ഝാർഖണ്ഡിൽ മാവോയിസ്റ്റ് ഏറ്റുമുട്ടൽ; രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു
ഝാർഖണ്ഡിലെ പലാമു ജില്ലയിൽ മാവോയിസ്റ്റുകളുമായി ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. തൃതീയ സമ്മേളനി പ്രസ്തൃതി കമ്മിറ്റി (TSPC) എന്ന മാവോവാദി സംഘടനയുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് സുരക്ഷാസേന നടത്തിയ തിരച്ചിലിനിടെയാണ് പുലർച്ചെ വെടിവെയ്പ്പ് ഉണ്ടായത്.
മാനാട്ടു പൊലീസ് സ്റ്റേഷൻ പരിധിയിലെ കെദാൽ പ്രദേശത്ത് രാത്രി 12.30ഓടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. മണിക്കൂറുകളോളം നീണ്ടുനിന്ന വെടിവെയ്പ്പിൽ രണ്ട് ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെടുകയും, ഒരാൾക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ ഉദ്യോഗസ്ഥനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവത്തെ തുടർന്ന് പ്രദേശത്ത് സുരക്ഷാസേന ശക്തമായ പരിശോധന ആരംഭിച്ചു. വലിയൊരു വിഭാഗം സേന സ്ഥലത്തെത്തി തിരച്ചിൽ തുടരുകയാണ്. TSPC കമാൻഡർ ശശികാന്ത് ഗഞ്ജു ഉൾപ്പെടുന്ന സംഘമാണ് ഇവിടെ സാന്നിധ്യമുണ്ടായിരുന്നതെന്ന് സുരക്ഷാ വിഭാഗം പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
പലാമു മേഖലയിൽ മുമ്പും മാവോയിസ്റ്റ് പ്രവർത്തനങ്ങൾ ശക്തമായി ഉണ്ടായിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് വ്യാപകമായ അന്വേഷണം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
