടുപ്പ് നിയമലംഘനമെന്ന് അദ്ദേഹം വ്യക്തമാക്കി. ഖേരയുടെ രണ്ട് തിരിച്ചറിയൽ കാർഡുകളും വിശദാംശങ്ങളും അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.

“വോട്ട് കവർച്ച” ആരോപണങ്ങളെ കുറിച്ച് കോൺഗ്രസ് നേതാക്കൾ പ്രസ്താവനകൾ നടത്തിക്കൊണ്ടിരിക്കെ, അവരുടെ വക്താവിനാണ് തന്നെ ഇരട്ട തിരിച്ചറിയൽ കാർഡുകളുള്ളതെന്ന കണ്ടെത്തലെന്ന് ബിജെപി ആരോപിച്ചു. ഖേരയ്ക്ക് ഗാന്ധി കുടുംബത്തോടുള്ള അടുത്ത ബന്ധമാണ് അദ്ദേഹത്തെ പാർട്ടിയിൽ ഉയർത്തിയതെന്നും, ഇപ്പോൾ പുറത്തുവന്ന കാര്യങ്ങൾ കോൺഗ്രസിന്റെ നിലപാടിനെ തന്നെ ചോദ്യം ചെയ്യുന്നുവെന്നുമാണ് ബിജെപി നിലപാട്.

ഇത് തെരഞ്ഞെടുപ്പ് നിയമത്തിലെ (Representation of People’s Act, 1951) ഗുരുതരമായ ലംഘനമാണെന്നും ഉടൻ നടപടി സ്വീകരിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

അതേസമയം, പവൻ ഖേര ആരോപണങ്ങൾ നിഷേധിച്ചു. തന്റെ പേരിലുള്ള ഇരട്ട പട്ടികകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ തന്നെയാണ് തിരുത്തേണ്ടത് എന്നും, വ്യക്തിപരമായ കുറ്റപ്പെടുത്തലുകൾ വഴി ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരാജയം മറച്ചുവയ്ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *